Advertisement

ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി അംബാസിഡർമാർ; ഐപിഎല്ലിൽ അരങ്ങേറുന്നവരിൽ പ്രധാനപ്പെട്ട അഞ്ച് ഇന്ത്യൻ യുവതാരങ്ങൾ

September 16, 2020
Google News 4 minutes Read
five indian youngsters ipl

ലേറ്റാനാലും ലേറ്റസ്റ്റായി ഐപിഎൽ വരികയാണ്. ഈ മാസം 19ന് ക്രിക്കറ്റ് മാമാങ്കം യുഎഇയിൽ ആരംഭിക്കും. രാജ്യാന്തര തലത്തിലെ സൂപ്പർ സ്റ്റാറുകൾക്കൊപ്പം ആഭ്യന്തര ക്രിക്കറ്റിലെ മികച്ച താരങ്ങൾ കൂടി മാറ്റുരക്കുന്ന ഒരു ടാലൻ്റ് പൂൾ ആണ് ഐപിഎൽ. ഇക്കൊല്ലവും ഐപിഎലിൽ പുതുമുഖങ്ങൾ ചിലരുണ്ട്. ഇവരിൽ ചിലർ സമീപഭാവിയിൽ ഇന്ത്യൻ ദേശീയ കുപ്പായമണിയാൻ സാധ്യതയുള്ളവരാണ്. അങ്ങനെ ചില കളിക്കാരെയാണ് ഇനി പരിചയപ്പെടുത്താനുള്ളത്.

ദേവദത്ത് പടിക്കൽ

Devdutt Padikkal reaps rewards of focus | Cricket News - Times of India

മലപ്പുറം ജില്ലയിലെ എടപ്പാളുകാരനാണ് ദേവദത്ത് പടിക്കൽ. ആഭ്യന്തര മത്സരങ്ങൾ കളിക്കുന്നത് പക്ഷേ, കർണാടകക്ക് വേണ്ടിയാണ്. കേരളത്തിനു നഷ്ടമായ പ്രതിഭകളിൽ ഏറ്റവും അവസാനത്തെ പേരാണ് ദേവദത്ത്. ചെറുപ്രായത്തിൽ തന്നെ മാതാപിതാക്കൾക്കൊപ്പം കർണാടകയിൽ താമസമാക്കിയ ഈ ഇടംകയ്യൻ്റെ വളർച്ച വേഗത്തിലായിരുന്നു. 2017ൽ കർണാടക പ്രീമിയർ ലീഗിലെ പ്രകടനം ദേവദത്തിനെ കർണാടക അണ്ടർ-19 ടീമിലെത്തിച്ചു. മികച്ച പ്രകടനങ്ങൾക്കു പിന്നാലെ ഫോം നഷ്ടപ്പെട്ടു. അന്ന് കളി നിർത്താൻ തീരുമാനിച്ച ദേവദത്ത് 2018ലെ കുച്ച് ബെഹാർ ട്രോഫിയിലൂടെ തിരികെയെത്തി. ടൂർണമെൻ്റിൽ 829 റൺസുമായി ടോപ്പ് സ്കോറർ ലിസ്റ്റിൽ നാലാമത്. പിന്നീട്, കർണാടക പ്രീമിയർ ലീഗിൻ്റെ കഴിഞ്ഞ സീസണിൽ 310 റൺസുമായി ഒന്നാമത്. 2018 രഞ്ജി സീസണിൽ കർണാടകത്തിനു വേണ്ടി അരങ്ങേറ്റം. അഞ്ച് മത്സരങ്ങളിൽ നിന്ന് മൂന്ന് അർധസെഞ്ചുറികൾ. ഇതിനിടെ, മികച്ച ബാറ്റ്സ്മാനുള്ള കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ്റെ പുരസ്കാരം. ശ്രീലങ്കക്കെതിരായ ഇന്ത്യയുടെ അണ്ടർ 19 ടീമിൽ ഇടം നേടി ചില ഗംഭീര പ്രകടനങ്ങൾ. തുടർന്ന് വിജയ് ഹസാരെ ട്രോഫിയിലേക്കുള്ള ടീമിൽ. 11 മത്സരങ്ങളിൽ നിന്ന് 609 റൺസുമായി ടൂർണമെൻ്റ് ടോപ്പ് സ്കോറർ. പിന്നാലെ റോയൽ ചലഞ്ചേഴ്സ് ടീമിലെടുക്കുന്നു. ഫിഞ്ച്, കോലി, പാർത്ഥിവ്. ഓപ്പണിങ് സ്ഥാനത്ത് ദേവദത്തിനു മത്സരിക്കാനുള്ളത് വലിയ പേരുകാർ. എങ്കിലും ബാംഗ്ലൂർ പ്ലേയിങ് ഇലവനിൽ ഈ 19കാരൻ ഉറപ്പായും ഉണ്ടാവുമെന്ന് തന്നെയാണ് പ്രതീക്ഷ.

