പൃഥ്വിരാജിന്റെ പുതിയ ചിത്രം വെർച്വൽ പ്രൊഡക്ഷനിൽ; എന്താണ് വെർച്വൽ പ്രൊഡക്ഷൻ? [24 Explainer]

virtual production 24 explainer

കഴിഞ്ഞ ദിവസം നടൻ പൃഥ്വിരാജ് വളരെ ശ്രദ്ധേയമായ ഒരു പ്രഖ്യാപനം നടത്തിയിരുന്നു. ഇന്ത്യയിൽ ആദ്യമായി പൂർണമായും വെർച്വൽ പ്രൊഡക്ഷനിൽ നിർമിക്കുന്ന സിനിമ ഒരുങ്ങുകയാണെന്ന പ്രഖ്യാപനം സിനിമാ ആരാധകർ ഏറ്റെടുത്തു. എന്നാൽ, ശരിക്കും എന്താണ് വെർച്വൽ പ്രൊഡക്ഷൻ?

Read Also : ഇന്ത്യയിലെ ആദ്യ പൂർണ വെർച്വൽ സിനിമയുടെ നായകനാകാൻ പൃഥ്വിരാജ്; ചിത്രം ഒരുങ്ങുക അഞ്ച് ഭാഷകളില്‍

ലളിതമായി പറഞ്ഞാൽ, ഷൂട്ടിംഗ് ലൊക്കേഷനുകളിൽ പോവാതെ സ്റ്റുഡിയോയിൽ വെർച്വലായി നിർമ്മിക്കുന്ന സെറ്റുകളിൽ മാത്രം ചിത്രീകരിക്കുന്ന പരിപാടിയാണ് വെർച്വൽ പ്രൊഡക്ഷൻ. വിഎഫ്എക്സിനും മേലെ നിൽക്കുന്ന സംവിധാനമാണിത്. ഗ്രീൻ മാറ്റിൽ ചിത്രീകരിച്ച് പിന്നീട് വിഎഫ്എക്സിലൂടെ ദൃശ്യങ്ങൾക്ക് സിനിമാറ്റിക്ക് രൂപം നൽകുന്നത് സിനിമാ മേഖലയിൽ സർവസാധാരണമായി നടക്കുന്നതാണ്. എന്നാൽ, ഇത്തരം സിനിമകളിലൊക്കെ ചില ഭാഗങ്ങളെങ്കിലും ലൊക്കേഷനുകളിൽ പോയി തന്നെ ചിത്രീകരിക്കേണ്ടി വരും. എന്നാൽ, വെർച്വൽ പ്രൊഡക്ഷനിൽ പൂർണമായും സ്റ്റുഡിയോയിൽ തന്നെയാവും ചിത്രീകരണം. വെർച്വൽ റിയാലിറ്റി, ഓഗ്മൻ്റഡ് റിയാലിറ്റി തുടങ്ങിയ സാങ്കേതിക വിദ്യകൾ സമന്വയിപ്പിച്ച് സിജിഐ, ഗെയിം-എഞ്ചിൻ ടെക്നോളജികൾ തുടങ്ങിയവ കൂടി ഉപയോഗപ്പെടുത്തിയാവും വെർച്വൽ പ്രൊഡക്ഷൻ. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ലയൺ കിംഗ് പൂർണമായും വെർച്വൽ പ്രൊഡക്ഷനാണ്. ലയൺ കിംഗിൻ്റെ വെർച്വൽ പ്രൊഡക്ഷൻ സൂപ്പർ വൈസറും എമ്മി, ഓസ്കർ പുരസ്കാര ജേതാവുമായ ബെൻ ഗ്രോസ്മാൻ ഫോക്സ് മാസികക്ക് നൽകിയ അഭിമുഖത്തിൽ വെർച്വൽ പ്രൊഡക്ഷനെപ്പറ്റി വിശദമായി സംസാരിക്കുന്നുണ്ട്.

“വിഎഫ്എക്സ് ഇപ്പോൾ സാധാരണയായി ഉപയോഗിക്കുന്നതാണ്. സങ്കല്പത്തിൽ നിന്ന് ഡിജിറ്റലായി കൂട്ടിച്ചേർക്കുന്നതും ലൈവായി ക്യാമറ ലെൻസിലൂടെ കാണുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഇത് രണ്ടും വെർച്വൽ പ്രൊഡക്ഷനിലൂടെ കൂട്ടിച്ചേർക്കുകയാണ്. അൺറിയൽ, യൂണിറ്റി പോലുള്ള ഗെയിം എഞ്ചിനുകൾ ഉപയോഗിച്ച് ഉയർന്ന ശേഷിയുള്ള ഗ്രാഫിക്സ് കാർഡുകളുടെയും വെർച്വൽ റിയാലിറ്റി, ഓഗ്മൻ്റഡ് റിയാലിറ്റി തുടങ്ങിയ സാങ്കേതിക വിദ്യകളുടെയും സഹായത്തോടെയാണ് ഇത് സാധ്യമാവുക. വെർച്വൽ റിയാലിറ്റി പൂർണമായി ഉപയോഗിക്കുകയാണ് ഇതിൽ. അതിലൂടെ നിങ്ങൾ ശരിക്കും ഒരു ഫിലിം സെറ്റിൽ നിൽക്കുന്ന പ്രതീതിയാണ് ഉണ്ടാവുക. ഇത് എളുപ്പമുള്ള സംഗതിയല്ല.”- അദ്ദേഹം പറയുന്നു.

Story Highlights What is virtual production 24 explainer

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top