സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യം: മുഖ്യമന്ത്രി

സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതൊരു പകര്‍ച്ച വ്യാധിയുടെയും സ്വാഭാവികമായ ഒരു ഘട്ടമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

പലവട്ടം വ്യക്തമാക്കിയതുപോലെ ഇന്ത്യയില്‍ തന്നെ ഏറ്റവും ആദ്യം രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശവും കൊവിഡ് വ്യാപനത്തിന് ഒട്ടേറെ അനുകൂല ഘടകങ്ങള്‍ നിലനില്‍ക്കുന്ന സംസ്ഥാനവുമാണ് കേരളം. മറ്റ് സംസ്ഥാനങ്ങളില്‍ മെയ്, ജൂണ്‍ മാസങ്ങളില്‍ തന്നെ 90 ശതമാനം കേസുകളും സമ്പര്‍ക്ക വ്യാപനത്തിലൂടെയായിരുന്നു. എന്നാല്‍ ഇപ്പോഴാണ് കേരളത്തില്‍ അത്തരമൊരു സ്ഥിതിവിശേഷമുണ്ടായിരുന്നത്.

കുത്തനെ രോഗികളുടെ എണ്ണം കൂടുന്നതിന് പകരം ക്രമാനുഗതമായാണ് സംസ്ഥാനത്ത് രോഗികളുടെ എണ്ണം വര്‍ധിച്ചത്. നാം സ്വീകരിച്ച മുന്‍കരുതലുകള്‍,കാണിച്ച ജാഗ്രത എന്നിവയുടെ ഭാഗമാണിത്. സമ്പര്‍ക്കം വഴി കൂടുതല്‍ പേരിലേക്ക് രോഗം വ്യാപിക്കുന്ന സാഹചര്യത്തിലാണ് നാം ഇപ്പോള്‍. ഇനി നാം രോഗികളുടെ എണ്ണം പൊടുന്നനെ കൂടാതിരിക്കാനുള്ള ജാഗ്രതയാണ് കാണിക്കേണ്ടത്. രോഗികളുടെ എണ്ണം കൂടിയാല്‍ മരണവും കൂടും. നമ്മുടെ ആരോഗ്യ സംവിധാനങ്ങള്‍ക്ക് കൈകാര്യം ചെയ്യാന്‍ പറ്റാത്ത സ്ഥിതിയിലേക്ക് എത്തുന്നത് അനുവദിക്കാന്‍ പറ്റില്ല. രോഗം പിടിപെടാതിരിക്കാന്‍ നാം ഓരോരുത്തരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights covid cases throughout contact Increasing

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top