വെഞ്ഞാറമൂട് ഇരട്ട കൊലപാതകം; സംസ്ഥാനത്തെ സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമമെന്ന് കാനം രാജേന്ദ്രൻ

വെഞ്ഞാറമൂട് ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ കൊലപാതകത്തിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേരളത്തിന്റെ സമാധാനാന്തരീക്ഷം തകർക്കാനുള്ള സംഘടിത ശ്രമത്തിന്റെ ഭാഗമാണ് സംഭവമെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു.

കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന് പറഞ്ഞു നിസാരവത്ക്കരിക്കാനുള്ള കോൺഗ്രസ് ശ്രമം അപലപനീയമാണ്. ജനങ്ങളിൽ നിന്ന് അനുദിനം ഒറ്റപ്പെട്ടുകൊണ്ടിരിക്കന്ന കോൺഗ്രസിനും യുഡിഎഫിനും ഇത്തരം നീചമായ സംഭവങ്ങളിലൂടെ രക്ഷപ്പെടാനാകില്ലെന്നും കാനം രാജേന്ദ്രൻ.

Read Also : ജോസ് കെ മാണി വിഷയത്തിൽ മുൻ നിലപാടിൽ മാറ്റമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ

പൈശാചിക സംഭവത്തിൽ കാനം രാജേന്ദ്രൻ ശക്തിയായ പ്രതിഷേധം രേഖപ്പെടുത്തി. തിരുവോണ ദിവസം തന്നെ കൊലപാതകത്തിന് കോൺഗ്രസ് അക്രമികൾ തിരഞ്ഞെടുത്തത് കേരളത്തിൽ നിലനിൽക്കുന്ന സമാധാന അന്തരീക്ഷം തകർക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. സംഘടിതമായ അക്രമങ്ങൾ അഴിച്ചുവിട്ട് കലാപം സൃഷ്ടിക്കാനാണ് ശ്രമമെന്നും ജനങ്ങളിൽ നിന്ന് അനുദിനം ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന കോൺഗ്രസിനും യുഡിഎഫിനും കൊലപാതകം നടത്തിയും കലാപം സൃഷ്ടിച്ചും രക്ഷപെടാനാവില്ലെന്നും കാനം പറഞ്ഞു. ഇത്തരം പൈശാചിക സംഭവങ്ങൾക്ക് എതിരെ സമൂഹ മനസ്സാക്ഷി ഉണരണമെന്ന് കാനം പ്രസ്താവനയിൽ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം തന്നെ രാഷ്ട്രീയ കൊലപാതകത്തെ തുടർന്ന് ഇടത് വലത് നേതാക്കൾ തമ്മിൽ വാക്‌പോരുണ്ടായിരുന്നു. കൊലപാതകം ആസൂത്രിതമാണെന്ന് സിപിഐഎം ആരോപിച്ചപ്പോൾ തങ്ങൾക്ക് സംഭവവുമായി ബന്ധമില്ലെന്ന് കോൺഗ്രസ് പറഞ്ഞു.

വെഞ്ഞാറമ്മൂട് ഇരട്ട കൊലപാതകത്തിന് പിന്നിൽ യൂത്ത് കോൺഗ്രസെന്ന് ഡിവൈഎഫ്‌ഐ നേതാവ് എ എ റഹീം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. യൂത്ത് കോൺഗ്രസ് ക്രിമിനലുകൾ രണ്ട് സഖാക്കളുടെ ജീവനെടുത്തുവെന്നാണ് ഫേസ്ബുക്കിൽ എ എ റഹീം കുറിച്ചത്.

ആക്രമണത്തിന് പിന്നിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് ആലോചനയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. തിരുവോണനാളിൽ കോൺഗ്രസ് ചോരപ്പൂക്കളം തീർത്തു. മുല്ലപ്പള്ളിയും ചെന്നിത്തലയും മറുപടി പറയണമെന്ന് കടകംപള്ളി പറഞ്ഞു.

അതേസമയം സംഭവവുമായി ബന്ധമില്ലെന്ന് കോൺഗ്രസും വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം പറഞ്ഞത്. ഗൂണ്ടകളെ പോറ്റുന്ന രാഷ്ട്രീയ പാർട്ടിയല്ല കോൺഗ്രസെന്ന് ചെന്നിത്തല പറഞ്ഞു. കോൺഗ്രസിന് എതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ചെന്നിത്തല വ്യക്തമാക്കി.

Story Highlights kanam rajendran, cpi, venjaramood political murder

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top