മുതിർന്ന ജഡ്ജി എ.എം ഖാൻവിൽക്കർ ഇന്ന് മുതൽ സുപ്രിംകോടതി കൊളീജിയത്തിൽ

മുതിർന്ന ജഡ്ജി എ.എം ഖാൻവിൽക്കർ ഇന്ന് മുതൽ സുപ്രിംകോടതി കൊളീജിയത്തിൽ. ജസ്റ്റിസ് അരുൺ മിശ്ര വിരമിച്ച ഒഴിവിലാണ് ഖാൻവിൽക്കർ കൊളീജിയത്തിലേക്ക് എത്തുന്നത്. ശബരിമല യുവതീ പ്രവേശനം, ഹാദിയ, നടിയെ ആക്രമിച്ച കേസ് തുടങ്ങി ഒട്ടേറെ സുപ്രധാനക്കേസുകളിൽ വിധി പ്രസ്താവിച്ച ബെഞ്ചുകളുടെ ഭാഗമായിരുന്നു.

മഹാരാഷ്ട്ര സ്വദേശിയായ എ.എം ഖാൻവിൽക്കർ, 2016 മെയ് മാസമാണ് സുപ്രിംകോടതി ജഡ്ജിയായി ചുമതലയേറ്റത്. 2022 ജൂലൈ 29 വരെ സർവീസ് കാലാവധിയുണ്ട്. ജസ്റ്റിസ് അരുൺ മിശ്ര ഇന്നലെ വിരമിച്ചതോടെ, സീനിയോറിറ്റിയിൽ പരമോന്നത കോടതിയിലെ അഞ്ചാമത്തെ ജഡ്ജിയായി ഖാൻവിൽക്കർ മാറി. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ, ജസ്റ്റിസുമാരായ എൻ.വി രമണ, റോഹിങ്ടൺ നരിമാൻ, യു.യു. ലളിത് എന്നിവർക്കൊപ്പം ഇന്നുമുതൽ എ.എം. ഖാൻവിൽക്കറും സുപ്രിംകോടതി കൊളീജിയത്തിൽ സജീവമാകും.

അഞ്ചംഗ ജഡ്ജിമാരുടെ കൊളീജിയമാണ് സുപ്രിംകോടതിയിലെയും ഹൈക്കോടതികളിലെയും ജുഡിഷ്യൽ നിയമനങ്ങളിൽ തീരുമാനമെടുക്കുന്നത്. ശബരിമല യുവതീ പ്രവേശനത്തിന് അനുകൂല നിലപാടാണ് ഖാൻവിൽക്കർ സ്വീകരിച്ചത്. ഹാദിയ കേസ് പരിഗണിച്ച ബെഞ്ചിൽ അംഗമായിരുന്നു. ആൾക്കൂട്ട കൊലപാതകങ്ങൾ തടയുന്നതിന് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചതും, ആധാർ പദ്ധതി അംഗീകരിച്ചതും, സ്ഥാനാർത്ഥികൾ ക്രിമിനൽ കേസ് വിവരങ്ങൾ പരസ്യമാക്കണമെന്ന് നിർദേശിച്ചതും, സ്വവർഗരതി നിയമവിധേയമാക്കിയതും ഖാൻവിൽക്കർ കൂടി ഉൾപ്പെട്ട ഭരണഘടന ബെഞ്ചായിരുന്നു.

Story Highlights – Senior Judge AM Khanwilker will appear before the Supreme Court today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top