യുഎസ് ഓപ്പൺ ടെന്നീസിൽ നിന്ന് നൊവാക് ജോക്കോവിച്ചിനെ പുറത്താക്കി

യുഎസ് ഓപ്പൺ ടെന്നീസിൽ നിന്ന് ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിനെ പുറത്താക്കി. പ്രീക്വാർട്ടർ മത്സരത്തിനിടെ ഒരു ലൈൻ ജഡ്ജിക്ക് നേരെ പന്ത് തട്ടിയതിനെ തുടർന്നാണ് ടൂർണമെന്റിൽ നിന്ന് അയോഗ്യനാക്കിയത്.

സ്‌പെയിനിന്റെ പാബ്ലോ കാരെനോ ബുസ്റ്റയോട് പരാജയപ്പെട്ട് നിൽക്കവെയാണ് സംഭവം നടന്നത്. റാക്കറ്റിൽ നിന്ന് പിന്നിലേക്ക് അടിച്ച പന്ത് അപ്രതീക്ഷിതമായി വനിതാ ജഡ്ജിയുടെ കഴുത്തിൽ തട്ടുകയായിരുന്നു. പന്ത് തട്ടിയതിന്റെ ആഘാതത്തിൽ വനിതാ ജഡ്ജി നിലത്തു വീണു. ഇതിനിടെ വനിതാ ജഡ്ജിക്ക് സമീപമെത്തി ജോക്കോവിച്ച് ആശ്വസിപ്പിക്കുകയും ചെയ്തു. തൊട്ടു പിന്നാലെ ടൂർണമെന്റ് റഫറിയുമായി ലൈൻ ജഡ്ജി ചർച്ച നടത്തുകയും പാബ്ലോയെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു.

കോർട്ടിൽവച്ച് മറ്റൊരാൾക്ക് നേരെ പന്തടിച്ചാൽ മത്സരത്തിൽ നിന്ന് അയോഗ്യത നേരിടേണ്ടി വരുമെന്നാണ് നിയമം. ഇതിന്റെ അടിസ്ഥാനത്തിലാണ് ജോക്കോവിച്ചിനെതിരെ നടപടി ഉണ്ടായത്.

Story Highlights novak djokovic

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top