നല്ലൊരു വാഗ്ദാനവുമായി ബിജെപി വരുന്നതും കാത്തിരിക്കുന്ന നേതാക്കളാണ് കോണ്‍ഗ്രസിനുള്ളത്: മുഖ്യമന്ത്രി

നല്ലൊരു വാഗ്ദാനവുമായി ബിജെപി നേതാക്കള്‍ വരുന്നത് എപ്പോഴെന്ന് നോക്കിനില്‍ക്കുന്ന നേതാക്കളാണ് കോണ്‍ഗ്രസിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടിമുടി ബിജെപിയാകാന്‍ കാത്തിരിക്കുന്ന ഒരുകൂട്ടം ആളുകളാണ് ഉള്ളത്. ഇത്ര ദയനീയമായ പതനത്തില്‍ എത്തിയ പാര്‍ട്ടിയെ കേരളത്തിലെ ജനങ്ങള്‍ എങ്ങനെ വിശ്വസിക്കും. ഈയൊരു അവസ്ഥ സ്വാഭാവികമായും യുഡിഎഫിനെ അവിശ്വാസത്തില്‍ എത്തിക്കുന്നതിന് പ്രേരിപ്പിക്കുന്നുണ്ട്. അതുകൊണ്ടാണ് സ്വന്തം കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചുപോകുന്നത് തിരിച്ചറിയാന്‍ കോണ്‍ഗ്രസിന് കഴിയാത്തത്. ഇപ്പോഴെങ്കിലും ഇക്കാര്യം തിരിച്ചറിഞ്ഞ് അവിശ്വാസ പ്രമേയത്തിലെ അനൗചിത്യം തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനത്ത് നിന്ന് ഒഴിയാന്‍ സോണിയാ ഗാന്ധി സന്നദ്ധത പ്രകടിപ്പിച്ചു. രാഹുല്‍ ഗാന്ധി നേരത്തെ തന്നെ ഒഴിവായി. ഇത്രയും പാരമ്പര്യമുള്ള ഒരു പാര്‍ട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ എന്തുകൊണ്ടാണ് മുതിര്‍ന്ന നേതാക്കള്‍ മടിക്കുന്നത്. നെഹ്‌റു കുടുംബത്തില്‍ നിന്ന് ആളെ കിട്ടിയില്ലെങ്കില്‍ ആരെയെങ്കിലും കിട്ടിയാല്‍ മതിയെന്നാണ് ചിലര്‍ പറയുന്നത്. കേരളത്തിലെ നേതാക്കള്‍ ഇക്കാര്യത്തില്‍ രണ്ട് പക്ഷത്തുമുണ്ട്.
ഇക്കാര്യത്തിലെങ്കിലും കോണ്‍ഗ്രസുകാര്‍ക്ക് യോജിപ്പുണ്ടോ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ മത്സരിപ്പിച്ചു. കേരളത്തിലെ നേതാക്കള്‍ കാണിച്ച മണ്ടത്തരമായിരുന്നു അതെന്നാണ് മുതിര്‍ന്ന നേതാക്കള്‍ ഇപ്പോള്‍ പറയുന്നത്. രാഹുലിന്റെ കേരളത്തിലെ മത്സരം ദേശീയ തലത്തില്‍ വലിയ നഷ്ടമുണ്ടാക്കുമെന്ന് ഇടതുപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോള്‍ അതിന്റെ പേരിലും തമ്മില്‍ തല്ല് നടക്കുകയാണ്.
രാജ്യം നേരിടുന്ന ഏതെങ്കിലുമൊരു വിഷയത്തില്‍ ഒന്നിച്ചൊരു നിലപാടെടുക്കാന്‍ കോണ്‍ഗ്രസിന് കഴിയുന്നുണ്ടോ. ബിജെപി ഒട്ടേറെ വര്‍ഗീയ നീക്കങ്ങള്‍ നടത്തുന്നുണ്ട്. അയോധ്യ ക്ഷേത്ര നിര്‍മാണം സര്‍ക്കാര്‍ നടപടിയാക്കി. ഇക്കാര്യത്തില്‍ ബിജെപിക്കൊപ്പം പിന്നണി പാടാന്‍ കോണ്‍ഗ്രസിലെ പല നേതാക്കളും കൂടി. ബിജെപിയുടെ സാമ്പത്തിക നയത്തിനെതിരെ കോണ്‍ഗ്രസ് നിലപാട് എടുത്തിട്ടുണ്ടോ. നല്ലൊരു വാഗ്ദാനവുമായി ബിജെപി നേതാക്കള്‍ വരുന്നത് എപ്പോഴെന്ന് നോക്കിനില്‍ക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ പലരാണ്. അടിമുടി ബിജെപിയാകാന്‍ കാത്തിരിക്കുന്ന ഒരുകൂട്ടം ആളുകളാണ് ഉള്ളത്. ഇത്ര ദയനീയമായ പതനത്തില്‍ എത്തിയ പാര്‍ട്ടിയെ കേരളത്തിലെ ജനങ്ങള്‍ എങ്ങനെ വിശ്വസിക്കുമെന്നും മുഖ്യമന്ത്രി ചോദിച്ചു.
Story Highlights – congress leaders, bjp, cm pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here