മെസിക്ക് കുപ്പായം തുന്നി മാഞ്ചസ്റ്റർ സിറ്റി

അർജന്റീനയുടെ ഫുട്‌ബോൾ ഇതിഹാസ താരം ലയണൽ മെസി മാഞ്ചസ്റ്റർ സിറ്റിയിലേക്കെന്ന് സൂചന. മാഞ്ചസ്റ്റർ സിറ്റി കോച്ച് പെപ് ഗോർഡിയോളയുമായി മെസി സംസാരിച്ചുവെന്നാണ് വിവരം.

ഗ്വാർഡിയോളയുമായി മെസ്സി പുലർത്തുന്ന അടുത്ത ബന്ധമാണ് അദ്ദേഹം മാഞ്ചസ്റ്റർ സിറ്റിയിലേയ്ക്ക് പോകുമെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനം. അതേസമയം മെസിക്ക് അത്ര പെട്ടെന്ന് ബാഴ്‌സലോണ വിടാനാകില്ലെന്ന ആശങ്കയുമുണ്ട്. നിയമകുരുക്കുകളാണ് അതിന് കാരണമായി പറയപ്പെടുന്നത്. ക്ലബ് വിടണമെങ്കിൽ അത് ജൂൺ മാസത്തിന് മുമ്പ് തന്നെ അറിയിക്കണമെന്ന് കരാറുണ്ട്. അല്ലെങ്കിൽ വലിയ തുക നഷ്ടപരിഹാരം നൽകേണ്ടിവരും. മാത്രമല്ല, കരാർ ലംഘിച്ചാൽ ഫിഫയുടെ അച്ചടക്ക നടപടി നേരിടേണ്ടിവരും. അത് ഒരുപക്ഷെ നിരോധനത്തിലേയ്ക്ക് വരെ നീണ്ടേക്കുമെന്ന ആശങ്കയുമുണ്ട്. ബാഴ്‌സലോണ അധികൃതർ തന്നെ മെസിയുമായി ഒത്തുതീർപ്പ് ചർച്ചകൾ നടത്തുന്നതായും വിവരമുണ്ട്.

Read Also : മെസി ക്ലബ് വിടുന്നു എന്ന വാർത്ത; ബർതോമ്യു രാജി വെക്കണമെന്ന് ബാഴ്സലോണ അംഗങ്ങളുടെ സംഘടന

കഴിഞ്ഞ ദിവസമാണ് ലയണൽ മെസി ബാഴ്‌സലോണ വിടാൻ ടീം മാനേജ്‌മെന്റിനെ താൽപര്യം അറിയിച്ചതായുള്ള വാർത്തകൾ പുറത്തുവന്നത്. ഇക്കാര്യം അറിയിച്ച് ബാഴ്‌സലോണയ്ക്ക് മെസി കത്ത് നൽകിയതായി മെസിയുടെ അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. 2017 ജൂലൈയിൽ, ബാഴ്‌സ മെസിയുമായുള്ള കരാർ 2021 ജൂൺ 30 വരെ നീട്ടിയിരുന്നു. പക്ഷേ സീസൺ അവസാനിച്ചാൽ എപ്പോൾ വേണമെങ്കിലും ടീം വിട്ടുപോകാമെന്ന നിബന്ധന കരാറിലുണ്ടെന്നും ഇതുപയോഗിച്ചാണ് കത്ത് നൽകിയിരിക്കുന്നതെന്നുമായിരുന്നു ഇവരുടെ വാദം.

Story Highlights leonel messi, manchester city

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top