പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; ഡോ. റിയ തോമസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ ഡോ. റിയ തോമസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. തെളിവെടുപ്പിന്റെ ഭാഗമായി റിയയെ കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസിന്റെ തീരുമാനം. റിയയിൽ നിന്ന് സാമ്പത്തിക തിരിമറി സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

കേസിൽ അഞ്ചാം പ്രതിയാണ് റിയ.പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് അന്വേഷണ ഉദ്യോഗസ്ഥനായ കോന്നി സിഐയുടെ നേതൃത്വത്തിലുള്ള സംഘം മലപ്പുറം ജില്ലയിൽ നിന്നാണ് റിയയെ പിടികൂടിയത്. റിയയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തളളിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. കാഞ്ഞങ്ങാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫിസറായിരുന്ന റിയ ഏറെ നാളായി അവധിയിലായിരുന്നു. പോപ്പുലർ കേസിൽ പൊലീസ് അന്വേഷണം തുടങ്ങിയതിന് പിന്നാലെ ഇവർ ഒളിവിൽ പോയി. ഇന്നലെ റിയയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിച്ചിരുന്നു. ജാമ്യാപേക്ഷ തള്ളിയെങ്കിലും 3 ആഴ്ചത്തേക്ക് അറസ്റ്റ് പാടില്ലെന്ന് ഉത്തരവിട്ടിരുന്നതായി അഭിഭാഷകർ അറിയിച്ചു.

എന്നാൽ, കോന്നി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മറ്റൊരു സാമ്പത്തിക തട്ടിപ്പ് കേസിലാണ് റിയയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഹൈക്കോടതി ഉത്തരവുള്ളതിനാൽ അറസ്റ്റ് ഉണ്ടാകില്ലെന്നുറപ്പിച്ച് നിലമ്പൂരിലെ വീട്ടിൽ കഴിയുകയായിരുന്നു ഇവർ. അഭിഭാഷകരെ വിളിച്ചു വരുത്തി അറസ്റ്റ് തടയാൻ ശ്രമമുണ്ടായെങ്കിലും വിജയിച്ചില്ല.

Story Highlights Popular finance fraud; Dr. Riya Thomas will appear in court today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top