പളനി

സജിത്ത് സി.കെ/ കഥ

ഡോക്ടറാണ് ലേഖകൻ.

റെയിൽവേ സ്റ്റേഷനിൽ നിന്നുമുള്ള ഊടു വഴിയിലൂടെ വേണം ബസ് സ്റ്റാൻഡിൽ എത്താൻ. ഒരു പത്ത് മിനിറ്റ് നടത്തം. അതിരാവിലെ സ്റ്റേഷനിൽ എത്തിയതുകൊണ്ട് നടക്കാൻ തീരുമാനിച്ചു. നേരത്തെ ഓട്ടോയിൽ പോയാലും ബസ് മണി 7 കഴിഞ്ഞേ ഉള്ളു. ദുർഗന്ധം വമിക്കുന്ന ഓട വഴിയിലൂടെയാണ് നടത്തമെങ്കിലും പതിവിൽ വിപരീതമായി മൂക്കടച്ചു പിടിക്കാൻ ഒന്നും അവനു തോന്നിയില്ല. ഇതുവരെ തോന്നാത്ത ഒരു മത്തു പിടിപ്പിക്കുന്ന സുഖം, അതവനെ തെല്ലും അലട്ടിയില്ല. മറിച്ച് മറ്റെന്തോ ഒന്ന് അവന്റെ മനസിൽ കിടന്നു പുകയുന്നുണ്ടായിരുന്നു.

വൈകാതെ സ്റ്റാൻഡിൽ എത്തി. രാവിലെ നല്ല തിരക്കും ബഹളവും. അന്യസംസ്ഥാന തൊഴിലാളികളുടെ ഒരു പട തന്നെയുണ്ട്. ചട്ടിയും തൂമ്പയുമൊക്കെയായി പരസ്പരം കളിയാക്കിയും തമാശ പറഞ്ഞും ആർത്തു ചിരിക്കുന്നവർ. ആ നിമിഷത്തേക്ക് എങ്കിലും ആരുടെ മുഖത്തും വിഷാദത്തിന്റെ ഒരു കനലുപോലുമില്ല. മറ്റേതോ ലോകത്ത് എത്തിയതു പോലെ. അതിനിടയിൽ ഏതോ ലഹരി ഞെരിച്ചു പൊടിയാക്കി ചുറ്റുപാടും ഒന്നു കണ്ണോടിച്ചു ചുണ്ടുകൾക്കിടയിൽ തിരുകാൻ പാടുപെടുന്ന ചിലരും. അവൻ ആ തിരക്കിൽ നിന്നും ഒന്നു പുറകിലേക്ക് മാറി നിന്നു. മുല്ലപൂവിന്റെ ഗന്ധം അവന്റ മൂക്കിലേക്ക് ഇരച്ചുകയറി. തൊട്ടടുത്തുതന്നെ രണ്ടു തളികയിൽ മുട്ടോളം പൂക്കളുമായി അൻപത് കഴിഞ്ഞ ഒരു സ്ത്രീ.’പൂ വേണമാ? ‘അറിയാതെ പൂവിലേക്ക് തറച്ച് നോക്കി നിന്നു പോയവനോട് അവർ ചോദിച്ചു.

‘മാണ്ട’, നാട്ടിൽ എത്തിയപ്പോഴേക്കും അവനൊരു തനി തലശ്ശേരിക്കാരനായി. മുല്ലപ്പൂവിന്റ മണം കുറച്ചു സമയത്തേക്ക് അവന്റ ആകുലതകളെ അലിയിച്ചുകളഞ്ഞു. അപ്പോഴാണ് സ്റ്റാൻഡിന്റെ മൂലയിലെ ഹോട്ടലിനെപ്പറ്റി അവന് ഓർമ്മ വന്നത്. കഴിഞ്ഞ പ്രാവശ്യം മാവേലി എക്‌സ്പ്രസിന് ലേറ്റായി വന്നിറങ്ങിയതുകൊണ്ട് കഴിച്ചശേഷമാണ് വീട്ടിലേക്ക് പോയത്. അന്നു കഴിച്ച മൊരിഞ്ഞ പൊറോട്ടയുടേയും വെളുത്തുള്ളി ഇട്ട് വെച്ച ഐല മുളകിട്ടതിന്റേയും രുചി ഇപ്പോഴും അവന്റ നാവിൽ നിന്ന് പോയിട്ടില്ല. നാക്കിലെ രസമുളകളിൽ ഉമിനീർ കിനിയാൻ തുടങ്ങി. തന്റെ ഭാരമുള്ള മൂന്നോളം ബാഗുകൾ ഒതുക്കി വച്ച് കഴിക്കാനിരുന്നു.

