ഷൈൻ ടോം ചാക്കോയും രജിഷ വിജയനും പ്രധാന വേഷങ്ങളിൽ; ഖാലിദ് റഹ്മാന്റെ സംവിധാനം; ‘ലവി’ന്റെ ട്രെയിലർ കാണാം

കൊവിഡ് പ്രതിസന്ധിയിൽ ഷൂട്ടിംഗ് ആരംഭിച്ച് പൂർത്തിയാക്കിയ ആദ്യ മലയാള സിനിമ ‘ലവി’ന്റെ ട്രെയിലർ പുറത്തിറങ്ങി. മമ്മൂട്ടി നായകനായ ഉണ്ട എന്ന ചിത്രത്തിൻ്റെ സംവിധായകൻ ഖാലിദ് റഹ്മാനാണ് ലവ് സംവിധാനം ചെയ്തിരിക്കുന്നത്. ഷൈൻ ടോം ചാക്കോയും രജിഷ വിജയനുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ദാമ്പത്യ ജീവിതത്തിലെ താളപ്പിഴകളാണ് സിനിമയുടെ പ്രമേയം. മനോഹരമായി മുന്നോട്ടു പോയിരുന്ന വിവാഹ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാവുകയും ഭാര്യാഭർത്താക്കന്മാർ പരസ്പരം വഴക്കിടുകയും ചെയ്യുന്നു. ഇതേ തുടർന്നുണ്ടാവുന്ന സംഭവ വികാസങ്ങളാണ് സിനിമ സംസാരിക്കുന്നത്.
ജൂൺ 22നാണ് ചിത്രത്തിൻ്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ജൂലായ് 15ന് ചിത്രീകരണം പൂർത്തിയായി. കൊവിഡ് പ്രതിസന്ധിയുടെ സാഹചര്യത്തിൽ പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങരുതെന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ്റെ നിർദ്ദേശം തള്ളിയാണ് സിനിമ ചിത്രീകരണം തുടങ്ങിയത്. ചിത്രത്തിനെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ രംഗത്തെത്തിയെങ്കിലും മഹേഷ് നാരായണൻ, ആഷിഖ് അബു, ഹർഷദ്, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയവർ ചിത്രത്തിനു പിന്തുണ അർപ്പിച്ചിരുന്നു. പിന്നീട് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നിലപാട് മയപ്പെടുത്തിയിരുന്നു.
ഷൈൻ ടോം ചാക്കോ, രജിഷ വിജയൻ എന്നിവർക്കൊപ്പം സുധി കോപ്പ, വീണ നന്ദകുമാർ, ഗോകുലൻ, ജോണി ആൻ്റണി തുടങ്ങിയവരും ചിത്രത്തിൽ വേഷമിടും. ജിംഷി ഖാലിദാണ് ക്യാമറ. എഡിറ്റർ നൗഫൽ അബ്ദുല്ല. സംഗീതം യക്സാൻ ഗാരി പെരേര, നേഹ എസ് നായർ. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് സിനിമ നിർമ്മിക്കുന്നത്.
Story Highlights – Love movie trailer released
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here