ചായ

..

ഫാബിഷ് തൊണ്ടിയിൽ/അനുഭവക്കുറിപ്പ്

ദോഹ ഹമാദ് മെഡിക്കൽ കോർപറേഷനിൽ സ്റ്റാഫ് നഴ്‌സാണ് ലേഖകൻ

ജീവിതം അങ്ങനെ ചില അസ്വാഭാവികതയിലൂടെ കടന്നു പോകുന്നത് പതിവാണ്. ചില നേരങ്ങളിൽ നമ്മൾ എത്ര ക്രൂരന്മാരാണെന്നു തോന്നി പോയിട്ടുണ്ട്. തടി കുറയാൻ ഭക്ഷണം നിയന്ത്രിക്കുന്ന സമയത്ത് മാത്രം വിശപ്പ് എന്താണെന്ന് മനസിലാക്കുന്നവർക്ക് വേണ്ടി, എന്നെപ്പോലെ കാഴ്ച മങ്ങിയ ചിലർക്ക് വേണ്ടിയാവട്ടെ ഈ അനുഭവം.

പ്രവാസിയായിട്ട് രണ്ട് വർഷത്തോടടുക്കുന്നു. ഇവിടെ നല്ല തണുപ്പുള്ള സമയമാണ്. തണുത്ത കാറ്റാണ് സഹിക്കാൻ കഴിയാത്തത്. അത് മുഖത്തു വന്ന് തലോടി പോകുമ്പോൾ പണ്ടെന്നോ പല്ല് വേദന വന്ന് മുഖത്ത് ഐസ് വെച്ച അനുഭൂതിയാണ് മനസിൽ ഓർമ വന്നത്. തണുപ്പ് ഒട്ടും സഹിക്കാൻ പറ്റാത്തത് കൊണ്ടുതന്നെ വളരെ വിരളമായിട്ടേ പുറത്ത് പോകാറുള്ളൂ. അതും ഭക്ഷണം കഴിക്കാൻ മാത്രം.!

ഒരു മുറിയിൽ ഒറ്റക്ക് ജീവിക്കുന്ന പ്രവാസിക്ക് പതിവിൽ വിപരീതമായ കഥകളാകാം പറയാൻ ഉണ്ടാവുക. ദിവസവും ഭക്ഷണം പാകം ചെയാൻ എല്ലാ തയാറെടുപ്പും നടത്തി അവസാനം മടി കാരണം ഭക്ഷണം ഓർഡർ ചെയ്ത് തിന്നു കൊഴുക്കുന്ന ഒരു വിഭാഗം പ്രവാസികളിൽ ഉൾപ്പെട്ട ആളാണ് ഞാൻ. ഇനി ഞാൻ മാത്രമേ ഇങ്ങനെയുള്ളൂ എന്ന് തീർത്തു പറഞ്ഞാൽ, ‘അല്ല’ എന്ന് പറയാൻ തക്ക പരിചയമൊന്നും എനിക്കിവിടെ ഇല്ല. ഒരു ദിവസം ഞാൻ പാഴാക്കി കളഞ്ഞ കുറച്ചു ഭക്ഷണമായിരിക്കണം ഇങ്ങനെ എഴുതാൻ എന്നെ പ്രേരിപ്പിച്ചത്. ഒരു നേരം ഓർഡർ ചെയുന്ന ഫ്രൈഡ് ചിക്കന്റെ പെട്ടിയിൽ നമ്മളറിയാതെ ചവറ്റു കുട്ടയിലിടുന്ന ബണ്ണും, കുബൂസുമൊക്കെയാവണം എന്നെ ഇങ്ങനെ എഴുതാൻ പ്രേരിപ്പിക്കുന്നത്.

നൈറ്റ് ഡ്യൂട്ടി കയിഞ്ഞ് സാധാരണ ഒരുറക്കം പതിവാണ്. അന്നും നന്നായി ഉറങ്ങി ഉച്ചക്ക് 2 മണിയോടെയാണ് എണീറ്റത്. പുറത്ത് തണുപ്പുണ്ട്, കൂടെ നല്ല കാറ്റും. സ്ഥിരമായി ചായ കുടിക്കുന്ന കട അന്ന് എന്തോ കാരണത്താൽ തുറന്നിട്ടില്ല. മറ്റൊരു ചായക്കട കുറച്ചപ്പുറം ഉണ്ട്. ഇച്ചിരി നടക്കാനും ഉണ്ട്. മടിയാണെങ്കിലും നടക്കാൻ തന്നെ തീരുമാനിച്ചു. ഭക്ഷണത്തിനല്ലേ !…. എന്തൊരു നല്ല നാട്. ജീവിക്കാൻ വേണ്ടി പല ജോലികൾ ചെയ്യുന്നവർ, കട നടത്തുന്നവർ, ടാക്‌സി ഓടിക്കുന്നവർ, ഡെലിവറി ബോയ്‌സ്, വലിയ കെട്ടിടങ്ങളുടെ മുകളിൽ തൂങ്ങിയാടി ജോലി ചെയ്യുന്നവർ, ഞാനൊക്കെ എത്ര ഭാഗ്യവാനാ, ദൈവവത്തിന് നന്ദി പറഞ്ഞു.