‘ചേട്ട പൊറോട്ടയും ഐല മുളകിട്ടതും’
‘മോനെ ഐലക്കറി കൊറച്ച് കഴിയും’
‘വേറെന്താ ഇള്ളെ’
‘കടലയും മുട്ടറോസ്റ്റും’
‘എന്നാപിന്ന മുട്ടറോസ്റ്റ് എടുത്തോ, പിന്നെ ഒരു ചായയും’

സമയം ഏഴാവാറായി, അവന് പോവാനുള്ള ബസ് ആളുകളെ ഇറക്കികൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് തന്നെ ബസിനരികിലേക്ക് ഓടിയെത്തി ഒരു കൊച്ചു ബാഗ് സീറ്റിലേക്ക് വച്ച് ബസിൽ കേറും മുന്നേ സീറ്റിന് സ്വയം ഉടമസ്ഥത പ്രഖ്യാപിച്ചു. തൊണ്ണൂറു ശതമാനവും ബംഗാളികൾ ആയതുകൊണ്ടാണ് ഈ സാഹസം, അല്ലായിരുന്നെങ്കിൽ ബാഗ് താഴെ കിടന്നേനെ എന്ന് അവനു നന്നായി അറിയാം. അവന് സൈഡ് സീറ്റ് തന്നെ കിട്ടി. ബസിന്റെ വേഗം കൂടുന്നതോടൊപ്പം കാറ്റിന്റെ ശക്തിയും തണുപ്പും കൂടികൊണ്ടിരുന്നു. വയലോരങ്ങളെ കോട പുതപ്പിച്ചിരിക്കുന്നു. തിളക്കമുള്ള വെള്ളി വെളിച്ചം ഇടക്കിടെ അവന്റ കണ്ണുകളെ പാതി ചിമ്മിക്കുന്നുണ്ട്. കാറ്റിൽ അവന്റ നീളൻ മുടികൾ പുറകിലേക്ക് പാറി കൊച്ചു കഷണ്ടിയെ കളിയാക്കി.

അവന്റ ചിന്തകൾ വീണ്ടും തണുത്ത് കട്ട പിടിക്കാൻ തുടങ്ങി. അയാളുടെ മുഖം അവന്റ മനസിൽ നിന്ന് മായുന്നില്ല. ഇടയ്ക്കിടെ നരച്ച താടിയും ചെമ്പിച്ച മുടിയും, ഒരു തുണി സഞ്ചി കെട്ടുമായി മുന്നിൽ വന്ന നാൽപ്പത് കഴിഞ്ഞ മനുഷ്യൻ. മനുഷ്യൻ എന്ന് പറഞ്ഞാൽ പോരാ, ഒരു പച്ചയായ ബ്രാഹ്മണൻ. മനസിൽ മനക്കുത്ത് ഇരുട്ട് കയറാൻ തുടങ്ങി. ഒരു വശത്ത് ന്യായീകരണങ്ങൾ വെള്ള കീറാൻ തുടങ്ങിയപ്പോഴേക്കും ഇരുണ്ട മേഘങ്ങൾ അതിനെയും മറച്ചു. തെറ്റിനെ ന്യായീകരിക്കാൻ അവനു മനസ് വന്നില്ല. അവനിൽ നിന്നും അയാൾ തിരിഞ്ഞ് നടന്നപ്പോൾ അയാളുടെ മുഖത്ത് കണ്ട നിസംഗ ഭാവമാണ് അവനെ ഏറെ പിടിച്ചു കുലുക്കി കളഞ്ഞത്. നല്ലവനെന്ന് ഏറെ സ്വയം ഊറ്റം കൊണ്ടിരുന്നവൻ അയാളുടെ ഒരു വാക്കിനുമുന്നിൽ ഒന്നുമല്ലാതായിപ്പോയി. മനസിൽ വെളിച്ചം വീശിയപ്പോഴേക്കും തെറ്റ് തിരുത്താൻ പോലും അവന് അവസരം നൽകാതെ അയാൾ എവിടേക്കോ മാഞ്ഞുപോയ് കഴിഞ്ഞിരുന്നു.

