അയാളെ ഒരുന്മാദിയാക്കിയിരുന്ന ഭ്രാന്തമായൊരു വികാരമായിരുന്നില്ലേ ക്രിക്കറ്റ്?; ശ്രീശാന്തിന്റെ തിരിച്ചു വരവിനെപ്പറ്റി കുറിപ്പ്

ഒത്തുകളി ആരോപണത്തിൽ കുറ്റവിമുക്തനായ മുൻ ഇന്ത്യൻ താരം ശ്രീശാന്തിൻ്റെ വിലക്ക് നാളെ അവസാനിക്കുകയാണ്. ഇക്കൊല്ലത്തെ ആഭ്യന്തര സീസണിൽ കേരളത്തിനായി ബൂട്ടുകെട്ടി സജീവ ക്രിക്കറ്റിലേക്ക് തിരികെ വരാനൊരുങ്ങുകയാണ് ശ്രീ. താരത്തിൻ്റെ പരിശീലന വിഡിയോകൾ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തതാണ്. നാളെ താരത്തിൻ്റെ വിലക്ക് അവസാനിക്കുന്ന പശ്ചാത്തലത്തിൽ ശ്യാം അജിത്ത് കെ എന്ന ഫേസ്ബുക്ക് യൂസർ തൻ്റെ പ്രൊഫൈലിൽ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്.
Read Also : എന്തുകൊണ്ട് ശ്രീശാന്തിനെ പിന്തുണക്കണം?
ശ്രീ അഹങ്കാരിയല്ല, ദുരഭിമാനി ആയിരുന്നു എന്ന് പോസ്റ്റിൽ ശ്യാം നിരീക്ഷിക്കുന്നു. ബൗണ്ടറിയിലേക്കു പോകുന്ന പന്തുകളെ നോക്കി ആക്രോശിക്കുമ്പോൾ, വീഴ്ത്തിയ വിക്കറ്റുകളിൽ സ്വയം മറന്നാഘോഷിക്കുമ്പോൾ ശ്രീയെ നിയന്ത്രിക്കുന്നത് തോൽക്കാൻ തയ്യാറല്ലെന്നുള്ള അയാളിലെ വികാരമാണ്. അയാൾക്കു ക്രിക്കറ്റിനെ ചതിക്കുവാൻ കഴിയുമായിരുന്നുവോ?. അയാളെ ഒരുന്മാദിയാക്കിയിരുന്ന ഭ്രാന്തമായൊരു വികാരമായിരുന്നില്ലേ ക്രിക്കറ്റ് എന്നും ശ്യാം ചോദിക്കുന്നു.
Read Also : വിലക്ക് ഈ മാസം അവസാനിക്കും; പരിശീലന വിഡിയോ പങ്കുവച്ച് ശ്രീശാന്ത്
ശ്യാം അജിത്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:
ചില സായാഹ്നങ്ങളുണ്ട്…
ഒരായിരം പ്രതീക്ഷകളുമായി, അവയുടെ നാമ്പുകൾ വിടർത്തുവാൻ പാകമുള്ള വെളിച്ചവുമായി തുടങ്ങുന്ന മനോഹരമായ പുലരികൾക്ക് ഒട്ടുമനുയോജ്യമാകാതെ വന്നുചേരുന്ന ചില സായാഹ്നങ്ങൾ!!. ഇടയ്ക്കെപ്പോഴോ പെയ്തൊരു മഴയായിരിക്കാം ആ വൈകുന്നേരത്തിന്റെ ചാരുത നഷ്ടമാക്കിയത്. അതല്ലെങ്കിൽ മഴയുടെ ഭീതി പടർത്തി ഉച്ചവെയിലിന്റെ കരുത്തു മുഴുവൻ ചോർത്തിയെടുത്തൊരു കാർമേഘക്കൂട്ടമാവാം.
അയാളുമൊരു നല്ല തുടക്കമായിരുന്നു. ക്രിക്കറ്റിനേറ്റവും വളക്കൂറുള്ള മണ്ണിന്റെ ഭാഗമായിരുന്നിട്ടും എടുത്തുപറയാൻ അധികം നേട്ടങ്ങൾ സ്വന്തമായില്ലാത്തൊരു ദേശത്തിന് അപൂർവമായി മാത്രം ലഭിച്ചൊരു നല്ല ദിനം. ഒരുപാടു ദൂരവും അതിലേറെ പ്രതിബന്ധങ്ങളും താണ്ടി സഞ്ചരിച്ചതിനാലാകാം, അയാളുടെ തുടക്കംപോലും വീര്യമേറിയതായിരുന്നു. അതിനാലാകും ഉച്ചവെയിലിനെക്കാൾ തീക്ഷ്ണമായ കിരണങ്ങൾ സൃഷ്ടിക്കുവാൻ ശ്രീശാന്തിലെ പുലരിക്കുപോലും സാധിച്ചത്.
