സർവകലാശാലകളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പരീക്ഷ; വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജിയിൽ സുപ്രിംകോടതി വിധി ഇന്ന്

രാജ്യത്തെ സർവകലാശാലകളിലും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അടുത്തമാസം മുപ്പതിനകം അവസാനവർഷ പരീക്ഷകൾ പൂർത്തിയാക്കണമെന്ന യുജിസി നിർദേശത്തെ ചോദ്യം ചെയ്ത് വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജിയിൽ സുപ്രിംകോടതി വിധി ഇന്ന്. ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. വിദ്യാർത്ഥികളുടെ ആവശ്യത്തെ യുജിസി എതിർത്തിരുന്നു.

സെപ്റ്റംബർ മുപ്പതിനകം സർവകലാശാലകളിലെയും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അവസാനവർഷ പരീക്ഷകൾ പൂർത്തിയാക്കണമെന്ന യുജിസി മാർഗ നിർദേശങ്ങൾ റദ്ദാക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. കൊവിഡ് സാഹചര്യം കണക്കിലെടുക്കണമെന്ന് വിദ്യാർത്ഥികൾ വാദിച്ചു. എന്നാൽ, പരീക്ഷ റദ്ദാക്കാനാകില്ലെന്നും, പരീക്ഷ മാറ്റിവയ്ക്കുന്നത് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുമെന്നുമാണ് യുജിസി നിലപാട്.

പരീക്ഷയ്ക്ക് എത്താൻ ബുദ്ധിമുട്ടുള്ളവർക്ക് പിന്നീട് പ്രത്യേക പരീക്ഷ നടത്തുമെന്നും യുജിസി അറിയിച്ചിരുന്നു. യുജിസി നിലപാടിനെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കോടതിയിൽ പിന്തുണച്ചിരുന്നു. കൊവിഡ് സാഹചര്യത്തിൽ പരീക്ഷ നടത്തുന്നത് അനുവദിക്കാനാകില്ലെന്ന് മഹാരാഷ്ട്ര, ഡൽഹി സർക്കാരുകൾ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഇത്തരം നിർദേശങ്ങൾ നൽകാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്ന് യുജിസി പ്രതികരിച്ചു. വിശദമായ വാദം കേട്ട ശേഷമാണ് വിധി പറയാൻ മാറ്റിയിരുന്നത്.

Story Highlights – Examinations in universities and institutions of higher learning; The Supreme Court today passed judgment on a petition filed by students

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top