സെക്രട്ടേറിയറ്റ് തീപിടിത്തം: സംസ്ഥാന വ്യാപക പ്രതിഷേധം; തലസ്ഥാനത്ത് സംഘർഷം

സെക്രട്ടേറിയറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം. തിരുവനന്തപുരം, എറണാകുളം, കൊല്ലം, കണ്ണൂർ ഉൾപ്പെടെ വിവിധയിടങ്ങളിൽ രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം അരങ്ങേറി. തലസ്ഥാനത്ത് യുവമോർച്ച പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.

സെക്രട്ടേറിയറ്റ് തീപിടിത്തത്തിന് പുറമേ സ്വർണക്കടത്തും ചൂണ്ടിക്കാട്ടിയാണ് യുവമോർച്ച പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയത്. ബാരിക്കേഡ് തകർത്ത് അകത്തു കയറാൻ ശ്രമിച്ച പ്രവർത്തകരോട് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കിയില്ല. പിരിഞ്ഞു പോകണമെന്ന് കാണിച്ച് പൊലീസ് ബാനർ ഉയർത്തി. എന്നാൽ പ്രവർത്തകർ പ്രതിഷേധം തുടർന്നു. ഇതേ തുടർന്ന് പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. ഇതിന് പിന്നാലെ സെക്രട്ടേറിയറ്റിലേക്ക് ബിജെപി പ്രവർത്തകരും മാർച്ച് നടത്തി. ഇതേ സമയം തന്നെ എസ്ഡിപിഐ പ്രവർത്തകരും സർക്കാരിനെതിരെ പ്രതിഷേധിച്ചു. വൻ പൊലീസ് സന്നാഹമെത്തിയാണ് പ്രതിഷേധക്കാരെ നീക്കിയത്.

എറണാകുളം, കൊല്ലം, കണ്ണൂർ ജില്ലകളിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ്, യുവമോർച്ച സംഘടനകൾ ഉൾപ്പെടെയാണ് പ്രതിഷേധിച്ചത്.

Story Highlights secretariat fire, yuvamorcha, youth congress

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top