അക്രമ സമരം കേരളത്തെ കുരുതിക്കളമാക്കാനുള്ള യുഡിഎഫ്, ബിജെപി ഗൂഢാലോചനയുടെ ഭാഗം: എ. വിജയരാഘവന്‍

സര്‍ക്കാരിനെ രാഷ്ട്രീയമായി നേരിടാന്‍ കഴിയാതെ വന്നപ്പോള്‍ അക്രമ സമരത്തിലൂടെ അരാജകത്വം സൃഷ്ടിക്കാനാണ് പ്രതിപക്ഷ നീക്കമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ പ്രസ്താവനയില്‍ പറഞ്ഞു. യുഡിഎഫും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയ സഖ്യമാണ് കേരളത്തിലെ തെരുവുകളില്‍ അഴിഞ്ഞാട്ടം നടത്തുന്നത്. സംഘര്‍ഷം സൃഷ്ടിച്ച് കലാപം പടര്‍ത്താന്‍ കോണ്‍ഗ്രസും ബിജെപിയും ഗൂഢാലോചന നടത്തിയതിന് തെളിവാണ് അക്രമസമരം.

മന്ത്രിമാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമെതിരെ കള്ളക്കഥകള്‍ ചമച്ച് വ്യക്തിഹത്യ നടത്തുകയാണ്. മന്ത്രിമാരുടെ വാഹനം തടഞ്ഞുനിര്‍ത്തി ശാരീരികമായി ആക്രമിക്കാന്‍ ശ്രമിക്കുന്നത് ജനാധിപത്യപരമായ സമര മാര്‍ഗമല്ല. കൊല്ലത്ത് മന്ത്രി കെ.ടി. ജലീലിന്റെ വാഹനം തടഞ്ഞ് അദ്ദേഹത്തെ അപായപ്പെടുത്താനാണ് ബിജെപി ശ്രമിച്ചത്. ഇത് വെച്ചുപെറുപ്പിക്കില്ല. മന്ത്രിമാരെയും നേതാക്കളെയും ഒരു പോറല്‍ പോലും ഏല്‍ക്കാതെ സംരക്ഷിക്കാനുള്ള കരുത്ത് എല്‍ഡിഎഫിന് ഉണ്ടെന്ന് ശക്തമായി ഓര്‍മപ്പെടുത്തുകയാണ്.

കോണ്‍ഗ്രസ് ബിജെപി നേതാക്കള്‍ പറയുന്ന നട്ടാല്‍ കുരുക്കാത്ത നുണ മാധ്യമങ്ങള്‍ ഏറ്റെടുത്ത് പ്രചരിപ്പിക്കുന്ന വിചിത്ര രീതിയാണ് കേരളത്തില്‍ കാണാന്‍ കഴിയുന്നത്. അങ്ങേയറ്റം നിന്ദ്യമായ ഈ നടപടി രാഷ്ട്രീയ മാന്യതയ്ക്ക് ചേര്‍ന്നതാണോ എന്ന ആത്മപരിശോധന നടത്തണം. യുഡിഎഫും ബിജെപിയും തമ്മില്‍ ഉരുത്തിരിഞ്ഞിട്ടുള്ള രാഷ്ട്രീയ സഖ്യത്തിന്റെ അരങ്ങേറ്റമാണ് സൈ്വരജീവിതം തകര്‍ക്കാനുള്ള അക്രമ സമരം.

മന്ത്രി കെ.ടി. ജലീല്‍ കുറ്റക്കാരനാണെന്ന് ഒരു അന്വേഷണ ഏജന്‍സിയും കണ്ടെത്തിയിട്ടില്ല. മതഗ്രന്ഥം ഏറ്റുവാങ്ങിയതില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉന്നയിച്ച എല്ലാ സംശയങ്ങള്‍ക്കും അദ്ദേഹം തൃപ്തികരമായ വിശദീകരണം നല്‍കിയിട്ടുണ്ട്. സംഘപരിവാര്‍ സംഘടനകള്‍ അദ്ദേഹത്തെ വേട്ടയാടുന്നത് മറ്റ് ചില ലക്ഷ്യങ്ങളോടെയാണ്. അതിന് കൂട്ടുനില്‍ക്കുകയാണ് യുഡിഎഫ് നേതൃത്വമെന്നും എ.വിജയരാഘവന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Story Highlights A. Vijayaraghavan,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top