ഏപ്രിലിന് മുൻപുള്ള സാഹചര്യം അതിർത്തിയിൽ പുനഃസ്ഥാപിച്ച ശേഷം മാത്രം ചർച്ച മതി : ഇന്ത്യ

ഏപ്രിലിന് മുൻപുള്ള സാഹചര്യം അതിർത്തിയിൽ പുനഃസ്ഥാപിച്ച ശേഷം മാത്രം മറ്റേതെങ്കിലും വിഷയത്തിൽ ചർച്ച നടത്തിയാൽ മതിയെന്ന് ചൈനയോട് ഇന്ത്യ. വിദേശകാര്യ മന്ത്രിതല ചർച്ചയിൽ വാണിജ്യ മേഖലയിലെ വിഷയങ്ങളും അജണ്ടയുടെ ഭാഗമാക്കാനുള്ള ചൈനയുടെ നിർദേശം തള്ളിക്കൊണ്ടാണ് ഇന്ത്യയുടെ നിലപാട്.
റഷ്യയിൽ ഷാങ്ഹായ് ഉച്ചകോടിക്കിടെ ഇന്ത്യ ചൈന വിദേശകാര്യ മന്ത്രിമാർ തമ്മിലുള്ള കൂടിക്കാഴ്ച നടക്കും. ഇതിന് മുന്നോടിയായുള്ള സ്ഥിരം സമിതിയുടെ അനൗപചാരിക ചർച്ചകൾ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാം എന്ന നിലപാട് ചൈന പങ്ക് വച്ചു. ഇതിന് തയാറല്ലെന്ന കർശന നിലപാടാണ് തുടർന്ന് ഇന്ത്യ കൈകൊണ്ടത്. ചർച്ചകളിൽ സഹകരിക്കുന്നു എന്നത് നിലപാടിൽ നിന്നും പിന്നാക്കം പോകുന്നതിന്റെ സൂചനയായി കാണേണ്ട എന്ന് ഇന്ത്യ വ്യക്തമാക്കി. ഏപ്രിലിലെ സാഹചര്യം പുനസ്ഥാപിക്കുകയും നിയന്ത്രണ രേഖയിലെ തത്സ്ഥിതി മാറ്റാനുള്ള നീക്കം ഉപേക്ഷിക്കുകയും ചെയ്താലെ സ്ഥിതിഗതികൾ സാധാരണ ഗതിയിലാകൂ. അനൗദ്യോഗിക ചർച്ചകൾ ചൊവാഴ്ച വരെ നീളും എന്നാണ് ഇപ്പോഴത്തെ വിവരം. പത്തിന് മോസ്‌ക്കോയിലെ മെട്രോ പോളോ ഹോട്ടലിൽ വച്ചാകും ഇരു വിദേശകാര്യ മന്ത്രിമാരും കൂടിക്കാഴ്ച നടത്തുക.
അതേസമയം അരുണാചലിൽ അഞ്ച് യുവാക്കളെ തട്ടിക്കോണ്ട് പോയ വിഷയത്തിൽ അവ്യക്തത തുടരുകയാണ്. ഹോട്ട് ലൈനിൽ വിഷയം ഉന്നയിച്ചിട്ടുണ്ടെന്നും ചൈനയുടെ പ്രതികരണം കാക്കുകയാണെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു വ്യക്തമാക്കി. യുവാക്കൾക്ക് എന്ത് സംഭവിച്ചു എന്നറിയാൻ അപ്പർ സുബാൻസിരി ജില്ലാ ഭരണകൂടം ഉദ്യോഗസ്ഥരെ നിയോഗിച്ചു. നടപടിയിൽ ചൈനയോട് ഇന്ത്യ വിശദീകരണം ആവശ്യപ്പെട്ടതായി കേന്ദ്രസർക്കാരിന് വേണ്ടി കേന്ദ്രമന്ത്രി കിരൺ റിജിജു അറിയിച്ചു.
Story Highlights – india-china
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here