ബസ് ഏറെ ദൂരം പിന്നിട്ടിരിക്കുന്നു. വീട് എത്താറാവുന്നു. അവൻ ചെവിയിൽ നിന്നും ഇയർഫോൺ ഊരി പോക്കറ്റിൽ ഇട്ടു. നെഞ്ചിൽ എന്തോ ഭാരം എടുത്തുവച്ച പോലെ. ബസ് അടുത്ത സ്റ്റോപ്പ് എത്തുംമുന്നേ പെട്ടെന്ന് നിർത്തി. എല്ലാവരും ഏന്തി വലിഞ്ഞ് പുറത്തേക്ക് നോക്കുന്നുണ്ട്. ഒരു വലിയ ആൾക്കൂട്ടം റോഡിനരികിൽ തടിച്ചു കൂടി നിൽപ്പുണ്ട്. അവനും ഇറങ്ങി ആൾക്കൂട്ടത്തിനരിലേക്ക് നടന്നു. ബോധമില്ലാതെ ചോര വാർന്നു കാഴ്ചയിൽ നാൽപ്പത് കഴിഞ്ഞു തോന്നിക്കുന്ന ഒരാൾ, കുറച്ചു മാറി ഭാഗീകമായി തകർന്ന അദ്ദേഹത്തിന്റെ സ്‌കൂട്ടറും.

‘ഒരു വെളുത്ത കാറാ ഇടിച്ച് നിർത്താതെ പോയെ’ ‘അതെ ഒടുക്കത്തെ സ്പീഡാർന്നു’ അഭിപ്രായങ്ങൾക്കും സഹതാപങ്ങൾക്കും ഒട്ടും പഞ്ഞമില്ല ‘ഇവനൊക്കെ രാവിലെ വെള്ളമായിരിക്കും’കുറ്റപ്പെടുത്തലിന്റ കുറവേ ഉണ്ടായിരുന്നുള്ളു. ഇത്തിരി ശ്വാസമെങ്കിലും ഉണ്ടോയെന്ന് അടുത്തുചെന്ന് നോക്കാത്തവൻമാരാ ഈ അഭിപ്രായപ്രകടനം നടത്തുന്നത് എന്ന് ഓർത്തപ്പോൾ അവനു സഹിച്ചില്ല.

‘ഇയാളെ എന്താ ആശുപത്രിയിൽ കൊണ്ട് പോകാത്തെ ‘അവനുറക്കെ ചോദിച്ചു. അഭിപ്രായങ്ങളും സഹതാപങ്ങളും ഒരു നിമിഷത്തേക്ക് മൂകമായി. നിശബ്ദതയിൽ നിന്ന് ആരോ ശബ്ദിച്ചു.

‘പൊലീസ് വരട്ടെ’

അവന് കൂടുതൽ ഒന്നും ചിന്തിക്കാൻ ഉണ്ടായിരുന്നില്ല. കുറ്റബോധം ഇനി പേറാൻ ഇനി വയ്യ.’ഞാൻ ചത്ത് പോകും’അവനങ്ങനെ തോന്നി. ഓടിച്ചെന്ന് അയാളുടെ കൈയിൽ പിടിച്ചു. ധമനികളിൽ ജീവന്റെ തുടിപ്പ് നിലച്ചിട്ടില്ല.’ജീവനുണ്ട് ആരങ്കിലും ഒന്നു വരുമോ’ നിസാഹായനായി സഹായത്തിനായി അവനോരോ കണ്ണുകളിലേക്കും നോക്കി. എല്ലാവരും തലകുനിച്ചും പല ദിക്കിലും നോക്കി വെറും കാഴ്ചക്കാരായി. നന്മ നശിച്ചിട്ടില്ലാത്ത ഏതൊ ഓട്ടോ ഡ്രൈവർ വണ്ടിയുമായി അവന്റ അടുത്തെത്തി. ആരെക്കെയൊ അയാളെ വണ്ടിയിൽ കയറ്റാൻ സഹായിച്ചു, അവൻ അയാളുടെ കൈയിൽ നിന്ന് പിടി വിട്ടില്ല..’കൈ വിട്ടാൽ ഇടിപ്പ് നിലച്ചു പോകുമോ എന്നുവരെ അവനു തോന്നിപ്പോയി. അയാളുടെ ജീവശ്വാസം അവനായിരുന്നു. ധമനികളിലെ സ്പന്ദനം അവനിലേക്ക് പ്രവഹിച്ചു കൊണ്ടിരുന്നു.

അവൻ അയാളുടെ നെഞ്ചിൽ കൈ വച്ചു. അവരുടെ ഹൃദയം ഒരുപോലെ ഇടിക്കാൻ തുടങ്ങി. ഹൃദയത്തിനു കുറുകെ അവനെന്തൊ തടഞ്ഞു. ഒരു പൂണൂൽ.

