എം.സി കമറുദ്ദീൻ പ്രതിയായ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ് : ഒരാഴ്ചക്കകം മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന് റിപ്പോർട്ട് നൽകും

മഞ്ചേശ്വരം എംഎൽഎ എം.സി കമറുദ്ദീൻ പ്രതിയായ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ ഒരാഴ്ചക്കകം മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വത്തിന് റിപ്പോർട്ട് നൽകും. ബാധ്യത തീർക്കുന്നതിനുള്ള സാമ്പത്തിക ശേഷി വ്യക്തമാക്കാൻ കമറുദ്ദീന് ഒരാഴ്ചത്തെ സമയമാണ് നൽകിയതെന്ന് ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ. രേഖകൾ ഹാജരാക്കിയില്ലെങ്കിൽ കേസിൽ എംഎൽഎയെ കൈവിടുമെന്ന സൂചന നൽകുകയാണ് ലീഗ് നേതൃത്വം.
മഞ്ചേശ്വരം എംഎൽഎ എംസി കമറുദ്ദീൻ പ്രതിയായ കേസിൽ നിക്ഷേപവും ആസ്ഥിയും ബാധ്യതയും സംബന്ധിച്ച കണക്ക് ആക്ഷൻ കമ്മറ്റിയുടെ കയ്യിലുണ്ടെന്നാണ് മധ്യസ്ഥ ചർച്ചകൾക്കായി ചുമതലപ്പെടുത്തിയ മുസ്ലിം ലീഗ് ജില്ലാ ട്രഷറർ കല്ലട്ര മാഹിന്റെ പ്രതികരണം. എന്നാൽ വിഷയത്തിൽ ഇനി ചെയ്യാനുള്ളത് ബാധ്യത തീർക്കുന്നതിനുള്ള വഴി കണ്ടെത്തലാണ്. ഇതിന്റെ പൂർണ ഉത്തരവാദിത്തം കമറുദ്ദീനിലാണെന്ന് ഒരിക്കൽ കൂടി നേതൃത്വം വ്യക്തമാക്കി. ചിലരിൽ നിന്ന് സഹായമുണ്ടാകുമെന്നാണ് സമയം ആവശ്യപ്പെടുന്ന ഘട്ടത്തിൽ കമറുദ്ദീൻ നേതൃത്വത്തെ ധരിപ്പിച്ചത്.എന്നാൽ ഇത് സംബന്ധിച്ച് രേഖാമൂലമുള്ള ഉറപ്പൊന്നും എംഎൽഎ ഇതുവരെ ഹാജറാക്കിയിട്ടുമില്ല. വെറും വാക്ക് വിശ്വസിക്കാനാവില്ലെന്നും ഒരാഴ്ചക്കുള്ളിൽ രേഖകൾ ഹാജരാക്കിയില്ലെങ്കിൽ നേതൃത്വത്തെ അറിയിക്കുമെന്നും കല്ലട്ര മാഹിൻ പറഞ്ഞു.
വിഷയത്തിൽ കമറുദ്ദീനെയും ജ്വല്ലറി മാനേജിങ് ഡയറക്ടറായ ടി.കെ പൂക്കോയ തങ്ങളെയും വിളിച്ചു വരുത്തുകയും ചെയ്തിരുന്നു.
വാക്ക് യഥാർത്ഥ്യമായാൽ മാത്രമേ പ്രശ്‌ന പരിഹാരത്തിന് സാധ്യതയുള്ളൂ എന്നും ഇരുവരെയും നേതൃത്വം ബോധ്യപ്പെടുത്തിയിട്ടുണ്ട്. മധ്യസ്ഥ ചർച്ചകളിൽ പ്രതീക്ഷയർപ്പിച്ച് സ്വന്തം പ്രവർത്തകർ ഉൾപ്പെടുന്ന നിക്ഷേപകർ നിൽക്കുമ്പോൾ, അല്ലാത്തപക്ഷം എംഎൽഎ എം.സി കമറുദ്ദീനെ മുസ്ലിം ലീഗിന് തന്നെ കൈയ്യൊഴിയേണ്ടി വന്നേക്കും.
Story Highlights – muslim league submit report mc kamaruddin
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here