വയോജനങ്ങളുടെ മാനസികോല്ലാസത്തിനായി ‘വയോജന പാര്‍ക്ക്’ ; 50 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി

വയോജനങ്ങളുടെ മാനസികോല്ലാസത്തിനായി അവര്‍ക്കായി മാത്രമുള്ള പ്രത്യേക ഇടങ്ങള്‍ നിര്‍മിക്കുന്നതിനായി 50 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. വയോജനങ്ങള്‍ക്ക് സ്വസ്ഥ ജീവിതം പ്രദാനം ചെയ്യുന്നതിനും അവര്‍ക്ക് ആശ്വാസമാകുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിനും വേണ്ടിയാവിഷ്‌ക്കരിച്ച വയോജന നയം അനുസരിച്ച് നിരവധി ക്ഷേമ പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. സംസ്ഥാന വയോജന ക്ഷേമ പദ്ധതിയായ സായംപ്രഭയുടെ ഭാഗമായാണ് വയോജനങ്ങളുടെ മാനസിക ഉല്ലാസത്തിനായി അവര്‍ക്ക് മാത്രമുള്ള പ്രത്യേക ഇടങ്ങള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

മൂവാറ്റുപുഴ മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ വാഴക്കുളം എന്ന സ്ഥലത്താണ് ആദ്യ ഘട്ടത്തില്‍ പാര്‍ക്കൊരുക്കുന്നത്. വയോജന പാര്‍ക്കിന് വേണ്ടി സ്ഥലമൊരുക്കല്‍, ചുറ്റുമതില്‍ നിര്‍മാണം, ഗേറ്റ്, തുറന്ന വിശ്രമ കേന്ദ്രം, പാര്‍ക്കിന്റെ സൗന്ദര്യവത്കരണം, ടോയിലറ്റ് ബ്ലോക്ക്, ഓപ്പണ്‍ ഫൗണ്ടന്‍, പൂന്തോട്ട നിര്‍മാണം, സിമന്റ് ബെഞ്ചുകളുടെ നിര്‍മാണം എന്നിവയ്ക്കായാണ് തുകയനുവദിച്ചത്. മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി പൂര്‍ത്തിയാക്കുന്നത്. ഭാവിയില്‍ വയോജന പാര്‍ക്കുകള്‍ വ്യാപിപ്പിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

Story Highlights park for the elderly people

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top