അവനാ കൈയിൽ പിടിച്ചു കണ്ണടച്ചു. രാവിലെ മലബാർ എക്‌സ്പ്രസിന് മണി നാല് കഴിഞ്ഞപ്പോഴേക്കും എത്തി. ഒന്നു ഫ്രഷാവാനായി ക്ലാസ് വൺ കംഫർട്ട് റൂമിൽ പോയി പുറത്തേക്ക് ഇറങ്ങി. നേരം വെളുക്കാൻ തുടങ്ങിയേ ഉള്ളുവെങ്കിലും ആവശ്യത്തിന് തിരക്കുണ്ട്.

‘സാർ’പുറകിൽ നിന്നും പതിഞ്ഞ ശബ്ദത്തിൽ ആരൊ വിളിച്ചു. അവൻ തിരിഞ്ഞു നോക്കിയപ്പോൾ ഒരു മധ്യ വയസ്‌കൻ, ദയനീയ ഭാവത്തോടെ അവന്റ കണ്ണുകളിലേക്ക് നോക്കി. ഇട്ടിരിക്കുന്ന മുണ്ടും ഷർട്ടും നന്നേ മുഷിഞ്ഞിട്ടുണ്ട്, വിളറിയ ചുണ്ടുകളും ക്ഷീനിച്ച മുഖവും.

‘തമിഴ് തെരിയുമ?’
അവൻ കേട്ട ഉടനെ പറഞ്ഞു
‘തെരിയാത് ‘
ഒഴിവാക്കാൻ പറഞ്ഞതാണെന്ന് അവന്റ തമിഴ് കേട്ടപ്പോഴേ അയാൾക്ക് മനസിലായി.
‘എന്ന സർ ഒറു സഹായം ചോദിക്കും മുന്നെ ഇന്തമാതിരി’
അവൻ ആകെ ചെറുതായി പോയി.
‘തമിഴ് പറയാൻ അറിയില്ല, കേട്ടാൽ മനസിലാവും. എന്താ കാര്യം?’അവൻ അവനെ തിരുത്തി. അയാൾ തുടർന്നു.
‘പേര് പളനി, കന്യാകുമാരി താൻ ഊര്, ഓഖി ചുഴലിക്കാറ്റ് വന്താച്ചില്ലയാ…വീടൊക്കെ പോച്ച്’
‘നിങ്ങള് എന്തിനാ ഇവിടെ വന്നെ’
‘ഞാൻ വന്ത് ഷഫ്. ഹോട്ടലിൽ ജോബ് നോക്കി വന്തയാ, വൺ വീക്കാച്ച് ഇവിടെ വന്തിട്ട്, എവിടെയും ജോബ് കെടക്കിലെ, എല്ലാം ഹിന്ദിക്കാർ താൻ…’
‘ശരിയാ എല്ലാടെയും ഇപ്പൊ ഹിന്ദിക്കാരാ’
‘കൈയിൽ കാശ് തീർന്നു. നാട്ടിൽ പോണം. രണ്ട് കൊളന്ത ഇരിക്ക്. ഞാനൊരു ബ്രാഹ്മൺ’

അയാൾ തന്റെ പൂണൂൽ എടുത്ത് കാണിച്ചു. അവൻ തന്റെ പോക്കറ്റിൽ നിന്നും നൂറ് രൂപ നോട്ട് അയാളുടെ കൈയിൽ വച്ച് കൊടുത്തു. അയാളുടെ മുഖം ആകെ മാറി. എന്തോ അപ്രതീക്ഷിതമായി സംഭവിച്ചമട്ടിൽ, അയാൾ നൂറ് രൂപ നോട്ട് തിരികെ അവന്റ കൈയിൽ കൊടുത്തു.

‘എന്ന സാർ ഇത്. മനസ് താൻ പെര്‌സ്, പൈസ എന്ന’ അയാളുടെ മുഖത്ത് ദ്യേഷൃവം പുച്ഛവും നിറഞ്ഞു. അയാൾ ഒന്നു തിരിഞ്ഞു കൂടി നോക്കാതെ നടന്നുപോയി. നൂറ് രൂപ നോട്ട് കണ്ട് അയാൾ സന്തോഷിക്കുമെന്നു കരുതിയ അവനു തെറ്റി. ഒന്നും പറയാനില്ലാതെ ഒരു നിമിഷത്തേക്ക് അവന്റെ ചിന്തയെല്ലാം മരവിച്ചുപോയി. അയാളോട് ഒന്നു നിൽക്കാൻ പറയാൻ പോലും അവനു തോന്നിയില്ല, അവനിൽ നിന്നും നടന്നകലുന്നത് നോക്കി നിക്കാനല്ലാതെ.