യശസ്വി ജയ്‌സ്വാൾ

Yashasvi Jaiswal's U-19 World Cup Man Of The Series Trophy Broken In 2:  Report | Cricket News

കിടക്കാൻ ഇടമില്ലാതെ കാലിത്തൊഴുത്തിൽ അന്തിയുറങ്ങേണ്ടി വന്ന ഈ മുംബൈക്കാരൻ കഴിഞ്ഞ അണ്ടർ-19 ലോകകപ്പിൽ മികച്ച താരമായിരുന്നു. ഭക്ഷണം കഴിക്കാൻ പണം ഇല്ലാത്തതിനാൽ പാനി പൂരി വിറ്റ് നടന്ന ഒരു സമയമുണ്ട് യശസ്വിക്ക്. 3 വർഷം ഒരു ടെൻ്റിൽ കഴിഞ്ഞ ജയ്സ്വാളിൻ്റെ തലവര മാറുന്നത് 2013ൽ ജ്വാല സിംഗ് എന്ന പരിശീലകനിലൂടെയായിരുന്നു. 2015ലെ ഗൈൽസ് ഷീൽഡ് മാച്ചിൽ ബാറ്റ് കൊണ്ട് 319 റൺസും പന്തെറിഞ്ഞപ്പോൾ 13 വിക്കറ്റുകളും. ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം. 2018ൽ ഇന്ത്യ ചാമ്പ്യന്മാരായ അണ്ടർ 19 ഏഷ്യ കപ്പിൽ 318 റൺസുമായി ടോപ്പ് സ്കോറർ. 2018-19 രഞ്ജി സീസണിൽ മുംബൈക്കായി അരങ്ങേറ്റം. 2019 സെപ്തംബറിൽ ലിസ്റ്റ് എ അരങ്ങേറ്റം. അടുത്ത മാസം ജാർഖണ്ഡിനെതിരെ ഇരട്ടശതകം നേടി ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ ഡബിൾ സെഞ്ചൂറിയൻ എന്ന റെക്കോർഡ്. സീസണിൽ ഏറ്റവുമധികം റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ യശസ്വി അഞ്ചാമതുണ്ടായിരുന്നു. വെറും 6 മത്സരങ്ങളിൽ നിന്ന് 112 ശരാശരിയിൽ 564 റൺസാണ് യശസ്വി നേടിയത്. അണ്ട-19 ലോകകപ്പിൽ 6 മത്സരങ്ങളിൽ നിന്ന് 4 അർദ്ധസെഞ്ചുറികളും ഒരു സെഞ്ചുറിയും അടക്കം 400 യശസ്വി നേടിയത് റൺസ്. ശരാശരി 133. പട്ടികയിൽ രണ്ടാമതുള്ള താരം അത്ര തന്നെ മത്സരങ്ങളിൽ നിന്ന് നേടിയത് 286 റൺസ്. ബട്‌ലർ, ഉത്തപ്പ, സഞ്ജു എന്നിവരോടൊപ്പമാണ് യശസ്വി ഫസ്റ്റ് ഇലവനിൽ മത്സരിക്കേണ്ടത്. പക്ഷേ, ഈ 19കാരനും രാജസ്ഥാൻ്റെ ഫൈനൽ ഇലവനിൽ ഉണ്ടാവുമെന്നാണ് പ്രതീക്ഷ.

