Advertisement

പുറത്താക്കിയത് അന്യായമായി; ബാഴ്സലോണ 35 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് സെറ്റിയൻ

September 18, 2020
Google News 2 minutes Read
Setien legal action Barcelona

ബാഴ്സലോണക്കെതിരെ നിയമനടപടിക്കൊരുങ്ങി മുൻ പരിശീലകൻ ക്വിക്കെ സെറ്റിയൻ. തന്നെ പരിശീലക സ്ഥാനത്തു നിന്ന് അന്യായമായി പുറത്താക്കിയതാണെന്നും പുറത്താക്കുന്ന വിവരം തന്നെ കഴിഞ്ഞ ദിവസമാണ് അറിയിച്ചതെന്നും സെറ്റിയൻ പറയുന്നു. കരാർ ലംഘിച്ച് തന്നെ പുറത്താക്കിയ ക്ലബ് 4 മില്ല്യൺ യൂറോ (35 കോടിയിലധികം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഈ ആവശ്യവുമായി താൻ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറയുന്നു. തൻ്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

Read Also : ബാഴ്സ പ്രസിഡന്റ് ജോസപ് ബാർതോമ്യുവിനെതിരെ അവിശ്വാസ പ്രമേയം

പരിശീലക സംഘത്തിൽ ഉണ്ടായിരുന്ന മറ്റ് മൂന്ന് പേരെയും കൂടി ഉൾപ്പെടുത്തിയാണ് സെറ്റിയൻ്റെ ട്വീറ്റ്. പല തവണ തങ്ങൾ ക്ലബുമായി ബന്ധപ്പെട്ടെങ്കിലും 16ആം തിയതിയാണ് മാനേജ്മെൻ്റ് ഔദ്യോഗികമായി പ്രതികരിക്കുന്നത്. ഓഗസ്റ്റ് 17ന് തന്നെ പുറത്താക്കിയെന്ന് പ്രഖ്യാപിച്ച ക്ലബ് ഒരു മാസം കഴിഞ്ഞാണ് ഔദ്യോഗികമായി അത് അറിയിക്കുന്നത്. ഇത് കരാർ നിബന്ധനകളുടെ ലംഘനമാണ്. അതുകൊണ്ട് തന്നെ നിയമപരമായി മുന്നോട്ടു നീങ്ങാൻ തീരുമാനിച്ചിരിക്കുന്നു എന്നും സെറ്റിയൻ കുറിച്ചു.

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ബയേൺ മ്യൂണിക്കിനോടേറ്റ കൂറ്റൻ പരാജയത്തിൻ്റെ പശ്ചാത്തലത്തിലാണ് ക്വിക്കെ സെറ്റിയനെ പുറത്താക്കി മുൻ ബാഴ്സലോണ താരം കൂടിയായ റോണാൾഡ് കോമാനെ മാനേജ്മെൻ്റ് പരിശീലകനാക്കിയത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ബാഴ്സലോണ പരീക്ഷിക്കുന്ന മൂന്നാമത്തെ പരിശീലകനാണ് കോമാൻ. ഇതിനു പിന്നാലെ സൂപ്പർ താരം ലയണൽ മെസി മാനേജ്മെൻ്റിനും പ്രസിഡൻ്റ് ജോസപ് മരിയ ബാർതോമ്യുവിനും എതിരെ തിരിഞ്ഞത് വലിയ ചർച്ചകൾക്ക് വഴിതെളിക്കുകയും ചെയ്തു. ക്ലബ് മാനേജ്മെൻ്റും പ്രസിഡൻ്റ് ബാർതോമ്യുവും ഒരു ദുരന്തമാണ് എന്ന് മെസി വെട്ടിത്തുറന്ന് പറഞ്ഞിരുന്നു. ക്ലബ് വിടുകയാണെന്ന് അറിയിച്ചെങ്കിലും മാനേജ്മെൻ്റിൻ്റെ സമ്മർദ്ദം മൂലം മെസി ടീമിൽ തുടർന്നു. പക്ഷേ, ബാർതോമ്യുവിനെതിരെ വിമർശനം കടുത്തു. അതിനു പിന്നാലെ പ്രസിഡൻ്റിനെതിരെ അവിശ്വാസ പ്രമേയം നടത്താനും തീരുമാനമായി.

Story Highlights Setien takes legal action against Barcelona over contract dispute

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here