‘ എന്തായിരിക്കും അയാൾ പറയാൻ വന്നത്. ഒരു ജോലിക്ക് വേണ്ടി സഹായിക്കാനോ? ഇത്ര അധികം പേർ ഇവിടെ ഉണ്ടായിട്ടും തന്നോട് മാത്രമാണല്ലോ സഹായം ചോദിച്ചത്? എന്നിൽ ഒരു വിശ്വാസം തോന്നിയതു കൊണ്ടല്ലേ അയാൾ. പറ്റിക്കാൻ ആയിരുന്നേൽ ആ നൂറു രൂപ വാങ്ങി പോകാമായിരുന്നല്ലോ? ഒരു നൂറ് ചോദ്യങ്ങൾ അവനെ വലിഞ്ഞു മുറുക്കി. താൻ ഒന്നുമല്ല എന്നു തോന്നിയ നിമിഷം.

അവന്റെ ബാഗുകളൊക്കെ അവിടെ വച്ച് ആയാൾ പോയ വഴിയേ അവൻ ഫ്‌ളാറ്റ്‌ഫോമിലൂടെ കുറേ ദൂരം തിരഞ്ഞു നടന്നു. വഴിയെ കണ്ട ഓരോ ആൾരൂപത്തെയും അവൻ ചൂഴ്ന്നു നോക്കി, ഫ്‌ളാറ്റ്‌ഫോം അവസാനിക്കുന്നിടത്ത് കണ്ട ആളിലേക്ക് അവൻ ഓടിയടുത്തു. അഅയാളിലും അദ്ദേഹത്തിന്റെ ഛായയൊന്നും അവന് കണ്ടെത്താൻ ആയില്ല.

മനസിലെ കുറ്റബോധം ഇരട്ടിച്ചു.’ദൈവമേ സകല പ്രതീക്ഷയും നശിച്ച പോലെയാണ് അയാൾ തന്നിൽ നിന്നും അകന്നുപോയത്. എന്തെങ്കിലും ഒരു വഴി അയാൾക്ക് തുറന്നു കൊടുക്കണേ, അരുതാത്തത് ഒന്നും അയാളുടെ മനസിൽ തോന്നിക്കല്ലേ’ അവൻ മനസുരുകി പ്രാർത്ഥിച്ചു.

ചീറിപ്പാഞ്ഞ ഓട്ടോറിക്ഷ ആശുപത്രി പടിക്കൽ പെട്ടെന്ന് എത്തി. അയാളെ ട്രോളിയിലേക്ക് കയറ്റി, അപ്പോഴും അവൻ ആ കൈയിൽ പിടിച്ചിരിക്കുകയായിരുന്നു. ധമനികളിലെ തുടിപ്പ് അവനറിയാം. നഴ്‌സ് അവന്റ കൈ മാറ്റി, ട്രോളി നീങ്ങി തുടങ്ങി. പാതി ബോധത്തിൽ അയാൾ കണ്ണു തുറന്നു, അവന്റ കണ്ണുകൾ അയാളുടെ മുഖത്ത് തന്നെയായിരുന്നു. ആ കണ്ണുകളിൽ അവൻ കണ്ട തിളക്കം അവനോട് പറയാതെ പറഞ്ഞ ഒരായിരം നന്ദിയുടെയും സന്തോഷത്തിന്റെതുമായിരുന്നു.

മനസിലെ കുറ്റബോധമെല്ലാം അലിഞ്ഞില്ലാതായി. ഒരു നിമിഷം മുന്നിൽ വന്ന് എവിടേയ്‌ക്കോ മറഞ്ഞ അയാൾ ആരായിരുന്നു. അയാളെ കണ്ടില്ലായിരുന്നില്ലെങ്കിൽ ഞാനും ആൾക്കൂട്ടത്തിൽ ഒരു കാഴ്ചക്കാരനായേനെ. തന്റെ തെറ്റിനെ അറിയാൻ സഹായിച്ച ദൈവം തന്നെയായിരുന്നോ അത്?

തെറ്റുകൾ സ്വാഭാവികം. അത് തിരുത്താൻ ദൈവം തരുന്ന അവസരം കളയരുത്. പിന്നെ അത് തിരുത്താൻ കഴിഞ്ഞെന്നുവരില്ല. ഇന്നും അവൻ നാട്ടിലേക്ക് വരുമ്പോൾ റെയിൽവേ സ്റ്റേഷനിൽ വച്ച് തിരയാറുണ്ട് അയാളെ, എന്തായിരുന്നു അയാൾക്ക് വേണ്ടിയിരുന്നത് എന്ന് ഒന്നറിയാൻ’.

DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.

Story Highlights Readers Blog, Story, Palani

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top