‘ഖുറാൻ വിതരണം ചെയ്യാൻ സാധിക്കുമോ എന്ന് മന്ത്രി ചേദിച്ചു’; മതഗ്രന്ഥ വിവാദത്തിൽ പ്രതികരണവുമായി മതപഠന സ്ഥാപനം

മന്ത്രി കെ.ടി ജലീൽ എടപ്പാൾ ഇർഷാദ് എത്തിച്ച മതഗ്രന്ഥ പെട്ടികളിൽ ഒന്ന് തുറന്ന നിലയിൽ. മതപഠന സ്ഥാപനത്തിലുള്ളത് ഖുറാൻ അടങ്ങിയ 16 പെട്ടികളെന്ന് അധികൃതർ. പെട്ടികളിലുള്ളത് ഖുറാൻ തന്നെയെന്ന് ഉറപ്പ് വരുത്താൻ പെട്ടി തുറന്നുവെന്നും സ്ഥാപനത്തിന്റെ പ്രസിഡന്റ് അബൂബക്കർ സിദ്ദീഖ് അയ്‌ലക്കാട് ട്വന്റിഫേറിനോട് പറഞ്ഞു.
മന്ത്രി കെ.ടി ജലീൽ നയതന്ത്ര പാഴ്‌സൽ വഴി മതഗ്രന്ഥം എത്തിച്ചുനൽകിയത് പന്താവൂരിലെ ഇർഷാദ് എന്ന മതപഠന സ്ഥാപനത്തിലേക്കാണെന്നാണ് റിപ്പോർട്ട്. ഖുറാൻ ദുബായ് കോൺസുലേറ്റ് വഴി ഇതിന് മുമ്പ് വന്നിട്ടില്ലെന്ന് സ്ഥാപനത്തിന്റെ പ്രസിഡന്റ് അബൂബക്കർ സിദ്ദീഖ് അയ്‌ലക്കാട് ട്വന്റിഫോറിനോട് പറഞ്ഞു. വ്യക്തികൾ പലരും ഖുറാൻ വിതരണം ചെയ്യാൻ ഇവിടെ ഏൽപ്പിക്കാറുണ്ട്. നിർധനരായ ആളുകൾക്കുള്ള സാമ്പത്തിക സഹായങ്ങൾ, വസ്ത്രങ്ങൾ, ഭക്ഷണ വസ്തുക്കൾ എന്നിവയും സ്ഥാപനത്തെ ഏൽപ്പിക്കാറുണ്ടെന്ന് അബൂബക്കർ സിദ്ദീഖ് പറയുന്നു. അത്തരത്തിലൊരു കാര്യമാണ് മന്ത്രിയും ചോദിച്ചത്. ഖുറാൻ വിതരണം ചെയ്യുമോ എന്ന് ചോദിച്ചാൽ സാധിക്കില്ല എന്ന് പറയാൻ കഴിയില്ല. അന്ന് ഇത്തരം വിവാദങ്ങളുണ്ടായിരുന്നില്ലെന്നും അബൂബക്കർ സിദ്ദീഖ് പറഞ്ഞു.
‘ജൂലൈ 27-ാം തിയതി പരിസരപ്രദേശത്തുള്ള ഇർഷാദിന്റെ സെക്രട്ടറി വാരിയത്ത് മുഹമ്മദ് അലി ചെയർമാനായിട്ടുള്ള നന്മ പബ്ലിക്കേഷൻ എന്നൊരു സ്ഥാപനമുണ്ട്. അതിന്റെ ആഭിമുഖ്യത്തിൽ പാവപ്പെട്ടവർക്ക് വീട് നൽകുന്ന ചടങ്ങിൽ വച്ചാണ് മന്ത്രി കെ.ടി ജലീലിനെ ആദ്യമായി കാണുന്നതെന്ന് അദ്ദേഹം പറയുന്നു. ചടങ്ങിന് ശേഷമാണ് ജലീൽ കുറച്ച് ഖുറാൻ ഇർഷാദിൽ എത്തിച്ചാൽ പരിസരപ്രദേശങ്ങളിലെ പള്ളികളിലേക്കും ആവശ്യക്കാർക്കും കൊടുക്കുമോ എന്ന് ചോദിക്കുന്നത്. അബൂബക്കർ സിദ്ദീഖ് അത് ചെയ്യാം എന്ന് പറഞ്ഞു’- അബൂബക്കർ സിദ്ദീഖ് പറയുന്നു.
