‘അടുത്ത രണ്ടാഴ്ച നിർണായകം; ഒക്ടോബറിൽ കേസുകൾ ഉയർന്നേക്കാം’: മുഖ്യമന്ത്രി

അടുത്ത രണ്ടാഴ്ച നിർണായകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗവ്യാപനം ഉയരാൻ സാധ്യതയുണ്ടെന്നും കൂടുതൽ കരുതൽ വേണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഓണത്തിന് മാർക്കറ്റുകൾ സജീവമായിരുന്നു. ഇതിനിടെ ജനങ്ങൾ തമ്മിലുള്ള സമ്പർക്കം കൂടി. ഓണാവധിക്ക് കൂടുതൽ ആളുകൾ നാട്ടിലെത്തി. രോഗ വ്യാപനം വർധിച്ചിട്ടുണ്ടോ എന്ന് വ്യക്തമാകാൻ ഇനിയും സമയമെടുക്കും. അടുത്ത രണ്ടാഴ്ചയ്ക്കകം ഇക്കാര്യത്തിൽ വ്യക്തത വരും. ഒക്ടോബറിൽ കൊവിഡ് കേസുകൾ ഉയർന്നേക്കാമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
രാജ്യത്ത് കൂടുതൽ ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ എല്ലായിടത്തും തിരക്ക് വർധിച്ചു. കൊവിഡിനൊപ്പം ജീവിതം കൊണ്ടുപോകുക എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇളവ്. വ്യക്തിപരമായ ജാഗ്രത എല്ലാവരും വർധിപ്പിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ബ്രേക്ക് ദ് ചെയിൻ സോഷ്യൽ വാക്‌സിൻ ആയി കാണണം. കൊവിഡ് ബ്രിഗേഡിന് വലിയ അംഗീകാരം ലഭിച്ചു. രജിസ്റ്റർ ചെയ്തവരൊക്കെ കരുതൽ ഫോഴ്‌സായി കൂടെയുണ്ടാകും. കേസുകൾ വർധിച്ചാൽ ആശുപത്രികളിൽ ഉപയോഗിക്കും. ഇവരുടെ ആദ്യ സംഘത്തെ കാസർഗോട്ടേക്ക് അയച്ചു. കടകളിലോ മാർക്കറ്റുകളിലോ ചെല്ലുന്നവർ പേരെഴുതുന്നതിൽ വീഴ്ച ഉണ്ടായി. ഇതിനു പരിഹാരം കാണണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Story Highlights – Covid 19, Pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here