പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ്; പ്രത്യേക സംഘം അന്വേഷണം തുടങ്ങി

പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസ് പ്രത്യേക സംഘം അന്വേഷണം തുടങ്ങി. കേസിൽ സ്ഥാപനം ഉടമ റോയി ഡാനിയേലിന് പുറമേ ഡയറക്ടർ ബോർഡ് അംഗങ്ങളും പ്രതികളാകും. പോപ്പുലർ ഫിനാൻസ് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് വമ്പൻ തിരിമറികൾ നടന്നതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കേസിൽ ഡാനിയേലിനും ഭാര്യ പ്രഭയ്ക്കുമെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കോന്നി, പത്തനംതിട്ട പൊലീസ് സ്റ്റേഷനുകളിലായി രണ്ട് കേസുകളാണ് നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ നിർദേശ പ്രകാരം അടൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചു. വിശ്വാസ വഞ്ചന, സാമ്പത്തിക ക്രമക്കേട്, തുടങ്ങിയ വകുപ്പുകൾ പ്രതിൾക്കെതിരെ ചുമത്തും. കേസിൽ ഡയറക്ടർ ബോർഡ് സ്ഥാനത്തുള്ള എല്ലാവരും പ്രതികളാകുമെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.
Read Also : ബംഗളൂരു കലാപം തെറ്റായ പ്രചരണത്തിന് പിന്നാലെ : 19 പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ നേതാക്കൾ അറസ്റ്റിൽ
ആയിരക്കണക്കിന് ആളുകൾ കോടിക്കണക്കിന് രൂപയാണ് പോപ്പുലർ ഫിനാൻസിൽ നിക്ഷേപിച്ചിട്ടുള്ളത്. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ 274 ശാഖകളിലായി 2000 കേടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
സ്ഥാപനത്തിന്റെ ഉടമ റോയി ഡാനിയേലും ഭാര്യ പ്രഭയും വിദേശത്തേക്ക് കടക്കാനുള്ള സാധ്യത മുന്നിൽ പൊലീസ് കഴിഞ്ഞ ദിവസം ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇവരെ കണ്ടെത്താനുള്ള ശ്രമവും അന്വേഷണ സംഘം തുടങ്ങി. വകയാറിലെ പോപ്പുലർ ഫിനാൻസ് ആസ്ഥാനം പൂട്ടിയതറിഞ്ഞ് പരാതിയുമായി എത്തുന്നവരുടെ എണ്ണം കൂടി വരികയാണ്.
Story Highlights – popular finance, bank fraud