കടുപ്പം കുറച്ചൊരു നല്ല ചായ, അതാണ് ലക്ഷ്യം. ഗൾഫാണെങ്കിലും നാടൻ ഭക്ഷണങ്ങൾ എല്ലാം ഇവിടെ കിട്ടും. റേഡിയോയിൽ നല്ല പാട്ടും കേട്ടു. ചായ കുടിക്കുന്ന സുഖം ഒന്ന് വേറെ തന്നെയാണ്. ചായ കുടിക്കുമ്പോഴാണ് പുറത്തെ ഒരു കാഴ്ച ഞാൻ ശ്രദ്ധിച്ചത്. വർധക്യത്തിലേക്കടുക്കുന്ന ഒരു മനുഷ്യൻ തൊട്ടടുത്ത സൂപ്പർ മാർക്കറ്റിന് മുന്നിൽ കാണുന്നവരോടൊക്കെ എന്തൊക്കെയോ പറയുന്നു. ചോദിക്കുന്നു. കുറച്ചു ദൂരെയായതിനാൽ ഒന്നും വ്യക്തമായിരുന്നില്ല. മറ്റൊരാളുടെ കര്യം ഒളിഞ്ഞു നോക്കുന്നത് ആർക്കും സന്തോഷമാണല്ലോ? അയാൾ ഒരു ചായക്ക് വേണ്ടി പൈസ ചോദിക്കുകയാണ്. എനിക്ക് ദേഷ്യം തോന്നി. അയാൾ എന്റെയും കയ്യിൽ തട്ടി ഒരു ചായ കുടിക്കാൻ എന്തെങ്കിലും തരാമോ എന്ന് ചോദിച്ചു.

ഒന്നും കണ്ടില്ലെന്ന മട്ടിൽ ഞാൻ നടന്നു. തിരിച്ചു ഫ്‌ളാറ്റിലേക്കാണ്. ഒരു റിയാലിന് ധാരളം കുബൂസ് കിട്ടുന്ന ഈ നാട്ടിൽ ഭക്ഷണത്തിന് മറ്റൊരാളെ സഹായിക്കേണ്ട എന്ന തോന്നലിൽ തന്നെയാണ് ഞാൻ നടന്നത്. ഒരുപാട് ഫ്‌ളാറ്റുകൾ, അതിനൊക്കെ മുന്നിൽ വലിയ വേസ്റ്റ് പാത്രങ്ങൾ, അയാളുടെ മുഖം മനസിന് വല്ലാത്ത ബുദ്ധിമുട്ടാണുണ്ടാക്കുന്നത്.

തന്നെന്തു ക്രൂരനാണെന്നു മനസിങ്ങനെ ആവർത്തിച്ച് പറയുന്നു. തട്ടിപ്പോ, പറ്റിപ്പോ ആവട്ടെ, എന്തെങ്കിലും കൊടുക്കാമെന്നു വിചാരിച്ചു തിരിച്ച് അയാളെ ലക്ഷ്യമാക്കി നടന്നു. ഹൃദയം നന്നായി മിടിക്കുന്നുണ്ടായിരുന്നു. ഈ ലോകം, പ്രകൃതി ഇതൊന്നും എനിക്ക് വേണ്ടി മാത്രമല്ല എന്ന തോന്നൽ എന്തേ എനിക്ക് വന്നില്ല. താനൊരു മനുഷ്യനാണോടോ? മനസാക്ഷിയുടെ വാദങ്ങൾകു മുന്നിൽ ഒന്നും മിണ്ടാൻ കഴിയാതെ ഞാൻ നിന്നു.അയാളെ കണ്ടു കിട്ടിയില്ല.
തിരിച്ചു റൂമിലേക്ക് നടന്നു. എന്റെ ഫ്‌ളാറ്റിനടുത്തെത്താറായപ്പോയേക്കും ക്ഷീണിച്ചിരുന്നു. അവിടെ ആരൊക്കെയോ കൊണ്ടുവച്ച കസേരകൾ ഉണ്ട്. കുറച്ചു നേരം അതിലിരുന്നു. പൊടുന്നനേ പിറകിൽ നിന്നൊരു വിളി കേട്ടു.

