കാലിഫോർണിയയിലെ കാട്ടുതീക്ക് പിന്നിൽ ലേസർ രശ്മികളോ? [24 Fact check]

/-കാതറിൻ കിണറ്റുകര
കാലിഫോർണിയയിൽ കാട്ടുതീ വ്യാപിക്കുകയാണ്. ഭീകരമായ ഈ കാട്ടുതീക്ക് പിന്നിൽ ശക്തിയേറിയ ലേസർ രശ്മികളാണെന്നാണ് പ്രചാരണം. എന്നാൽ, ഈ വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ പരിശോധിക്കാം.
കാലിഫോർണിയയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കാട്ടുതീയെ ആണ് യു എസ് സംസ്ഥാനമായ കാലിഫോർണിയ നേരിടുന്നത്. 13 ലക്ഷം ഏക്കറിലേറെ വരുന്ന പ്രദേശമാണ് തീയിൽ നശിച്ചത്. സാൻഫ്രാൻസിസ്‌കോ ബെയിൽ നിന്ന് രണ്ട് ലക്ഷത്തിലേറെ പേരെയാണ് മാറ്റി പാർപ്പിച്ചത്. ഈ കാട്ടുതീയുടെ ഉത്ഭവം ശക്തമായ ലേസർ രശ്മികളാണെന്നാണ് പുതിയ പ്രചാരണം. തെളിവായി വനത്തിനുള്ളിലേക്ക് ആകാശത്തിൽ നിന്ന് ശക്തിയുള്ള രശ്മികൾ പതിക്കുന്നതിന്റെ ചിത്രങ്ങളും ചേർത്തിട്ടുണ്ട്.
എന്നാൽ, വാർത്തയ്‌ക്കൊപ്പം പ്രചരിക്കുന്ന ചിത്രങ്ങൾ വ്യാജമാണ്. 2018 മേയ് 22 ൽ സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ 9 റോക്കറ്റ് വിഷേപിക്കുന്നതിന്റെ ചിത്രമാണ് ഇതിലൊന്ന്. 2018 ലുണ്ടായ കാട്ടുതീയുടെ ചിത്രമാണ് മറ്റുള്ളവ. 2018ൽ ഇതേ ചിത്രങ്ങളുപയോഗിച്ച് സമാനമായ പ്രചാരണം നടന്നിരുന്നു. അന്യഗ്രഹ ജീവികൾ കാലിഫോർണിയൻ വനത്തിന് തീയിടുന്നതായും അമേരിക്ക തന്നെ തീയിട്ടതാണെന്നും നിരവധി കോൺസ്പിറസി തിയറികൾ ആ സമയം പ്രചരിച്ചിരുന്നു. അതേ കോൺസ്പിറസി തിയറിയുടെ പുതിയ രൂപമാണ് ഇപ്പോൾ പ്രചരിക്കുന്നത്. വരണ്ട ഇടിമിന്നലാണ് മേഖലയിലെ കാട്ടുതീയുടെ യഥാർത്ഥ കാരണം.
ഭാവനാത്മകമാണെന്ന് കരുതി വ്യാജ വാർത്തകളുടെ സ്വഭാവം മാറില്ല എന്നോർക്കുക. ശ്രദ്ധയോടെ ഓരോ വാർത്തകളും പങ്കുവയ്ക്കാം.
Story Highlights – 24Fact check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here