സുപ്രിംകോടതി വിധിച്ച ഒരു രൂപ പിഴ അടയ്ക്കുമെന്ന് പ്രശാന്ത് ഭൂഷണ്‍

കോടതിയലക്ഷ്യ കേസില്‍ സുപ്രിംകോടതി വിധിച്ച ഒരു രൂപ പിഴ അടയ്ക്കുമെന്ന് പ്രശാന്ത് ഭൂഷണ്‍. തന്റെ ട്വീറ്റുകള്‍ സുപ്രിംകോടതിയെ അവഹേളിക്കാന്‍ താന്‍ ഉദ്ദേശിച്ചുള്ളതായിരുന്നില്ലെന്നും സുപ്രിംകോടതിയുടെ വിജയം എല്ലാ ഇന്ത്യക്കാരുടെയും വിജയമാണെന്നും ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കി.

കോടതി വിധിക്കെതിരെ നിയമപോരാട്ടങ്ങള്‍ തുടരും. പുനഃപരിശോധനാ ഹര്‍ജിയും തിരുത്തല്‍ ഹര്‍ജിയും നല്‍കുമെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. സത്യം വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ട്. ജനങ്ങളുടെ അവസാന പ്രതീക്ഷയാണ് സുപ്രിംകോടതി. കോടതി ദുര്‍ബലമായാല്‍ രാജ്യത്തെ ഓരോ പൗരനെയും അത് ബാധിക്കും. കോടതി അലക്ഷ്യ കേസ് അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരെയായിരുന്നെന്നും വാര്‍ത്താ സമ്മേളനത്തില്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

ചീഫ് ജസ്റ്റിസുമാരെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തുമായി ബന്ധപ്പെട്ട് കോടതിയലക്ഷ്യക്കേസില്‍ പ്രശാന്ത് ഭൂഷണ് സുപ്രിംകോടതി ഒരു രൂപ പിഴ വിധിച്ചിരുന്നു. പിഴ അടക്കാന്‍ തയാറായില്ലെങ്കില്‍ മൂന്ന് മാസം തടവു ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും അഭിഭാഷക വൃത്തിയില്‍ നിന്ന് മൂന്നു വര്‍ഷം വിലക്കും നേരിടേണ്ടി വരുമെന്നും കോടതി പറഞ്ഞിരുന്നു. ഭൂഷണ്‍ മാപ്പുപറയാന്‍ വിസമ്മതിക്കുകയും പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തതോടെയാണ് ജസ്റ്റിസ് അരുണ്‍മിശ്ര അധ്യക്ഷനായ ബെഞ്ച് ശിക്ഷ വിധിച്ചത്. മാപ്പ് പറയാനുള്ള നിരവധി അവസരം കോടതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഒരു രൂപ പിഴ വിധിച്ചുള്ള അസാധാരണ വിധി പറപ്പെടുവിച്ചത്. പ്രശാന്ത് ഭൂഷണ് പുനഃപരിശോധനാ ഹര്‍ജിക്കുള്ള അവസരവും ഉണ്ടായിരിക്കുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അറിയിച്ചു.

Story Highlights Prashant Bhushan to pay Rs 1 fine imposed by Supreme Court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top