‘ബായ് സാബ് ഹംകൊ ചായ് മിലാ’

അയാളാ കസേരയൊന്നിൽ പതിയെ ഇരുന്നു. അയാളുടെ മുഖം വെട്ടിത്തിളങ്ങുണ്ടായിരുന്നു. ആളുകളെ പറ്റിച്ചു കാശുണ്ടാക്കാൻ നടക്കുന്ന ഭിക്ഷാടന മാഫിയ എന്ന് ഞാൻ ചിന്തിച്ച അയാൾ ആരെയോ പറ്റിച്ച് ഒരു കപ്പ് ചായയുമായി വന്നിരിക്കുന്നു. എനിക്കെന്നോട് തന്നെ പുച്ഛം തോന്നി. ദേഹമാസകലം ചളി പുരണ്ട്, കീറിപ്പറിഞ്ഞ ഏതോ കമ്പനിയുടെ യൂണിഫോമും ഇട്ടു തന്റെ മുന്നിലിരുന്നു ചായ കുടിക്കുന്ന അയാളുണ്ടല്ലോ, അയാളും പ്രവാസിയാണ് ! നീ ഇന്നലെ രാത്രി പാഴാക്കി കളഞ്ഞ ഇത്തിരി ഭക്ഷണത്തിന്റെ മുന്നിൽ പുഞ്ചിരി വിടർത്തുന്ന മറ്റൊരു പ്രവാസി. മനസ് മന്ത്രിച്ചു. ശരീരമാസകലം മരവിച്ചു പോയിരിക്കുന്നു. ഞാൻ അയാൾക്കു മുന്നിലേക്ക് കുറച്ചു പൈസ നീട്ടി.

‘എനിക്ക് ചായ കിട്ടിയല്ലോ, പൈസ വേണ്ട ‘കണ്ണുകൾ പതിയെ നനഞ്ഞു. കുറച്ചു മുന്നേ അയാൾക്ക് സന്തോഷം നൽകാനുള്ള അവസരം എന്നിലെ ബൂർഷ തുളച്ചു കളഞ്ഞിരുന്നു. ചായയിൽ കുബൂസ് മുക്കി കഴിക്കുന്ന അയാളെ പിറകിലാക്കി ഞാൻ നടന്നു. രാത്രികളിൽ ചീറി പായുന്ന ബൈക്കുകളിൽ ഡെലിവെറിക്കായി എത്തുന്ന ഭക്ഷണത്തിൽ കളയാനായി ഒന്നും ഇനി ഉണ്ടാകില്ലെന്ന ചെറു ബോധത്തിൽ അന്ന് കിടന്നുറങ്ങി. ഈ ലോകം എന്റേത് മാത്രമല്ലെന്നു പഠിപ്പിച്ചു തന്ന സുഹൃത്തിനു നന്ദി.

DISCLAIMER: ട്വന്റിഫോര്‍ ന്യൂസ് ഡോട്ട്‌കോമില്‍ പ്രസിദ്ധീകരിക്കുന്ന കഥ, നോവല്‍, അനുഭവക്കുറിപ്പ്, കവിത, യാത്രാവിവരണം എന്നിവയുടെയും മറ്റ് രചനകളുടെയും പൂര്‍ണ ഉത്തരവാദിത്വം ലേഖകര്‍ക്കു മാത്രമായിരിക്കും. രചനകളിലെ ഉള്ളടക്കത്തില്‍ ട്വന്റിഫോര്‍ ഓണ്‍ലൈനോ, ഇന്‍സൈറ്റ് മീഡിയാ സിറ്റിയോ, സഹോദര സ്ഥാപനങ്ങളോ, ഡയറക്ടേഴ്‌സോ, മറ്റ് ജീവനക്കാരോ ഉത്തരവാദികളായിരിക്കുന്നതല്ല. ട്വന്റിഫോര്‍ ഓണ്‍ലൈനില്‍ നിങ്ങളുടെ രചനകള്‍ പ്രസിദ്ധീകരിക്കാൻ https://www.twentyfournews.com/readersblog സന്ദർശിക്കുക.

Story Highlights Readers Blog, Chaya

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top