Read Also : പാക് കളിക്കാരുടെ കട്ടൗട്ട് ബ്ലർ ചെയ്ത് സ്റ്റേഡിയത്തിൽ നിന്ന് ഫോട്ടോ; ഗാംഗുലിയുടെ നീക്കം ചർച്ചയാവുന്നു

അബ്ദുൽ സമദ്

Profile: big-hitting J&K batsman and IPL signing Abdul Samad

ജമ്മു കശ്മീർ സ്വദേശിയാണ്. അടുത്തിടെ വാർത്തകളിൽ ഇടം പിടിച്ച പുൽവാമയിൽ 2001ൽ ജനിച്ചു വീണ പയ്യൻ. 18 വയസ്സേയുള്ളൂ അബ്ദുൽ സമദിന്. പക്ഷേ, ആഭ്യന്തര ഏജ് ഗ്രൂപ്പ് ക്രിക്കറ്റിൽ ഈ പേര് സുപരിചിതമാണ്. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ഗംഭീര പ്രകടനങ്ങൾ നടത്തുന്ന ഒരു ഒന്നാം തരം ഓൾറൗണ്ടർ. മുൻ ഇന്ത്യൻ ഓൾറൗണ്ടറും ജമ്മു കശ്മീർ മുൻ പരിശീലകനുമായ ഇർഫാൻ പത്താൻ്റെ കണ്ടെത്തലായിരുന്നു അബ്ദുൽ സമദ്.

രഞ്ജി ട്രോഫി ടീമിനായുള്ള ക്യാമ്പാണ് വേദി. മുതിർന്ന ബാറ്റ്സ്മാന്മാർ പോലും ബുദ്ധിമുട്ടുന്ന പിച്ചിൽ ഒരു പയ്യൻ തകർത്തടികുന്നത് ഇർഫാൻ ശ്രദ്ധിക്കുന്നു. അങ്ങനെ 2018-19 സീസണിൽ, സയ്യിദ് മുഷ്താഖ് അലി ടി-20 ടൂർണമെൻ്റിൽ നാഗാലാൻഡിനെതിരെ അവർ അരങ്ങേറി. അന്നവൻ 51 പന്തുകളിൽ പുറത്താവാതെ 76 റൺസെടുത്ത് ടീമിനെ വിജയിപ്പിച്ചു. ലിസ്റ്റ് എ, രഞ്ജി അരങ്ങേറ്റവും കഴിഞ്ഞ കൊല്ലം നടന്നു.

രഞ്ജിയിൽ 10 മത്സരങ്ങളാണ് സമദ് കളിച്ചത്. 40നടുത്ത് ശരാശരിയിൽ നേടിയത് 592 റൺസ്. മൂന്ന് ഫിഫ്റ്റിയും രണ്ട് സെഞ്ചുറിയും. ഒരു കൊച്ച് സേവാഗാണ് കക്ഷി. കാരണം, രഞ്ജി സ്ട്രൈക്ക് റേറ്റ് 113 ആണ്. ലിസ്റ്റ് എയിൽ 8 മത്സരങ്ങൾ കളിച്ചു. 30നടുത്ത് ശരാശരിയിൽ നേടിയത് 237 റൺസ്. ഇവിടെയുമുണ്ട് മൂന്ന് ഫിഫ്റ്റി. 125 ആണ് സ്ട്രൈക്ക് റേറ്റ്. ടി-20യിൽ ശരാശരി 40 ആണ്. 11 മത്സരങ്ങൾ കളിച്ചു. ആകെ റൺസ് 240. 136 സ്ട്രൈക്ക് റേറ്റിൽ ഒരു ഫിഫ്റ്റി. മൂന്ന് ഫോർമാറ്റിലും കൂടി ആകെ 7 വിക്കറ്റ്.

ഐപിഎൽ ലേലത്തിൽ 20 ലക്ഷം രൂപക്കാണ് സൺ റൈസേഴ്സ് സമദിനെ ടീമിലെത്തിച്ചത്. പർവേസ് റസൂൽ, മൻസൂർ ദാർ, റാസിഖ് സലീം എന്നിവർക്ക് ശേഷം ഐപിഎലിൽ കളിക്കുന്ന നാലാമത്തെ ജമ്മു കശ്മീർ താരം മാത്രമാണ് സമദ്. സമദ് മികച്ച ഒരു റിസ്റ്റ് സ്പിന്നർ ആണെന്ന് ഇർഫാൻ പറയുന്നു. നന്നായി ഗൂഗ്ലി എറിയും. എവിടെയും ബാറ്റ് ചെയ്യും. അനായാസം സിക്സർ അടിക്കും. ഒന്ന് മിനുക്കിയെടുത്താൽ ഇവൻ പൊരിക്കും- ഇർഫാൻ്റെ വാക്കുകളാണ്.