റോ ഫാസ്റ്റ് ബൗളിംഗിന് ഇന്ത്യയിൽ നിലനിൽപില്ലെന്നൊരു മിഥ്യാധാരണ നിലനിന്നിരുന്നു. പക്ഷേ അതിന്റെ സൗന്ദര്യം ആസ്വദിക്കുവാനോ ഉൾക്കൊള്ളുവാനോ ഇന്ത്യൻ ക്രിക്കറ്റ് ശ്രമിച്ചിരുന്നില്ലെന്നതാകും യാഥാർത്യം. സാക്ഷാൽ ഹെർബെർട് സച്ക്ലിഫിന്റെ പ്രതിരോധം തകർത്തു മുഹമ്മദ് നിസാർ തുടങ്ങിവെച്ച പേസ് ബൗളിംഗ് എന്ന കലയോടു തുടക്കം മുതലേ ഇന്ത്യ മുഖം തിരിഞ്ഞു നിന്നു. ബാറ്റസ്മാനു പിന്നിലുള്ള സ്റ്റമ്പുകൾ മാത്രമല്ല അയാൾക്കുചുറ്റുമുള്ള വായുപോലും നിർദയം ആക്രമിക്കപ്പെടാനുള്ളതാണെന്ന സിദ്ധാന്തം മാന്യൻമാരുടെ കളിക്കു നിരക്കാത്തതാണെന്ന ചിന്തയാകാം അതിനു കാരണം, അതല്ലെങ്കിൽ പുതുമകൊണ്ട് അതിഥികളെ എന്നും വിസ്മയിപ്പിച്ചിട്ടുള്ള നമ്മുടെ ചരിത്രമാകാം, കയ്യിൽനിന്നു പുറപ്പെട്ട ശേഷവും പന്തിനെ ഒരു നൂലിൽ ബന്ധിച്ചാലെന്നപോലെ നിയന്ത്രിച്ചുനിർത്തിയ സ്പിൻ മാന്ത്രികതയെ പ്രണയിക്കാൻ ഇന്ത്യൻ ജനതയെ പ്രേരിപ്പിച്ചത്.
മൈതാനങ്ങൾ എന്നും അതിജീവനത്തിന്റെ കളിത്തട്ടുകളായിരുന്നു. ഇന്ത്യൻ ക്രിക്കറ്റിൽ പേസ് ബൗളിങ്ങും അതേ അതിജീവനത്തിനുള്ള വഴികളായിരുന്നു തേടിയിരുന്നത്. പന്തൊരുക്കുവാനുള്ള വെറും ഉപകരണങ്ങളിൽ നിന്നും ആക്രമണത്തിന്റെ വിഷം പുരട്ടിയ അമ്പുകളായി മാറുവാനുള്ള പോരാട്ടം. കപിൽ ദേവും, ശ്രീനാഥും, സഹീറുമെല്ലാം അത്തരം പോരാട്ടങ്ങളുടെ വക്താക്കളായിരുന്നു. അവിടേക്കാണയാൾ കടന്നുവന്നത്. പന്തു മാത്രമല്ല വെറുമൊരു നോട്ടം പോലും മൈതാനത്തിൽ ആയുധമാണെന്നു വിശ്വസിച്ചവൻ, ശാന്തതയെന്നതു പേരിന്റെ മാത്രം ഭാഗമാക്കിയവൻ, ഇക്കോണമി റേറ്റിനു പകരം ബാറ്റ്സ്‌മാന്റെ പ്രതിരോധം ഭേദിച്ചു നിലത്തു വീഴുന്ന സ്റ്റമ്പിന്റെ ശബ്ദം ലഹരിയാക്കിയവൻ !!.
