അഫ്‌സൽ ഗുരുവിന് പ്രണബ് മുഖർജിയുടെ മരണത്തോടെ ശാന്തി ലഭിച്ചുവെന്ന് റാണാ അയൂബ് ട്വീറ്റ് ചെയ്‌തോ? (24 fact check)

/- അൻസു എൽസ സന്തോഷ്

സമൂഹമാധ്യമങ്ങളിൽ മുൻരാഷ്ട്രപതി പ്രണബ് മുഖർജിയുടെ മരണം പോലും വ്യാജപ്രചാരണത്തിനായി ഉപയോഗിക്കുന്നു. പ്രണബിന്‍റെ മരണവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായി റാണാ അയൂബിന്റെ പേരിൽ ഒരു ട്വിറ്റ് വ്യാപകമായി പ്രചരിക്കുന്നുണ്ട്. പാർലമെന്റ് ആക്രമണക്കേസിൽ ശിക്ഷിക്കപ്പെട്ട അഫ്‌സൽ ഗുരുവിന് പ്രണബിന്റെ മരണത്തോടെ ശാന്തി ലഭിച്ചുവെന്ന് അവർ ട്വിറ്റ് ചെയ്‌തെന്നായിരുന്നു വ്യാജപ്രചാരണം.

സംഘപരിവാറിന്റെ കടുത്ത വിമർശകയായ റാണാ അയൂബ് സൈബർ ആക്രമണങ്ങൾക്കും വ്യാജപ്രചാരണങ്ങൾക്കും നിരന്തരം ഇരയാകാറുണ്ട്. ഇന്ത്യൻ പാർലമെന്റ് 2001ൽ ആക്രമിച്ചതിനെ തുടർന്നാണ് 2013ൽ അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റുന്നത്. അന്നത്തെ രാഷ്ട്രപതിയായിരുന്ന പ്രണബ് കുമാർ മുഖർജിക്ക് മുമ്പിൽ അഫ്‌സൽ ഗുരുവിന്റെ ദയാഹർജി വന്നെങ്കിലും തള്ളപ്പെട്ടു. പ്രണബിന്റെ മരണത്തോടെ അഫ്‌സൽ ഗുരുവിന്റെ ആത്മാവിന് ശാന്തി ലഭിച്ചുവെന്ന് റാണാ അയൂബ് ട്വീറ്റ് ചെയ്‌തെന്നാണ് സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചാരണം.

Read Also : കാലിഫോർണിയയിലെ കാട്ടുതീക്ക് പിന്നിൽ ലേസർ രശ്മികളോ? [24 Fact check]

പ്രണബ് മുഖർജി മരിച്ച ദിവസം തന്നെയാണ് കുറിപ്പ് ട്വീറ്റ് ചെയ്യപ്പെട്ടത് എന്നതും ശ്രദ്ധേയമാണ്. എന്നാൽ വ്യാജൻമാരെ റാണാ അയൂബ് തന്നെ സമൂഹത്തിന് മുന്നില്‍ കൊണ്ടുവന്നു. വൈറലായ സ്‌ക്രീൻഷോട്ടിൽ ട്വീറ്റ് ചെയ്യപ്പെട്ട സമയമില്ല. മാധ്യമപ്രവർത്തകയെ രാജ്യദ്രോഹിയായി ചിത്രീകരിക്കാൻ വേണ്ടി ആസൂത്രിതമായി നിർമിച്ചെടുത്തതാണ് സ്‌ക്രീൻ ഷോട്ടെന്ന് പിന്നാലെ വന്ന കമന്റുകളിലും വ്യക്തമാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ ഫോളോ ചെയ്യുന്ന അക്കൗണ്ടുകൾ വരെ തനിക്കെതിരായ ദുഷ്പ്രചാരണം ഏറ്റെടുത്തുവെന്നാണ് റാണാ അയൂബിന്‍റെ ആരോപണം. പിന്നാലെ എല്ലാ വ്യാജ സ്‌ക്രീൻഷോട്ടുകളും അപ്രത്യക്ഷമായി.

Story Highlights fact check, 24 fact check, rana ayyub, pranab mukharjee, afsal guru

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top