ഒടുവിൽ അഷ്റഫ് ഭായിയെ സഹായിക്കാൻ സച്ചിൻ എത്തി

കോലിയും സച്ചിനും ഉൾപ്പെടെയുള്ള ക്രിക്കറ്റ് താരങ്ങളുടെ ബാറ്റ് റിപ്പയർ ചെയ്തിരുന്ന അഷ്റഫ് ചൗധരി ആശുപത്രിയിൽ അഡ്മിറ്റാണെന്നും ബില്ലടക്കാൻ പോലും പണമില്ലാതെ ബുദ്ധിമുട്ടുകയാണെന്നും കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ വന്നിരുന്നു. ക്രിക്കറ്റ് താരങ്ങൾ ആരും സഹായിക്കാതിരുന്ന ഇദ്ദേഹത്തിന് ബോളിവുഡ് നടൻ സോനു സൂദ് ആണ് സഹായവുമായി എത്തിയത്. എന്നാൽ, ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കർ അഷ്റഫ് ഭായിക്ക് സഹായവുമായി എത്തിയിരിക്കുകയാണ്.
അഷ്റഫ് ഭായിയുടെ സുഹൃത്ത് പ്രശാന്ത് ജെത്മലാനിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. “സച്ചിൻ അഷ്റഫ് ഭായിയോട് സംസാരിച്ചു. അദ്ദേഹം ഭായിയെ സാമ്പത്തികമായി സഹായിക്കുകയും ചെയ്തു.”- ജെത്മലാനി പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു.
Read Also : കോലിയും സച്ചിനും ഉൾപ്പെടെയുള്ളവരുടെ ബാറ്റ് റിപ്പയർ ചെയ്തിരുന്ന അഷ്റഫ് ഗുരുതരാവസ്ഥയിൽ; സഹായവുമായി സോനു സൂദ്
അഷ്റഫ് ഭായ് എന്നറിയപ്പെടുന്ന അഷ്റഫ് ചൗധരി മുംബൈയിലെ മെട്രോ സിനിമക്ക് സമീപമാണ് തൻ്റെ കട നടത്തിയിരുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി വൃക്കസംബന്ധമായ അസുഖങ്ങളുമായി അദ്ദേഹം മുംബൈയിലെ ആശുപത്രിയിൽ അഡ്മിറ്റാണ്. സുഹൃത്ത് പ്രശാന്ത് ജെത്മലാനി മാത്രമാണ് അഷ്റഫിനെ സഹായിക്കാനുള്ളത്. അദ്ദേഹമാണ് അഷ്റഫിൻ്റെ അവസ്ഥ പുറത്തുകൊണ്ടുവന്നത്. ക്രിക്കറ്റ് താരങ്ങളിൽ പലരും അഷ്റഫിൻ്റെ സേവനങ്ങൾക്ക് പണം നൽകിയിരുന്നില്ല എന്നാണ് പ്രശാന്ത് പറയുന്നത്. ബഹുമാനം കൊണ്ടാണ് അഹ്റഫ് അവരോട് പണം ആവശ്യപ്പെടാതിരുന്നതെന്നും ഈ സമയത്ത് അവർ തിരികെ അഷ്റഫിനെ സഹായിക്കേണ്ടതാണെന്നും അദ്ദേഹം പറയുന്നു.
സച്ചിൻ, കോലി, ഗെയിൽ, പൊള്ളാർഡ്, സ്റ്റീവ് സ്മിത്ത് തുടങ്ങി ഒട്ടേറെ താരങ്ങളുടെ ബാറ്റ് റിപ്പയർ ചെയ്തിരുന്ന ആളാണ് അഷ്റഫ് ഭായ്. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടക്കുന്ന ഐപിഎൽ, രാജ്യാന്തര മത്സരങ്ങളിൽ അദ്ദേഹം സ്ഥിര സാന്നിധ്യമായിരുന്നു.
Story Highlights – Sachin Tendulkar Comes To Aid Ashraf Chaudhary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here