തിരുവനന്തപുരം വിമാനത്താവളം വില്‍പന കേരളത്തോടുള്ള വെല്ലുവിളി: മുല്ലപ്പള്ളി രാമചന്ദ്രന്‍

mullappalli ramachandran

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിനു വില്‍ക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം അടിയന്തരമായി പിന്‍വലിക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇതു കേരളത്തോടുള്ള വെല്ലുവിളിയാണ്. ലാഭകരമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഈ വിമാനത്താവളം അദാനിക്കു തീറെഴുതിക്കൊടുക്കുന്ന കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഒരിക്കലും അനുവദിക്കാന്‍ പാടില്ലെന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

ജയ്പൂര്‍, ഗുവാഹത്തി എന്നിവയാണ് തിരുവനന്തപുരത്തോടൊപ്പം അദാനിക്കു കൈമാറുന്നത്. അഹമ്മദാബാദ്, ലക്നൗ, മംഗലാപുരം വിമാനത്താവളങ്ങള്‍ നേരത്തെ നല്‍കിക്കഴിഞ്ഞു. ഇന്ത്യന്‍ വ്യോമയാന മേഖല മൊത്തത്തില്‍ അദാനിക്ക് അടിയറവ് വയ്ക്കുകയാണ്. രണ്ടില്‍ കൂടുതല്‍ വിമാനത്താവളങ്ങള്‍ ഒരാള്‍ക്ക് നല്‍കരുതെന്ന കേന്ദ്ര ധനകാര്യ വകുപ്പിന്റെയും നീതി ആയോഗിന്റെയും വ്യക്തമായ മാര്‍ഗനിര്‍ദേശം മറികടന്നുകൊണ്ടാണ് അദാനിക്കു നല്‍കിയത്. അദാനിക്ക് വ്യോമയാന രംഗത്ത് ഒരു മുന്‍പരിചയവുമില്ല. ഇതിനു പിന്നാലെ കോഴിക്കോട് ഉള്‍പ്പെടെയുള്ള ചില വിമാനത്താവളങ്ങള്‍ കൂടി വില്‍ക്കാന്‍ നീക്കമുണ്ട്.

സ്വകാര്യവത്കരണ നടപടി നേരത്തെ ആരംഭിച്ചിട്ടും ഇതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ ആദ്യം ചെറുവിരല്‍ അനക്കിയില്ല. പിന്നീട് ലേലത്തില്‍ പങ്കെടുത്ത് എന്നു വരുത്തി പരാജയപ്പെടുകയും ചെയ്തു. ജനരോഷം ഇരമ്പിയപ്പോഴാണ് സര്‍ക്കാര്‍ തിരുത്താന്‍ തയാറായത്. തിരുവനന്തപുരം വിമാനത്താവളം വില്‍ക്കുന്നതിനെതിരേ നിയമനടപടികള്‍ സ്വീകരിക്കുന്നതിലും പ്രധാനമന്ത്രിയെ കണ്ട് സമ്മര്‍ദം ചെലുത്തുന്നതിലും സംസ്ഥാന സര്‍ക്കാന്‍ പൂര്‍ണമായി പരാജയപ്പെട്ടുവെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

Story Highlights Thiruvananthapuram Airport, Mullappally Ramachandran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top