രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 40 ലക്ഷം പിന്നിട്ടു

രാജ്യത്ത് ആശങ്ക ഉയർത്തി കൊവിഡ് വ്യാപനം. രോഗ ബാധിതരുടെ എണ്ണം 40 ലക്ഷം കടന്നു. പ്രതിദിനം മരണം വീണ്ടും ആയിരത്തിന് മുകളിൽ കടന്നിരിക്കുകയാണ്. റെക്കോർഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ സ്ഥിതി ഗുരുതരമായി തുടരുകയാണ്. അതിനിടെ കൊവിഡ് പരിശോധനകളുടെ മാനദണ്ഡം ആരോഗ്യ മന്ത്രാലയം പരിഷ്‌കരിച്ചു.
തുടർച്ചയായ മൂന്നാം ദിവസവും രോഗബാധിതരുടെ എണ്ണം എൺപതിനായിരതിന് മുകളിൽ റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 86,432 പേർക്ക് രോഗം സ്ഥിരീകരിച്ചു.1089 പേർ മരിച്ചു. പ്രതിദിന കേസുകളിലെ റെക്കോർഡ് വർധനവാണിത്. ആകെ രോഗബാധിതരുടെ എണ്ണം 40,23,179 ആയി. മരണസംഖ്യ 69,561 ആയി ഉയർന്നു.ആദ്യ കേസ് റിപ്പോർട്ട് ചെയ്ത 219 ആം ദിവസമാണ് രോഗബാധിതരുടെ എണ്ണം 40 ലക്ഷം കടക്കുന്നത്.മഹാരാഷ്ട്ര,ആന്ധ്ര, കർണാടക തമിഴ്‌നാട്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നായി അര ലക്ഷത്തിലധികം കേസുകൾ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തു .ഡൽഹി, പശ്ചിമബംഗാൾ, തെലങ്കാന, അസം, ഒഡിഷ സംസ്ഥാനങ്ങളിൽ രോഗം അതിവേഗം പടരുകയാണ്.രോഗമുക്തി നിരക്ക് 77.23 ശതമാനമായി ഉയർന്നു. മരണനിരക്ക് 1.73 ശതമാനമായി കുറഞ്ഞു.
രോഗ സംശയമുള്ളവർക്ക് ഡോക്ടറുടെ കുറിപ്പില്ലാതെ കൊവിഡ് പരിശോധന നടത്താമെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ മാർഗ നിർദേശത്തിൽ വ്യക്തമാക്കി. കൂടാതെ രാജ്യങ്ങളോ സംസ്ഥാനങ്ങളോ വിട്ടുള്ള യാത്രയ്ക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കയ്യിൽ കരുതുന്നത് ഉചിതമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
Story Highlights – covid cases crossed 40 lakh in india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here