എന്താണ് അവിശ്വാസ പ്രമേയം [24 explainer]

അവിശ്വാസ പ്രമേയം

പാർലമെന്ററി ജനാധിപത്യത്തിൽ നിയമനിർമാണസഭകളോട് ഗവൺമെന്റിന് ഉത്തരവാദിത്വമുണ്ടാകണം. നിയമ നിർമാണ സഭയിൽ ഭൂരിപക്ഷം ഉണ്ടായാൽ മാത്രമേ എക്‌സിക്യുട്ടീവായ ഗവൺമെന്റ്‌ന് ഭരണത്തിൽ തുടരാൻ കഴിയു… നിയമനിർമാണ സഭയ്ക്ക് സർക്കാറിൽ വിശ്വാസം നഷ്ടപ്പെടുന്ന സാഹചര്യത്തിൽ/ വിഷയത്തിൽ സർക്കാറിന് ഭരണത്തിൽ തുടരാൻ ഭൂരിപക്ഷമില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സർക്കാറിനെതിരെ പ്രമേയം അവതരിപ്പിക്കുന്നു. ഈ പ്രമേയത്തെയാണ് അവിശ്വാസ പ്രമേയം എന്നു പറയുന്നത്.

സർക്കാറിനെ നിയന്ത്രിക്കാനും ഉത്തരവാദിത്തമുള്ളതാക്കി മാറ്റാനുള്ള നിയമസഭയുടെ സവിശേഷ അധികാരം കൂടിയാണിത്. അവിശ്വാസ പ്രമേയം പോലെ നിരവധി പ്രമേയങ്ങൾ നിയമസഭയിലുണ്ട്. ഇതിൽ ഏറ്റവും ഗൗരവമേറിയതും ദൈർഘ്യമേറിയതുമാണ് അവിശ്വാസപ്രമേയവും പ്രമേയത്തിന്മേലുള്ള ചർച്ചയും വോട്ടെടുപ്പും.

ഇന്ത്യയിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ കഴിയുന്നത് സംസ്ഥാനങ്ങളിൽ നിയമനിർമാണ സഭകളിലും(Legislative assembly) പാർലമെന്റിൽ ലോക് സഭയിലും മാത്രമായിരിക്കും. ഇന്ത്യയിൽ ഒരു മന്ത്രിയ്‌ക്കെതിരെ അവിശ്വാസ പ്രമേയം എന്ന സമ്പ്രദായം നിലനിൽക്കുന്നില്ല. കൂട്ടുത്തരവാദിത്ത്വത്തിന്മേലുള്ള ഗവൺമന്റായതുകൊണ്ട് തന്നെ മന്ത്രി സഭയ്‌ക്കെതിരെയുള്ള അവിശ്വാസ പ്രമേയമാണ് നിലനിൽക്കുന്നത്. എന്നാൽ, മുഖ്യമന്ത്രിയ്ക്ക്‌മേൽ അവിശ്വാസ പ്രമേയം പാസായാൽ മന്ത്രിസഭ നിലനിൽക്കുന്നതല്ല. മറിച്ച സ്പീക്കറിനെതിരെയാണ് അവിശ്വാസം പാസാക്കുകയാണെങ്കിൽ സ്പീക്കർ മാറിയാൽ മതി.

സഭയിൽ ഏതൊരങ്കത്തിനും അവിശ്വാസ പ്രമേയം അവതരിപ്പിക്കാം. സ്വാഭാവികമായും പ്രതിപക്ഷമായിരിക്കും അവിശ്വാസ പ്രമേയം അവതരിപ്പിക്കുക. പ്രമേയം അവതരിപ്പിക്കാനുള്ള അനുമതി ലഭിച്ചു കഴിഞ്ഞാൽ പ്രമേയത്തിനുമേൽ ചർച്ചനടക്കണം ശേഷം വോട്ടെടുപ്പും നടക്കണം. ഒരൊറ്റ വാചകത്തിലാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്. ശേഷം സ്പീക്കർ ഭരണ പക്ഷത്തെയും പ്രതിപക്ഷത്തെയും ചർച്ചയ്ക്ക് വിളിക്കും. ഓരോരുത്തർക്കും നിശ്ചിത സമയം അനുവദിച്ച് കിട്ടും. ലോക്‌സഭാചട്ടം 198 അനുസരിച്ച് സഭ ചേരുന്നതിന് 14 ദിവസം ലോക്‌സഭാ സെക്രട്ടറി ജനറലിന് രേഖാമൂലം നോട്ടീസ് നൽകണം. ഇത് രേഖാമൂലം സ്പീക്കറിന് ലഭിച്ചിരിക്കണം.

അവിശ്വാസ പ്രമേയം പാസാകുന്നത്‌

നിയമ സഭയിൽ ഹാജരായിട്ടുള്ള അംഗങ്ങളിൽ പകുതിയിലധികം പേർ പിന്തുണച്ചാൽ പ്രമേയം പാസാകും. അവിശ്വാസ പ്രമേയം ലോക്‌സഭ തള്ളിയാൽ സർക്കാറിന് അധികാരത്തിൽ തുടരാവുന്നതാണ്. ഇതേപോലെ വിശ്വാസ പ്രമേയം അവതരിപ്പിച്ച് ഭൂരിപക്ഷം തെളിയിക്കാനുള്ള അവസരവും സർക്കാറിനുണ്ട്.

പ്രമേയത്തിന്മേലുള്ള ചർച്ച പൂർത്തിയായാൽ അവിശ്വാസ പ്രമേയ വോട്ടെടുപ്പിനായി ശബ്ദവോട്ട്, തലയെണ്ണൽ, ബാലറ്റ് എന്നിങ്ങനെ സ്പീക്കർക്ക് ഉചിതമെന്ന തോന്നുന്ന ഏത് മാർഗവും ചട്ടപ്രകാരം ഉപയോഗിക്കാവുന്നതാണ്.

Story Highlights -non confidence motion

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top