തുടർന്ന് ജൂലൈ 2ന് രാവിലെ തിരുവനന്തപുരത്ത് നിന്ന് ഖുറാൻ വന്നിട്ടുണ്ട്, എവിടെയാണ് വയ്‌ക്കേണ്ടത് എന്ന് ചോദിച്ച് ഒരു ഫോൺ കോൾ വന്നു. വാച്ച്മാൻ അബൂബക്കർ ഹാജി പള്ളിയുടെ മുൻഭാഗത്ത് അതിന് സൗകര്യം ചെയ്തു. 16 പെട്ടി ഖുറാൻ അവിടെവച്ചു. ഒരു പെട്ടി തുറന്ന് അത് ഏത് തരത്തിലുള്ള ഖുറാനാണെന്ന് നോക്കി ഉറപ്പ് വരുത്താൻ നിർദേശം നൽകിയിരുന്നു. ഇതിന് ശേഷം ഖുറാൻ വേണ്ടവർ ബന്ധപ്പെടാൻ പറഞ്ഞ് ഫേസ്ബുക്കിൽ ഒരു കുറിപ്പിട്ടു. പിന്നാലെ നാൽപതോളം അപേക്ഷകൾ വിവിധ മഹല്ലുകളിൽ നിന്ന് വന്നു. ഖുറാൻ വിതരണം ചെയ്യാൻ തുടങ്ങിയപ്പോഴാണ് മന്ത്രി വിളിച്ചിട്ട് ഖുറാനുകൾ വിതരണം ചെയ്യരുതെന്നും താൻ പറഞ്ഞിട്ട് വിതരണം ആരംഭിച്ചാൽ മതിയെന്നും പറയുന്നത്.
ഖുറാൻ ഇവിടെ പ്രസിദ്ധീകരിക്കാം എന്നിരിക്കെ എന്തിനാണ് ഗൾഫിൽ നിന്ന് കൊണ്ടുവരുന്നത് എന്ന ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി ഇങ്ങനെ :’ സി.എച്ച് പ്രസിൽ നിന്നാണ് പരിസരത്ത് നിന്ന് ഖുറാൻ അച്ചടിക്കുന്നത്. പൊന്നാനി ലിപിയിലാണ് ആദ്യം അച്ചടിച്ചിരുന്നത്. ഖുറാനിന്റെ ലിപി ‘റസ്മുൽ ഉസ്മാനാണ്’. അതിൽ ഇപ്പോഴാണ് അച്ചടിക്കുന്നത്. ഗൾഫിൽ അവിടുത്തെ ഔക്കാഫ് അംഗീകരിച്ച പ്രസിൽ അച്ചടിച്ച ഖുറാൻ ആയിരിക്കും. പലപ്പോഴും ഇവിടെ അച്ചടിച്ച ഖുറാൻ ഉംറയ്ക്ക് പോകുമ്പോൾ കസ്റ്റംസ് അവിടേക്ക് കടത്തി വിടാറില്ല.’
വാഹനം വന്ന സമയത്ത് താനല്ല, വാച്ച്മാൻ ആയിരുന്നു ഉണ്ടായിരുന്നതെന്നും, വിവാദങ്ങൾ ഉണ്ടായതിന് ശേഷം ഉദ്യോഗസ്ഥർ ഇർഷാദിലെത്തി വാച്ച്മാനോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞുവെന്നും അബൂബക്കർ സിദ്ദീഖ് പറയുന്നു.
Story Highlights – quran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here