ഇന്നത്തെ പ്രധാന വാർത്തകൾ (18-08-2020)

അനുമതിയില്ലാതെ നയതന്ത്ര പാർസൽ വിട്ടുനൽകൽ; മറുപടി നൽകേണ്ടത് കസ്റ്റംസ്: കെ ടി ജലീൽ
നയതന്ത്ര പാർസൽ സംബന്ധിച്ച് പ്രോട്ടോക്കോൾ ഓഫീസറുടെ വിശദീകരണത്തിന് മറുപടിയുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീൽ. മറുപടി പറയേണ്ടത് കസ്റ്റംസാണെന്ന് മന്ത്രി ട്വന്റിഫോറിനോട് വ്യക്തമാക്കി. പ്രോട്ടോക്കോൾ ഓഫീസറുടെ അനുമതിയില്ലാതെ പാർസൽ കസ്റ്റംസ് എങ്ങനെ വിട്ടുകൊടുത്തുവെന്ന് വിശദീകരണം നല്‍കണം.
പിഎസ്‌സി പരീക്ഷാ രീതിയിൽ മാറ്റം; പുതിയ ക്രമീകരണങ്ങൾ വിശദീകരിച്ച് പിഎസ്‌സി ചെയർമാൻ
പിഎസ്‌സി പരീക്ഷാ രീതിയിലെ പുതിയ മാറ്റം വിശദീകരിച്ച് പിഎസ്‌സി ചെയർമാൻ എം കെ സക്കീർ. രണ്ട് ഘട്ടമായിട്ടായിരിക്കും പിഎസ്‌സി പരീക്ഷ ഇനി നടക്കുന്നത്. രണ്ടാം ഘട്ടം കഴിഞ്ഞാൽ ഇന്റർവ്യു ഉള്ള തസ്തികകൾക്ക് ഇന്റർവ്യു നടത്തിയ ശേഷം ഫൈനൽ പരീക്ഷാ റാങ്ക് ലിസ്റ്റ് പുറത്തുവിടും. അല്ലാത്തവയ്ക്ക് ഇന്റർവ്യു ഇല്ലാതെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
സഭാസമ്മേളനത്തിൽ സ്പീക്കർക്ക് എതിരെയുള്ള പ്രമേയത്തിന് അനുമതിയില്ല; അവിശ്വാസ പ്രമേയം ചർച്ചയ്ക്ക്
നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണന് എതിരായ പ്രതിപക്ഷ പ്രമേയത്തിന് അനുമതിയില്ല. 14 ദിവസം മുൻപ് നോട്ടീസ് നൽകണമെന്ന ചട്ടം പാലിച്ചില്ലെന്നാണ് വിശദീകരണം. കഴിഞ്ഞ ദിവസം സ്പീക്കർ നടത്തിയ വാർത്താ സമ്മേളനത്തിൽ ഇത് സൂചിപ്പിച്ചിരുന്നു. സർക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയം ചർച്ചക്കെടുക്കും. കോൺഗ്രസ് എംഎൽഎ വിഡി സതീശനാണ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്. പരമാവധി നാല് മണിക്കൂർ ചർച്ചയായിരിക്കും ഉണ്ടാകുക. ഒറ്റദിവസമാണ് നിയമസഭ ചേരുന്നത്.
മന്ത്രി കെ ടി ജലീലിനെതിരെ നിർണായക വെളിപ്പെടുത്തൽ. കഴിഞ്ഞ രണ്ട് വർഷമായി നയതന്ത്ര പാഴ്‌സലുകൾക്ക് അനുമതി നൽകിയിട്ടില്ലെന്ന് സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർ വെളിപ്പെടുത്തി. കസ്റ്റംസിനെ ഇക്കാര്യം അറിയിച്ചത് പ്രോട്ടോക്കോൾ ഓഫീസർ ബി സുനിൽ കുമാറാണ്. പോസ്റ്റ് മുഖേനയും ഇ മെയിൽ മുഖാന്തരവുമാണ് വിശദീകരണം. എൻഐഎയ്ക്കും പ്രോട്ടോക്കോൾ ഓഫീസർ ഉടൻ മറുപടി നൽകും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിന് കൂടുതൽ പ്രതിരോധത്തിലാക്കിയാണ് ഈ മറുപടി പുറത്തായിരിക്കുന്നത്.
ലൈഫ് മിഷൻ പദ്ധതിയിലൂടെ സ്വപ്നയ്ക്ക് ലഭിച്ചത് 3 കോടിയോളം രൂപ
ലൈഫ് മിഷൻ പദ്ധതിയിലൂടെ സ്വപ്നയ്ക്ക് ലഭിച്ചത് മൂന്ന് കോടിയോളം രൂപയുടെ കമ്മീഷൻ. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിലാണ് സ്വപ്‌ന ഇക്കാര്യം വെളിപ്പെടുത്തിയത്. കമ്മീഷൻ തുക സ്വപ്ന ഭാഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
എറണാകുളത്ത് ഒരു കൊവിഡ് രോഗി കൂടി മരിച്ചു
എറണാകുളത്ത് ഒരു കൊവിഡ് രോഗി കൂടി മരിച്ചു. കോതമംഗലം തോണിക്കുന്നേൽ ടി.വി. മത്തായി (67) ആണ് മരിച്ചത്.
ജമ്മുകശ്മീരിലെ നിയന്ത്രണ രേഖയിൽ പാകിസ്താന് ഡ്രോണുകൾ നൽകാനൊരുങ്ങി ചൈന
ജമ്മുകശ്മീരിലെ നിയന്ത്രണ രേഖ സംഘർഷ ഭരിതമാക്കാൻ ചൈനയുടെ നീക്കം. നിയന്ത്രണ രേഖയിൽ വിന്യസിയ്ക്കാൻ ചൈനീസ് നിർമ്മിത ഡ്രോണുകൾ (യുഎവി) ചൈന പാകിസ്താന് നൽകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here