പ്രണബ് മുഖര്‍ജിയോടുള്ള ആദരസൂചകമായി സെപ്റ്റംബര്‍ ആറുവരെ ദുഃഖാചരണം

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ നിര്യാണത്തില്‍ ആദരസൂചകമായി സെപ്റ്റംബര്‍ ആറുവരെ ദുഃഖാചരണം. സംസ്ഥാനത്തും സെപ്റ്റംബര്‍ ആറുവരെ ദു:ഖം ആചരിക്കും. സെപ്റ്റംബര്‍ ആറുവരെ ദേശീയപതാക പകുതി താഴ്ത്തി കെട്ടും. ഔദ്യോഗികമായ ആഘോഷ പരിപാടികളും ഈ ദിനങ്ങളില്‍ ഉണ്ടായിരിക്കില്ല. സ്ഥിരമായി ദേശീയപതാക ഉയര്‍ത്തിയിരിക്കുന്ന സ്ഥാപനങ്ങളില്‍ പതാക പകുതി താഴ്ത്തിക്കെട്ടാന്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ഇന്ന് വൈകുന്നേരം 5.50 ഓടെ ഡല്‍ഹിയിലെ സൈനിക ആശുപത്രിയിലായിരുന്നു പ്രണബ് മുഖര്‍ജിയുടെ അന്ത്യം. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനാല്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്ന ഇദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനിടെ കൊവിഡ് ബാധിക്കുകയും ചെയ്തിരുന്നു.
ഒരുകാലത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലെ അതികായനായ പ്രണബ് മുഖര്‍ജി വിടവാങ്ങുമ്പോള്‍ 1970 മുതലുള്ള പാര്‍ട്ടിയുടെ ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു ഏടാണ് ഇല്ലാതാകുന്നത്. എഴുപതിന്റെ തുടക്കം മുതല്‍ ഒന്നര പതിറ്റാണ്ട് ഇന്ദിരാ ഗാന്ധിയുടെ വലംകൈയ്യായിരുന്ന പ്രണബ് ഇന്ദിരയ്ക്ക് ശേഷം പ്രധാനമന്ത്രിയാകുമെന്ന് കരുതിയിരുന്നെങ്കിലും അങ്ങനെയുണ്ടായില്ല.
സ്വാതന്ത്ര്യസമരസേനാനിയും എഐസിസി അംഗവുമായിരുന്ന കമദ കിങ്കര്‍ മുഖര്‍ജിയുടെ മകനായി 1935 ഡിസംബര്‍ 11 നാണ് പ്രണബ് മുഖര്‍ജിയുടെ ജനനം. 1969ലെ തെരഞ്ഞെടുപ്പില്‍ പശ്ചിമ മിഡ്‌നാപുരില്‍ വി.കെ. കൃഷ്ണമേനോന്റെ തെരഞ്ഞെടുപ്പ് ഏജന്റായി പ്രവര്‍ത്തിച്ചുകൊണ്ടാണ് പ്രണബ് മുഖര്‍ജി സജീവ രാഷ്ട്രീയത്തിലെത്തുന്നത്. ആ തെരഞ്ഞെടുപ്പിലെ വന്‍ വിജയം പ്രണബിനെ ഇന്ദിരാ ഗാന്ധിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനും സന്തത സഹചാരിയുമാക്കി. 2008ല്‍ പത്മവിഭൂഷണ്‍ നല്‍കിയും 2019 ല്‍ ഭാരതരത്ന നല്‍കിയും രാജ്യം പ്രണബ് മുഖര്‍ജിയെ ആദരിച്ചു.
Story Highlights – pranab mukherjee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here