മനീഷ് പാണ്ഡെ, അഭിഷേക് ശർമ്മ, വിജയ് ശങ്കർ, ഒരു പരിധി വരെ പ്രിയം ഗാർഗ്, ഇതോടൊപ്പം എക്സ്പ്ലോസിവ് ബാറ്റ്സ്മാൻ എന്ന് പേരെടുക്കുകയും ലേലത്തിൽ 1.9 കോടി രൂപയെറിഞ്ഞ് സൺ റൈസേഴ്സ് ടീമിലെത്തിക്കുകയും ചെയ്ത വിരാട് സിംഗ് എന്നിവരോടൊപ്പമാണ് സമദിൻ്റെ ഫൈനൽ ഇലവനിലേക്കുള്ള പോരാട്ടം. ബുദ്ധിമുട്ടാണ്. എങ്കിലും പ്രതീക്ഷക്ക് വകയുണ്ട്.

Read Also : ബിസിസിഐ ഇടഞ്ഞു തന്നെ; ഐപിഎൽ കമന്ററി ബോക്സിൽ ഇക്കുറി മഞ്ജരേക്കർ ഉണ്ടാവില്ല

കാർത്തിക് ത്യാഗി

Kartik Tyagi (Indian cricketer): Under 19 World Cup, Girlfriend, Age

ഇനി അണ്ടർ-19 ലോകകപ്പിലേക്ക് പോകാം. ലോകകപ്പിൽ ഇന്ത്യയുടെ ബൗളിംഗ് ഓപ്പൺ ചെയ്തിരുന്ന ഒരു പയ്യനുണ്ട്. പേര് കാർത്തിക് ത്യാഗി. സ്ഥലം ഉത്തർപ്രദേശ്. അണ്ടർ-19 ലോകകപ്പിൽ ആകെ 11 വിക്കറ്റുകളാണ് ത്യാഗി നേടിയത്. ഓസ്ട്രേലിയക്കെതിരായ ക്വാർട്ടർ ഫൈനലിൽ നേടിയ 4 വിക്കറ്റുകൾ ഈ പ്രകടനങ്ങളിൽ വേറിട്ട് നിൽക്കും.

വേഗതയല്ല, സ്വിങ്ങാണ് ത്യാഗിയുടെ സ്പെഷ്യാലിറ്റി. ഇരു വശങ്ങളിലേക്കും പന്ത് സ്വിങ് ചെയ്യിക്കാനുള്ള കഴിവ് തന്നെയാണ് ത്യാഗിയെ ക്രിക്കറ്റ് സർക്കിളിൽ ശ്രദ്ധേയനാക്കുന്നത്. വായുവിലും മൂവ്മെൻ്റ് കണ്ടെത്താൻ കഴിയുന്നത് ഈ 19കാരനെ ഏറെ അപകടകാരിയാക്കുന്നുണ്ട്. ഇനി, പന്ത് പഴകിയാലോ? സിമ്പിൾ. പേസ് വേരി ചെയ്ത് ഇടക്കിടക്ക് ഉപ്പൂറ്റി തകർക്കുന്ന യോർക്കർ തൊടുക്കും. ഒരു പെർഫക്ട് ടി-20 ബൗളർക്ക് വേണ്ട എല്ലാ ഗുണഗണങ്ങളും ത്യാഗിക്കുണ്ട്. ലോങ്ങർ ഫോർമാറ്റിൽ അത്യാവശ്യമായ സ്ഥിരതയുമുണ്ട്. ഏതൊരു ക്യാപ്റ്റനും കൊതിക്കുന്ന താരം.

17ആം വയസ്സിൽ ത്യാഗി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചതാണ്. 2017-18 സീസണിൽ ഉത്തർ പ്രദേശിനായി രഞ്ജി ട്രോഫിയിൽ താരം അരങ്ങേറി. അതാണ് അവൻ്റെ റേഞ്ച്. ഒരൊറ്റ രഞ്ജിയേ കളിച്ചുള്ളൂ. അതിൽ മൂന്ന് വിക്കറ്റെടുത്തു. 5 ലിസ്റ്റ് എ മത്സരങ്ങളിൽ നിന്ന് 9 വിക്കറ്റും ത്യാഗിക്കുണ്ട്. ആഭ്യന്തര സീസണിനു ശേഷം നേരെ പോയത് ലോകകപ്പിൽ. അവിടെ ഒരു ഗംഭീര പ്രകടനം. പയ്യൻ കൊള്ളാലോ എന്ന് ക്രിക്കറ്റ് നിരീക്ഷകർ ഒന്നടങ്കം പറഞ്ഞു. ലോകകപ്പ് കഴിഞ്ഞപ്പോൾ രാജസ്ഥാൻ റോയൽസിലൂടെ ഐപിഎലിൽ. വളരാൻ പറ്റിയ ടീമിലാണ് എത്തിയിരിക്കുന്നത്. അത് കൃത്യമായി ഉപയോഗിച്ചാൽ ത്യാഗി ഇന്ത്യയുടെ സീനിയർ ടീമിനു വേണ്ടി സ്ഥിരമായി ബൗളിങ് ഓപ്പൺ ചെയ്യും.

