റെയിൽവേ ജീവനക്കാരുടെ ശമ്പളവും പെൻഷനും തടഞ്ഞുവയ്ക്കാൻ തീരുമാനമെന്ന് വ്യാജവാർത്ത [24 fact check]

/-ലക്ഷ്മി എം

ഇന്ത്യൻ റെയിൽവേ ജീവനക്കാരുടെ ശമ്പളവും പെൻഷനും തടഞ്ഞുവയ്ക്കാൻ തീരുമാനിച്ചിരിക്കുന്നു എന്ന് സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണം. കൊവിഡ് പ്രതിസന്ധി കണക്കിലെടുത്താണ് റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനമെന്നും വ്യാജവാര്‍ത്തയില്‍ നല്‍കിയിട്ടുണ്ട്.

Read Also : ആശുപത്രിത്തറയിൽ വൃദ്ധയ്ക്ക് ഭക്ഷണം വിളമ്പി; പ്രചരിക്കുന്ന ചിത്രം കേരളത്തിലേതാണോ? [24 fact check]

‘കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് 151 കോടി പിഎം കെയർ ഫണ്ടിലേക്ക് നൽകിയ ഇന്ത്യൻ റെയിൽവേക്ക് ഇപ്പോൾ ജീവനക്കാർക്ക് വേതനം നൽകാൻ പണം ഇല്ലെന്ന വ്യാജവാർത്ത ചൂട് പിടിച്ചത് ട്വിറ്റർ മുഖേനയാണ്. നിരവധി പേർ റീട്വീറ്റ് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്തു. ‘സാമ്പത്തിക പ്രതിസന്ധി കാരണം 2020-21 സാമ്പത്തിക വർഷം പെൻഷനും ജീവനക്കാരുടെ ശമ്പളവും റെയിൽവേ തടഞ്ഞുവച്ചിരിക്കുന്നു’ എന്നാണ് വ്യാജപ്രചാരണം.

എന്നാൽ ഔദ്യോഗിക ഏജൻസിയായ പിഐബി തന്നെ വാർത്ത വ്യാജമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. റെയിൽവേ മന്ത്രാലയം അങ്ങനെ യാതൊരു തീരുമാനവും എടുത്തിട്ടില്ല എന്ന് വ്യക്തമാക്കി ട്വീറ്റും ചെയ്തു. കൊവിഡ് വ്യാപനം മൂലം നിർത്തിവച്ച രാജ്യത്തെ ട്രെയിൻ സർവീസുകൾ ഇപ്പോഴും പൂർണമായും പുനസ്ഥാപിച്ചിട്ടില്ല. ചരക്ക് സേവനവും ശ്രമിക് ട്രെയിൻ സർവീസുകളും മാത്രമാണ് നിലവിലുള്ളത്.

ഇതുവഴി 35,000 കോടിയോളം രൂപയുടെ നഷ്ടം റെയിൽവേക്ക് ഉണ്ടായതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഈ നഷ്ടം ചരക്കുനീക്കത്തിലൂടെയും മറ്റ് മാർഗങ്ങളിലൂടെയും നികത്താനുള്ള ശ്രമത്തിലാണ് അധികൃതർ. നിലവിൽ ഒഴിവുള്ള തസ്തികകൾ നികത്തേണ്ടെന്നും പുതിയ തസ്തിക സൃഷ്ടിക്കേണ്ടെന്നും തീരുമാനം ആയിട്ടുണ്ട്. എന്നാൽ പെൻഷനോ തുകയെയോ വേതനത്തേയോ ബാധിക്കുന്ന തരത്തിൽ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

Story Highlights fact check, 24 fact check

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top