കുട്ടനാടിന്റെ കണ്ണീരായി മാറുകയാണ് കൈനകരിയിലെ സിജിമോന്റെ ജീവിതം…

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ സമുദ്ര നിരപ്പിൽ നിന്ന് താരതമ്യേന താഴ്ന്ന പ്രദേശങ്ങളിലൊന്നാണ് കൈനകരി. മൂന്ന് കായൽ നിലങ്ങൾ, 24 പാടശേഖരങ്ങൾ, 600 വീടുകൾ അടങ്ങിയതാണ് ഈ ചെറിയ പ്രദേശം. ആർത്തു പെയ്യുന്ന മഴ കുട്ടനാടിനെ ഒരിക്കലും വെറുതെ വിടാറില്ല… ജീവിതങ്ങളുടെ മേൽ പെയ്തിറങ്ങിയ ദുരിതപെയ്ത് കൈനകരിയിലെ സിജിമോന്റെ ജീവിതം താറുമാറാക്കി. ട്വന്റിഫോർ കാഴ്ചക്കപ്പുറമെന്ന പരമ്പരയിലാണ് സിജിമോന്റെ ദുരിത ജീവിതം സംപ്രേഷണം ചെയ്തത്.

കൈയ്യിലുള്ള പണവും,,, ഉണ്ടായിരുന്ന ഉരുപ്പടികളും വിറ്റു പെറുക്കി കയറിക്കിടക്കാൻ ഒരു വീട് ഉണ്ടാക്കി. നിർമാണം പൂർത്തിയാക്കി ഒരു ഭിത്തിപുറം മാത്രം തേപ്പിന് ബാക്കി നിൽക്കുമ്പോഴാണ് ദുരിത പെയ്ത് സ്വപ്‌നങ്ങളെ ആകെ കവർന്നെടുത്തത്. പ്രളയം വീടിനെ നിലംപരിശാക്കി… വീട് ഒന്നാകെ വെള്ളത്തിൽ നിലംപൊത്തി.

പ്രളയം സിജിമോനെയും കുടുംബത്തെയും വേട്ടയാടുന്നത് 2018 ലുണ്ടായ ആദ്യ പ്രളയത്തിലാണ്. 2019 ൽ വീണ്ടും വീട് പണി ആരംഭിച്ചു. അതും കിടപ്പാടം എന്ന സ്വപ്‌നത്തിൽ എത്തുംമുൻപേ പ്രളയം കവർന്നെടുത്തു. 2020 ലും നിർമാണം പൂർത്തിയാകാൻ ദിവസങ്ങൾ ബാക്കി നിൽക്കെ വീട് തകർന്നടിഞ്ഞു.

കിടപ്പാടം എന്ന സ്വപ്‌നം പൂർത്തിയാകും മുൻപ് 15 ലക്ഷം രൂപയുടെ കടമാണ് ശിക്കാര വള്ളത്തിലെ ജോലിക്കാരനായ സിജിമോന്റെ ജീവിതത്തിൽ ഇനി ബാക്കി നിൽക്കുന്നത്. വില്ലേജ് ഓഫീസിലും കളക്ട്രേറ്റിലും പരാതി നൽകി. ഇനി ഒരു വീട് വയ്ക്കാൻ കഴിയുമോ എന്നറിയാതെ ജീവിതത്തിന് മുന്നിൽ പകച്ചു നിൽക്കുകയാണ് സിജിമോൻ…

Story Highlights – The life of Sigimon in Kainakari is turning into the tears of Kuttanad

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top