ചന്ദന മോഷ്ടാക്കളുടെ വെടിയേറ്റ് ആദിവാസി യുവതി കൊല്ലപ്പെട്ട സംഭവം: മുഖ്യ ആസൂത്രകന്‍ അറസ്റ്റില്‍

മറയൂരില്‍ ചന്ദന മോഷ്ടാക്കളുടെ വെടിയേറ്റ് ആദിവാസി യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യ ആസൂത്രകന്‍ അറസ്റ്റില്‍. പാളപ്പെട്ടി ആദിവാസി കോളനിയിലെ ബിനുകുമാറിനെയാണ് മറയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ക്ക് തോക്ക് നല്‍കിയ മറയൂര്‍ ചിറക്കടവ് സ്വദേശി സോമന്‍ എന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഓഗസ്റ്റ് 22 ാം തിയതിയാണ് മറയൂര്‍ പാളപ്പെട്ടി ആദിവാസി ഊരില്‍ ചന്ദ്രിക എന്ന യുവതി വെടിയേറ്റു കൊല്ലപ്പെട്ടത്. ചന്ദന തടി മോഷണവുമായി ബന്ധപ്പെട്ട പകയാണ് കൊലപാതകത്തിനു കാരണമായത്. സംഭവത്തില്‍ പതിനാലു വയസുകാരനടക്കം മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകനായ ബിനുകുമാറിനെ പൊലീസ് തെരച്ചില്‍ ആരംഭിച്ചിരുന്നു.

ഇന്ന് വൈകുന്നേരം തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ അറസ്റ്റിലായത്. ചന്ദ്രികയെ വെടിവെച്ച തോക്ക് പ്രതികളായ മണികണ്ഠന്‍, കാളിയപ്പന്‍ എന്നിവര്‍ക്ക് നല്‍കിയത് ബിനുവാണ്. വനംവകുപ്പിന്റെ വാച്ചര്‍മാരെ ആക്രമിക്കുവാനും ഇവര്‍ പദ്ധതിയിട്ടിരുന്നു. പതിനഞ്ചോളം ചന്ദന മോഷണക്കേസിലെ പ്രതിയാണ് പിടിയിലായ ബിനുകുമാര്‍. ഇയാള്‍ക്ക് തോക്ക് ഉണ്ടാക്കി നല്‍കിയ മറയൂര്‍ ചിറക്കടവ് സ്വദേശി സോമനെന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടില്‍ നിന്നും മാന്‍കൊമ്പുകളും വെടിയുണ്ടകളും കണ്ടെടുത്തു.

Story Highlights Tribal woman, Marayoor

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top