അരി പാഴാക്കുന്ന കേരളത്തിലെ എഫ്‌സിഐയുടെ ഗോഡൗൺ; പ്രചരിക്കുന്ന ചിത്രത്തിന് പിന്നിൽ

കേരളത്തിലെ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഗോഡൗൺ എന്ന പേരിൽ തെറ്റായ ചിത്രം നൽകി പ്രചാരണം. സോഷ്യൽ മീഡിയയിലൂടെയുള്ള വ്യാജ പ്രചാരണത്തിൽ കബളിപ്പിക്കപ്പെട്ടത് നിരവധി പേരാണ്.
‘വിശപ്പടക്കാൻ വേണ്ടി ഒരു പിടി അരി മോഷ്ടിച്ചവനെ തല്ലിക്കൊന്ന നാട്ടിലെ അന്നം പാഴാക്കി കളയുന്ന ദയനീയ ദൃശ്യം, ഇത് കേരളാ മോഡൽ എന്ന തലക്കെട്ടോടെയാണ് ചിത്രം ഷെയർ ചെയ്യപ്പെട്ടത്. ഒറ്റ നോട്ടത്തിൽ ഈ ഗോഡൗൺ എവിടെയാണെന്ന് വ്യക്തമാകില്ല. തലക്കെട്ട് കണ്ട് വിശ്വസിച്ചവർ പോസ്റ്റു പങ്കുവയ്ക്കുകയും തെറ്റിദ്ധാരണ പരത്തുകയും ചെയ്തു.
പോസ്റ്റ് വൈറലായതോടെയാണ് സർക്കാർ വൃത്തങ്ങൾ തന്നെ വിശദീകരണവുമായി രംഗത്തെത്തിയത്. പ്രചരിക്കുന്നത് കേരളത്തിലെ ദൃശ്യങ്ങളല്ല എന്ന് സർക്കാർ ഔദ്യോഗികമായി അറിയിച്ചു. ഉത്തർപ്രദേശിലെ ഹപൂർ ജില്ലയിലുള്ള എഫ്‌സിഐയുടെ ഗോഡൗണിന്റെ ചിത്രമാണ് തെറ്റായ തലക്കെട്ടോടെ പ്രചരിക്കുന്നത്. 2010 ലും 2012 ലും മറ്റു ചില വർഷങ്ങളിലും വിവിധ മാധ്യമങ്ങളിൽ ഈ ചിത്രം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. തെറ്റിദ്ധാരണ പരത്തുന്നതും വ്യാജമായതുമായ സന്ദേശം പങ്കുവയ്ക്കുന്നവർ നിയമ നടപടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും സർക്കാർ നൽകി. ചുരുക്കത്തിൽ പത്ത് വർഷത്തോളം പഴക്കമുള്ള ചിത്രം പുതിയ തലക്കെട്ടോടെ തെറ്റിദ്ധാരണ പരത്തുന്ന രീതിയിൽ പ്രചരിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇത് തിരിച്ചറിയാത്തവർ കബളിപ്പിക്കപ്പെടുകയും ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here