വാഹനങ്ങളുടെ സ്റ്റിയറിംഗിൽ കാണുന്ന ചെറിയ തടിപ്പുകൾ ബ്രെയ് ലിപിയിലുള്ള എഴുത്തുകളാണോ? [24 Fact check]

/-അർച്ചന ജി കൃഷ്ണ
വാഹനങ്ങളുടെ സ്റ്റിയറിംഗിൽ കാണുന്ന ചെറിയ തടിപ്പുകളുടെ ആവശ്യമെന്താണ്? അവ കഴ്ചാ പരിമിതി ഉള്ളവരെ സഹായിക്കാൻ ബ്രെയ് ലിപിയിലുള്ള എഴുത്തുകളാണോ? ബ്രെയ് ലിപിയിലുള്ള സൂചകങ്ങളാണ് അവയെന്ന തരത്തിലുള്ള പ്രചരണങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. ഇതിലെ വാസ്തവം പരിശോധിക്കുകയാണ് 24 Fact check ടീം.
സ്റ്റിയറിംഗിലെ ഈ തടിപ്പുകൾ ബ്രെയ്‌ലിപിയിലുള്ള സൂചകങ്ങളാണ് എന്ന നിലയിലുള്ള ആയിരത്തലധികം മെസേജുകളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ‘പുതിയ കാര്യങ്ങൾ പഠിക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ട്’. ‘ഇപ്പോഴാണ് ഇവയുടെ പിന്നിലെ കാര്യം മനസിലാക്കുന്നത് ‘ എന്ന കുറിപ്പോട് കൂടിയ സ്റ്റിയറിംഗിന്റെ ചിത്രത്തിന് ഇരുപതിനായിരത്തോളം ഷെയറുകളാണുള്ളത്. ഓഗസ്റ്റ് മധ്യത്തോടെയാണ് ഈ പ്രചാരണം വ്യാപകമായത്.
എന്നാൽ, ഇത്തരം പ്രചാരണത്തിൽ വസ്തുതയില്ലെന്നാണ് യൂറോപ്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കുന്നത്. പഴയ വാഹനങ്ങളിൽ ഹോൺ അടിക്കാനായി എവിടെ പ്രസ് ചെയ്യണമെന്ന് അറിയാൻ വേണ്ടിയാണ് ഇവ സ്ഥാപിച്ചിരുന്നത്. എന്നാൽ, ആധുനിക വാഹനങ്ങളിൽ ഇത്തരമൊരു സൂചനയുടെ ആവശ്യമില്ലെന്നും ഇവർ വിശദമാക്കുന്നു. മാത്രമല്ല, ബ്രെയ് ലിപിയിൽ ഹോൺ എന്ന് എഴുതുന്നത് ഇത്തരത്തിലല്ലായെന്നും വാഹനമോടിക്കാനായി കാഴ്ച സംബന്ധിച്ച ചില മാനദണ്ഡങ്ങളുണ്ടെന്നും ബ്രെയ്‌ലിപി വിദഗ്ധരും വ്യക്തമാക്കുന്നു.
വസ്തുതകളെ തിരിച്ചറിയുന്നതും അവ പങ്കുവയ്ക്കുന്നതും വളരെ നല്ല കാര്യമാണ്. എന്നാൽ, അവയുടെ വാസ്തവം പരിശോധിച്ച ശേഷം മാത്രം പങ്ക് വയ്ക്കുക. വ്യാജ വാർത്തകൾ നിർമിക്കുന്നതനേക്കാൾ ഗുരുതരമാണ് അത് ഷെയർ ചെയ്ത് പ്രചരിപ്പിക്കുന്നതെന്നോർക്കുക.
Story Highlights – Are the small bumps on the steering wheel the letters in Braille? [24 Fact check]
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here