അങ്കിത് രാജ്പൂത്, വരുൺ ആരോൺ, ജയദേവ് ഉനദ്കട്ട്, അണ്ടർ-19 ലോകകപ്പിലെ സഹതാരം ആകാഷ് സിങ്. ബൗളിംഗ് വിഭാഗത്തിൽ കടുത്ത മത്സരമാണ്. പക്ഷേ, അൺകാപ്പ്ഡ് പ്ലയേഴ്സിൻ്റെ സ്ലോട്ടിൽ ചില കളികളിലെങ്കിലും ത്യാഗി ടീമിലെത്താൻ സാധ്യതയുണ്ട്.

പ്രിയം ഗാർഗ്

IPL खेलने को बेताब हूं, धोनी मेरे फेवरिट: प्रियम गर्ग

ബിസിസിഐയുടെ വളരെ ശക്തമായ ക്രിക്കറ്റിംഗ് അടിത്തറയുടെ അടുത്ത ഉദാഹരണം. കഴിഞ്ഞ കൊല്ലത്തെ അണ്ടർ-19 ലോകകപ്പിൽ ഇന്ത്യയുടെ ക്യാപ്റ്റൻ. ഉത്തർപ്രദേശുകാരനാണ്. ലോകകപ്പിൽ ഏറ്റവുമധികം റൺസ് നേടിയ ബാറ്റ്സ്മാന്മാരെ എടുത്ത് നോക്കിയാൽ ഗാർഗ് അവിടെയെങ്ങുമില്ല. പക്ഷേ, നാലാം നമ്പറിൽ ബാറ്റിംഗിനിറങ്ങുന്ന ഗാർഗിന് ആകെ മൂന്ന് മത്സരങ്ങളിലേ അവസരം ലഭിച്ചുള്ളൂ. അതിൽ ഒരു ഫിഫ്റ്റിയുമുണ്ട്.

ലോകകപ്പ് പ്രകടനം മാറ്റി നിർത്താം. എലഗൻസും ഈസി ബാറ്റിംഗും കൊണ്ട് വളരെ മുൻപേ ശ്രദ്ധിക്കപ്പെട്ട താരമാണ് ഗാർഗ്. അണ്ടർ-14, അണ്ടർ-16 വിഭാഗങ്ങളിൽ റണ്ണടിച്ചു കൂട്ടിയ 16കാരൻ പയ്യൻ 2018 അണ്ടർ-19 ലോകകപ്പിൽ ടീമിലിടം നേടാതെ പോയത് വയസ്സ് കൊണ്ട് മാത്രമായിരുന്നു. 2018 അണ്ടർ-19 ലോകകപ്പിലും കളിക്കാൻ ഗാർഗിനു കഴിയുമെന്നതു കൊണ്ട് മാത്രം ഈ വലംകയ്യൻ ബാറ്റ്സ്മാൻ അന്ന് ലോകകപ്പ് ടീമിൽ ഉൾപ്പെട്ടില്ല. ലോകകപ്പിനു മുൻപ് ഫോമൗട്ടായതും തിരിച്ചടിയായി. പക്ഷേ, രണ്ട് കൊല്ലങ്ങൾക്ക് ശേഷം ഗാർഗ് തിരികെ എത്തിയത് ഇന്ത്യൻ ടീമിൻ്റെ ക്യാപ്റ്റനായാണ്.