“Arrogance…”
ശ്രീയുടെ കരിയറിന്റെ തുടക്കം മുതൽക്കേ അയാളൊരുപാടുകേട്ടൊരു പഴിവാക്കാണത്. പക്ഷേ ഒരു അഹങ്കാരിയെന്നതിലേറെ മൈതാനത്തെങ്കിലും അയാളൊരു ദുരഭിമാനിയാണെന്നു തോന്നിയിട്ടുണ്ട്. ബാറ്റ്സ്മാന്റെ കരുത്തിനു മുന്നിലല്ല, വികാരങ്ങൾക്കു മുന്നിലാണ് അയാൾ അതിവേഗം കീഴ്പെടുന്നതെന്നു തോന്നിയിട്ടുണ്ട്. എങ്കിലും അതായിരുന്നു അയാളുടെ കരുത്ത്, അതായിരുന്നു അയാളുടെ ആയുധം. ഒരേയൊരു സിക്സിന്റെ ബലത്തിൽ അത്തരമൊരു നൃത്തം ഇന്നും അയാൾക്കുമാത്രം സാധിക്കുന്നത് അയാളൊരു ദുരഭിമാനിയായതുകൊണ്ടാണ്. ബൗണ്ടറിയിലേക്കു പോകുന്ന പന്തുകളെ നോക്കി ആക്രോശിക്കുമ്പോൾ, വീഴ്ത്തിയ വിക്കറ്റുകളിൽ സ്വയം മറന്നാഘോഷിക്കുമ്പോൾ ശ്രീയെ നിയന്ത്രിക്കുന്നത് തോൽക്കാൻ തയ്യാറല്ലെന്നുള്ള അയാളിലെ വികാരമാണ്.
പുലരി അത്രമേൽ വന്യമായതിനാലാകാം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അയാളിലെ ഉച്ചവെയിലിനെ കാർമേഘങ്ങൾ കവർന്നെടുത്തത്. ജീവനേക്കാൾ സ്നേഹിച്ച ഗെയിമിനെ ഒറ്റികൊടുത്ത യൂദാസെന്നതിനെക്കാൾ അപ്രതീക്ഷിതമായി പെയ്ത മഴയിൽ പൂക്കളെ നഷ്ടമായ വസന്തമായിരുന്നു അയാളെന്നു വിശ്വസിക്കാനാണ് ഇന്നും ആഗ്രഹിക്കുന്നത്. അയാൾക്കു ക്രിക്കറ്റിനെ ചതിക്കുവാൻ കഴിയുമായിരുന്നുവോ?. അയാളെ ഒരുന്മാദിയാക്കിയിരുന്ന ഭ്രാന്തമായൊരു വികാരമായിരുന്നില്ലേ ക്രിക്കറ്റ്?.
ഒരിക്കൽപ്പോലും അയാളെയോർത്തസൂയ തോന്നിയിട്ടില്ലെന്നു പറഞ്ഞാൽ അതൊരു വലിയ കള്ളമാകും. അയാൾ സ്വന്തമാക്കിയ നിമിഷങ്ങൾ ഏതൊരു യുവാവിന്റേയും സ്വപ്നങ്ങളായിരുന്നു. അനേകം പേർ കണ്ട, കുറച്ചുപേർ മാത്രം പിന്തുടർന്ന, നാളിതുവരെ അയാൾ മാത്രം സ്വന്തമാക്കിയ സ്വപ്‌നങ്ങൾ !!. പക്ഷേ അവയെ അധികമാസ്വദിക്കുവാൻ അയാൾക്കു കഴിഞ്ഞില്ല. മഴ പെയ്തൊഴിഞ്ഞ, കാർമേഘങ്ങൾ നീങ്ങിയ ഒരു സായാഹ്നത്തിൽ ശ്രീ തിരികെ വരികയാണ്. അവയെ ഒരിക്കൽക്കൂടി സ്വന്തമാക്കുവാൻ. തന്റെ പ്രതാപകാലത്തു ഗില്ലിയുടെയും ഹെയ്ഡന്റെയും പ്രതിരോധത്തെ പരിഹസിച്ച കൃത്യതയോ ജാക് കാലിസിന്റെ നെഞ്ചിടിപ്പിന്റെ വേഗം പരിശോധിച്ച രൗദ്രതയോ അയാളുടെ പന്തുകൾക്കുണ്ടാകുമെന്നു കരുതുന്നില്ല. എങ്കിലുമൊരിക്കൽ കൂടി ശ്രീയെ മൈതാനത്തു കാണണമെന്നു മനസ്സു പറയുന്നുണ്ട്. വന്യതയൽപം കുറവെങ്കിലും ചക്രവാളത്തിൽ നിന്നും മേഘങ്ങൾക്കിടയിലൂടെ ഭൂമിയിലേക്കൊളിഞ്ഞുനോക്കുന്ന അസ്തമയസൂര്യന്റെ കിരണങ്ങൾക്കല്ലേ ഉച്ചവെയിലിനെക്കാൾ സൗന്ദര്യം?.
Story Highlights – Sreesanth comeback facebook post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here