ഓണക്കാലത്ത് കാരുണ്യത്തിന്റെ മുഖമായി ഒരു ബാങ്ക് മാനേജര്‍

ഓണക്കാലത്ത് കാരുണ്യത്തിന്റെ മുഖമായി ഒരു ബാങ്ക് മാനേജര്‍. സമൂഹത്തിന്റെ താഴെതട്ടിലുള്ള രണ്ടു കുടുംബാംഗങ്ങളെ ആരും അറിയാതെ ചേര്‍ത്തു നിര്‍ത്തി സഹായിച്ചിരിക്കുകയാണ് കോട്ടയം കിടങ്ങൂര്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിലെ മാനേജര്‍ അജീഷ് ജേക്കബ്. ഇക്കഴിഞ്ഞ ജൂണ്‍ 28-നു കിടങ്ങൂര്‍ പാലത്തിനടിയില്‍ വീടില്ലാതെ താമസിക്കുന്ന രണ്ടു കുടുംബങ്ങളുടെ ദയനീയ സ്ഥിതി ഒരു മാധ്യമം റിപ്പോര്‍ട്ടു ചെയ്തിരുന്നു. എന്നാല്‍ ലൈഫ് പദ്ധതിയില്‍ അപേക്ഷ നല്‍കാന്‍ ബാങ്ക് അക്കൗണ്ട് എടുക്കാന്‍ നിര്‍വാഹമില്ലാതിരുന്ന കുടുംബത്തിന് സ്വന്തം കൈയില്‍ നിന്ന് പണം അടച്ച് അക്കൗണ്ട് എടുത്ത് നല്‍കിയിരിക്കുകയാണ് അജീഷ്.
16 വര്‍ഷമായി വീടില്ലാതെ കിടങ്ങൂരിലെ പാലത്തിനടിയില്‍ മറകെട്ടി താമസിക്കുന്ന അംബിക, സജിന എന്നിവര്‍ക്കാണ് അജീഷ് സഹായം ഒരുക്കിയത്. കുടുംബങ്ങളുടെ ദുരിതജീവിതം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മാണി സി. കാപ്പന്‍ എംഎല്‍എയുടെ കുടുംബമായ കാപ്പില്‍ കുടുംബം ഇവര്‍ക്ക് വീട് വയ്ക്കുന്നതിനായി ആറ് സെന്റ് സ്ഥലം നല്‍കിയിരുന്നു. സ്ഥലത്തിന്റെ ആധാരവും 15 ദിവസത്തിനുള്ളില്‍ ഇരു കുടുംബങ്ങള്‍ക്കും കൈമാറി. തുടര്‍ന്ന് ലൈഫ് പദ്ധതിയില്‍പ്പെടുത്തി വീടുവയ്ക്കാന്‍ ഇവരോട് പറഞ്ഞു. വരുമാന സര്‍ട്ടിഫിക്കറ്റും ജാതി സര്‍ട്ടിഫിക്കറ്റും ഒക്കെ ശരിയാക്കിയപ്പോള്‍ ബാങ്ക് അക്കൗണ്ട് വേണം. എന്നാല്‍ പല ബാങ്കുകളിലും കയറി ഇറങ്ങിയിട്ടും കൈയില്‍ പണമില്ലാതിരുന്നതിനാല്‍ അക്കൗണ്ട് എടുക്കാനായില്ല. ഈ സമയത്താണ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ കിടങ്ങൂര്‍ ശാഖയില്‍ ഇവര്‍ എത്തിയത്.
ലൈഫ് പദ്ധതിയില്‍ അപേക്ഷ നല്‍കാന്‍ ആണെന്നു പറഞ്ഞപ്പോള്‍ ഉടനടി അക്കൗണ്ട് ബാങ്ക് മാനേജര്‍ ശരിയാക്കി നല്‍കിയെന്നു സജിന പറഞ്ഞു. ആയിരം രൂപയുടെ അക്കൗണ്ടാണ് കിട്ടിയതെന്നും പണം അടയ്ക്കാന്‍ കൈയില്‍ ഇല്ലാത്തതിനാല്‍ ബാങ്ക് മാനേജരാണ് അക്കൗണ്ടെടുക്കാന്‍ രണ്ടാള്‍ക്കും കൂടി രണ്ടായിരം രൂപ നല്‍കിയെന്നും സജിന കൂട്ടിചേര്‍ത്തു. വിവരം പലരും സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചതോടെ നിരവധി പേരാണ് ബാങ്ക് മാനേജരുടെ കരുതലിനെ അനുമോദിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.
Story Highlights – bank manager, Life mission
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here