ഡൽഹി മെട്രോ സർവീസിന് സുരക്ഷ ഉറപ്പാക്കാൻ ബെൽജിയൻ മലിനോയ്‌സ് വിഭാഗത്തിൽപ്പെട്ട നായ്ക്കൾ

ആറു മാസത്തെ ഇടവേളയ്ക്കുശേഷം ഈ മാസം പ്രവർത്തനം ആരംഭിക്കുന്ന ഡൽഹി മെട്രോ സർവീസിന് സുരക്ഷ ഉറപ്പാക്കാൻ ബെൽജിയൻ മലിനോയ്‌സ് വിഭാഗത്തിൽപ്പെട്ട നായ്ക്കൾ. ഡൽഹി മെട്രോയുടെ സുരക്ഷ കണക്കിലെടുത്താണ് ബെൽജിയൻ മലിനോയ്‌സ് വിഭാഗത്തിൽപ്പെട്ട നായ്ക്കളെ സ്‌റ്റേഷനുകളിലടക്കം വിന്യസിക്കാൻ ഒരുങ്ങുന്നത്.

മണം പിടിക്കൽ, ആക്രമണം, കാവൽ എന്നീ ദൗത്യങ്ങൾ കൃത്യതയോടെ നിർവഹിക്കാൻ കഴിവുള്ള 61 ബെൽജിയൻ മെലിനോയ്‌സ് നായ്ക്കളെ സിഐഎസ്എഫിന്റെ നേതൃത്വത്തിലാണ് നിയോഗിക്കാൻ ഒരുങ്ങുന്നത്.

അൽഖ്വെയ്ദ ഭീകരൻ ഒസാമ ബിൻ ലാദനെ വധിക്കാൻ അമേരിക്കൻ സുരക്ഷാ ഏജൻസികൾ നടത്തിയ നീക്കത്തിൽ നിർണായക പങ്കുവഹിച്ചതിൽ പ്രധാനികളാണ് ബെൽജിയൻ മലിനോയ്‌സ് വിഭാഗത്തിൽപ്പെട്ട നായ്ക്കൾ.

സാധാരണ സിഐഎസ്എഫിൽ ഒരു നായയ്‌ക്കൊപ്പം ഒരാളാണ് ഉണ്ടാവുകയെങ്കിൽ ഇവയുടെ പ്രത്യേകത പരിഗണിച്ച് ഒരു നായയ്‌ക്കൊപ്പം രണ്ടുപേരെ നിയോഗിക്കാനാണ് തീരുമാനം. മറ്റു നായ്ക്കൾക്ക് നാല് മുതൽ ഏഴ് കിലോമീറ്റർ ദൂരം വരെ നടക്കാൻ കഴിയുമ്പോൾ ഇവയ്ക്ക് 40 കിലോമീറ്ററോളം ദൂരം നടക്കാൻ കഴിയും. ഭീകരാക്രമണവും മറ്റും നടത്താൻ വരുന്നവരെ മണംപിടിച്ച് കണ്ടെത്തി ആക്രമിക്കാനുള്ള കഴിവും ഇവയ്ക്കുണ്ട്.

സുരക്ഷയ്ക്ക് പുറമേ, മോഷണ കേസുകളിലും തുമ്പുണ്ടാക്കാൻ ബെൽജിയൻ മലിനോയ്‌സ് നായ്ക്കളെ ഉപയോഗപ്പെടുത്താനാണ് സിഐഎസ്എഫിന്റെ നീക്കം. നായ്ക്കളെ ഉപയോഗിച്ച് നാല് മണിക്കൂർ വീതമുള്ള ഇടവേളകളിലാവും സുരക്ഷ ഉറപ്പാക്കുക.

Story Highlights – Dogs belonging to the Belgian Malinois breed to ensure the safety of the Delhi Metro service

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top