2018ൽ തന്നെ ഗാർഗ് യുപിക്ക് വേണ്ടി ആഭ്യന്തര മത്സരങ്ങളിൽ അരങ്ങേറി. ഡിസംബറിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ആദ്യ ഇരട്ടസെഞ്ചുറി പൂർത്തിയാക്കുമ്പോൾ വയസ്സ് 17. അടുത്ത വർഷം ആഭ്യന്തര ടി-20യും കളിച്ചു. 12 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് ഗാർഗിൻ്റെ ശരാശരി 66.7 ആണ്. അഞ്ച് ഫിഫ്റ്റിയും രണ്ട് സെഞ്ചുറിയും. ലിസ്റ്റ് എയിൽ ആകെ കളിച്ചത് 19 മത്സരങ്ങൾ. ശരാശരി 47. 4 ഫിഫ്റ്റിയും രണ്ട് സെഞ്ചുറിയും. ടി-20യിൽ അത്ര ആശാവഹമായ റെക്കോർഡുകളല്ല. 11 മത്സരങ്ങൾ കളിച്ചപ്പോൾ 28 ശരാശരിയും രണ്ട് ഫിഫ്റ്റിയുമാണ് ഗാർഗിനുള്ളത്. പക്ഷേ, ലഭിച്ച അവസരങ്ങളിൽ പലപ്പോഴും ഗാർഗിന് ഇന്നിംഗ്സിൻ്റെ അവസാന സമയങ്ങളിലാണ് ബാറ്റ് ചെയ്യേണ്ടി വന്നത്. അഗ്രസീവ് ബാറ്റ്സ്മാൻ അല്ലാത്ത താരത്തിന് ആ സാഹചര്യവുമായി പൊരുത്തപ്പെടാനായില്ല.

ഐപിഎൽ ഗാർഗിനു പറ്റിയ കളരിയാണ്. വിരാട് കോലി തൻ്റെ ഗെയിമിൽ വരുത്തിയ മാറ്റം ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് ഗാർഗ് ആണ്. വിരാടിനെപ്പോലെ കോപ്പി ബുക്ക് ക്രിക്കറ്റ് കളിക്കുന്ന ഗാർഗ് ആ കോപ്പി ബുക്ക് ശൈലിയിൽ നിന്ന് എങ്ങനെയാണ് ബൗണ്ടറി ക്ലിയർ ചെയ്യേണ്ടതെന്ന് പഠിച്ചാൽ വിജയിച്ചു. അങ്ങനെയാണ് കോലി ഇന്ന് കാണുന്ന താരമായത്.

ഗാർഗ് ഒരു ക്യാപ്റ്റൻസി പ്രൊഡക്ടാണ്. ഫീൽഡിൽ ഏറെ വോക്കലല്ല. പക്ഷേ, തൻ്റെ ബൗളർമാരെ നന്നായറിയാം. അവരുടെ പ്ലാനുകൾക്കനുസരിച്ച് ഫീൽഡ് സെറ്റ് ചെയ്യാനും മാച്ച് പ്രഷർ കളിക്കാർക്ക് വീതിക്കാതെ ബുദ്ധിപരമായി കൈകാര്യം ചെയ്യാനും ഗാർഗിന് അറിയാം. അണ്ടർ-23 ടീമിനെപ്പോലും നയിച്ചിട്ടുള്ള ഗാർഗ് ഒരു പ്രതീക്ഷയാണ്. നേരത്തെ പറഞ്ഞതു പോലെ ഗാർഗ് തൻ്റെ ഗെയിം സാഹചര്യങ്ങൾക്കനുസരിച്ച് അഡാപ്റ്റ് ചെയ്താൽ അവിടെ ലഭിക്കുക ഇന്ത്യക്ക് ഒരു ക്യാപ്റ്റനെയാണ്. പോസ്റ്റ് കോലി യുഗത്തിലെ ഫസ്റ്റ് ചോയിസ് ക്യാപ്റ്റൻ!

പ്രതിഭകൾക്ക് പഞ്ഞമില്ലാത്ത സൺറൈസേഴ്സിലാണ് ഗാർഗ് ഉൾപ്പെട്ടിരിക്കുന്നത്. സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാൻ ആയതുകൊണ്ട് തന്നെ എത്ര അവസരങ്ങൾ ലഭിക്കുമെന്ന് കണ്ടറിയണം. തന്നെയല്ല, ലോവർ ഓർഡറിൽ ഇറക്കിവിട്ട് സമ്മർദ്ദത്തിനിടം നൽകുമോ എന്നതും കണ്ടറിയേണ്ടത് തന്നെയാണ്.

Story Highlights Top five indian youngsters in ipl

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here