എന്റെ ആദ്യകാറായ മാരുതി 800 കണ്ടെത്താന്‍ സഹായിക്കാമോ? ചോദ്യവുമായി സച്ചിന്‍

Sachin Tendulkar

ബിഎംഡബ്ല്യു, ഫെരാരി, നിസാന്‍ ജിടിആര്‍ ഇങ്ങനെ പോകുന്നു ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ പാര്‍ക്കിംഗ് ഗാരേജിലുള്ള സൂപ്പര്‍കാറുകള്‍. സച്ചിന് കാറുകളോടുള്ള താത്പര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ തന്റെ പ്രിയപ്പെട്ട മാരുതി 800 കാര്‍ കണ്ടെത്തി തരുമോ എന്ന് ചോദിച്ചിരിക്കുകയാണ് സച്ചിന്‍.

എന്റെ ആദ്യത്തെ കാര്‍ ഒരു മാരുതി 800 ആയിരുന്നു. പക്ഷേ ഇന്ന് അത് എന്റെ കൈയിലില്ല. ആ കാര്‍ ഇപ്പോള്‍ തിരിച്ചുകിട്ടിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. ആ കാറിനെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയാല്‍ എന്നെ അറിയിക്കണമെന്ന് സച്ചിന്‍ പറയുന്നു.

പ്രൊഫഷണല്‍ ക്രിക്കറ്റിലേക്ക് എത്തിയശേഷം സച്ചിന്‍ ആദ്യമായി വാങ്ങിയ കാറാണ് മാരുതി 800. ഇന്‍ ദ സ്‌പോര്‍ട്ട്‌ലൈറ്റ് എന്ന ഷോയിലാണ് സച്ചിന്‍ തന്റെ ആദ്യ കാറിനെക്കുറിച്ചുള്ള പ്രിയപ്പെട്ട അനുഭവങ്ങള്‍ പങ്കുവച്ചത്. സച്ചിന്റെ കാര്‍പ്രേമം എന്നും വാര്‍ത്തയായിട്ടുണ്ട്. കുട്ടിക്കാലത്ത് ബാന്ദ്രയിലെ തന്റെ വീടിന്റെ ബാല്‍ക്കണിയില്‍ നിന്ന് സഹോദരനോടൊപ്പം മണിക്കൂറുകളോളം തെരുവിലെ കാറുകളെ നോക്കിനിന്നിരുന്നതും അദ്ദേഹം ഓര്‍ത്തെടുത്തു.

വീടിന് സമീപം ഒരു വലിയ ഓപ്പണ്‍ ഡ്രൈവ് ഇന്‍ മൂവി ഹാള്‍ ഉണ്ടായിരുന്നു. അവിടെ ആളുകള്‍ കാറുകള്‍ പാര്‍ക്ക് ചെയ്യുകയും അതില്‍ ഇരുന്ന് സിനിമ കാണുകയും ചെയ്തിരുന്നു. ചേട്ടനോടൊപ്പം ബാല്‍ക്കണിയില്‍ ഇരുന്ന് മണിക്കൂറുകളോളം ആ കാറുകള്‍ കാണാറുണ്ടായിരുന്നുവെന്നും സച്ചിന്‍ അഭിമുഖത്തില്‍ പറയുന്നു.

Story Highlights ​Would love to have my Maruti 800 back with me Sachin Tendulkar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top