സുശാന്ത് സിംഗ് രജപുത്തിന്റെ മരണം; പട്‌നയിൽ നിന്ന് മുംബൈയിലേക്ക് മാറ്റണമെന്ന ഹർജിയിൽ സുപ്രിംകോടതി വിധി ഇന്ന്

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പട്‌നയിൽ നിന്ന് മുംബൈയിലേക്ക് മാറ്റണമെന്ന നടി റിയ ചക്രവർത്തിയുടെ ഹർജിയിൽ സുപ്രിംകോടതി വിധി ഇന്ന്. ജസ്റ്റിസ് ഹൃഷികേശ് റോയ് ആണ് വിധി പറയുന്നത്. സിബിഐ അന്വേഷണത്തിൽ കോടതി നിലപാട് നിർണായകമാകും.
സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം സംഭവിച്ചത് മുംബൈയിലായതിനാൽ ബിഹാർ പൊലീസിന് അന്വേഷണം സാധിക്കില്ലെന്നാണ് നടന്റെ പെൺസുഹൃത്തും നടിയുമായ റിയ ചക്രവർത്തിയുടെ വാദം. സുപ്രിംകോടതി നേരിട്ട് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടാൽ എതിർപ്പില്ലെന്നാണ് നടിയുടെ നിലപാട്. പട്‌ന പൊലീസിന്റെ എഫ്‌ഐആറിൽ സിബിഐ അന്വേഷണം അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു. സിബിഐ അന്വേഷണത്തെ മഹാരാഷ്ട്ര സർക്കാർ എതിർത്തിരുന്നു. ബിഹാർ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് ശ്രമമെന്ന് മഹാരാഷ്ട്ര സർക്കാർ ആരോപിച്ചപ്പോൾ, മുംബൈ പൊലീസ് എഫ്‌ഐആർ റജിസ്റ്റർ ചെയ്യാത്തത് രാഷ്ട്രീയ സമ്മർദ്ദം കാരണമെന്ന് ബിഹാർ സർക്കാർ തിരിച്ചടിച്ചിരുന്നു. സിബിഐയും കോടതിയെ നിലപാട് അറിയിച്ചു.
എഫ്‌ഐആർ പോലുമില്ലാതെയാണ് മുംബൈ പൊലീസിന്റെ അന്വേഷണമെന്നും, ഇൻക്വസ്റ്റ് റിപ്പോർട്ട് പോലും കോടതിയിൽ സമർപ്പിച്ചില്ലെന്നും ആരോപിച്ചു. സിബിഐയെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെയും അന്വേഷണവുമായി മുന്നോട്ടുപോകാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. പട്‌നയിൽ റജിസ്റ്റർ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിൽ സിബിഐയ്ക്ക് അന്വേഷണം കൈമാറി കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കിയിരുന്നു. ഇക്കാര്യത്തിൽ സുപ്രിംകോടതി നിലപാട് നിർണായകമാകും.
Story Highlights -Sushant singh dies, petion seeking transfer from patna to mumbai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here