‘മുഖ്യമന്ത്രിയുടെ കൈകൾ ശുദ്ധം, ആരോപണങ്ങൾ സർക്കാരിന്റെ യശസ്സ് ഇടിക്കില്ല’: കോടിയേരി ബാലകൃഷ്ണൻ

സർക്കാരിനെതിരായ പ്രതിപക്ഷ ആരോപണങ്ങൾ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആരോപണങ്ങൾ ഒന്നും എൽഡിഎഫ് സർക്കാരിന്റെ യശസ്സ് ഇടിക്കുന്നതല്ല. യുഡിഎഫിന്റേയും ബിജെപിയുടേയും നേതാക്കളെ പോലെയല്ല ഇന്നത്ത ഭരണകർത്താക്കൾ. മുഖ്യമന്ത്രിയുടെ കൈകൾ ശുദ്ധമാണെന്നും കോടിയേരി പാർട്ടി മുഖപത്രത്തിൽ എഴുതിയ ലേഖനത്തിൽ വ്യക്തമാക്കി.
പി കൃഷ്ണപിള്ള അനുസ്മരണ ദിനവുമായി ബന്ധപ്പെട്ട് എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ വിശദീകരണം. സർക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ പൂർണമായും തള്ളിയാണ് കോടിയേരി രംഗത്തെത്തിയിരിക്കുന്നത്. സ്വർണക്കടത്ത്, ലൈഫ് പദ്ധതി കമ്മീഷൻ തുടങ്ങി ഇപ്പോൾ ഉയർന്നു വന്നിരിക്കുന്ന ആക്ഷേപങ്ങളൊന്നും എൽഡിഎഫ് സർക്കാരിന്റെ യശസ്സിനെ ഇടിക്കുന്നവയല്ല. അതിന് കാരണം ഇന്നത്തെ ഭരണകർത്താക്കൾ യുഡിഎഫ്, ബിജെപി ഭരണകർത്താക്കളെ പോലെയല്ല എന്നതാണ്. ബൊഫോഴ്‌സ് ആയുധ ഇടപാട്, ശവപ്പെട്ടി കുംഭകോണം, ഓഹരി തട്ടിപ്പ്, ആദർശ് ഫ്‌ളാറ്റ് അഴിമതി തുടങ്ങിയ ക്രമക്കേടുകളിലെല്ലാം പ്രധാനമന്ത്രി, മുഖ്യമന്ത്രി മുതലുള്ള ഭരണാധികാരികളും ഉദ്യോഗസ്ഥരും ഉൾപ്പെട്ടിരുന്നു. ഈ അഴിമതികളിൽ പങ്കുള്ള വില്ലാളിവീരന്മാരാണ് എൽഡിഎഫ് സർക്കാരിനെ ക്രൂശിക്കാൻ നോക്കുന്നതെന്നും കോടിയേരി പറഞ്ഞു.
മുഖ്യമന്ത്രിയുടേയും മറ്റ് ഭരണകർത്താക്കളുടേയും കൈകൾ ശുദ്ധമാണ്. അതുകൊണ്ടു തന്നെയാണ് എൽഡിഎഫ് സർക്കാരും മുഖ്യമന്ത്രിയും കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഏതൊരുവിധ അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നതെന്നും കോടിയേരി ബാലകൃഷ്ണൻ കൂട്ടിച്ചേർത്തു.
Story Highlights – Kodiyeri balakrishnan, Pinarayi vijayan, LDF Govt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here