മരുക്കാട്ടിലെ ക്രിക്കറ്റ് മാമാങ്കം; ഐപിഎൽ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം

IPL match CSK MI

ഐപിഎൽ 13ആം സീസൺ ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. കൊവിഡ് പശ്ചാത്തലത്തിൽ യുഎയിലാണ് മത്സരങ്ങൾ നടക്കുക. ഐപിഎലിലെ എൽ ക്ലാസിക്കോ എന്നറിയപ്പെടുന്ന ‘മുംബൈ ഇന്ത്യൻസ്-ചെന്നൈ സൂപ്പർ കിംഗ്സ്’ മത്സരത്തോടെയാണ് 13ആം സീസണ് അരങ്ങുണരുക. കഴിഞ്ഞ സീസണിൽ ഇരു ടീമുകളും നാലു തവണ ഏറ്റുമുട്ടിയപ്പോൾ ഫൈനലിൽ അടക്കം മുംബൈക്കായിരുന്നു ജയം. ആ നാണക്കേട് തിരുത്തിയെഴുതാനാവും ചെന്നൈ ഇറങ്ങുക.

Read Also : ഐപിഎലിനു നാളെ കൊടിയേറ്റം; ആദ്യ മത്സരം എൽ ക്ലാസിക്കോ

അബുദാബിയിലെ ഷെയ്ഖ് സെയ്ദ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം 7.30നാണ് ഉദ്ഘാടന മത്സരം. ഉദ്ഘാടന മത്സരങ്ങളിൽ മോശം റെക്കോർഡുള്ള മുംബൈയും കഴിഞ്ഞ സീസണിൽ തങ്ങളെ തകർത്തതിനു തിരിച്ചടി നൽകാൻ ചെന്നൈയും ഇറങ്ങുമ്പോൾ മത്സരം തീപാറും. 2012ലാണ് മുംബൈ അവസാനമായി ഉദ്ഘാടന മത്സരം വിജയിച്ചത്. ഒരു വർഷത്തിനു മുകളിലായി ക്രിക്കറ്റ് മൈതാനത്തു നിന്ന് മാറി നിന്ന സൂപ്പർ താരം എംഎസ് ധോണി കളിക്കളത്തിൽ തിരികെയെത്തുന്ന മത്സരം കൂടിയാകും ഇത്. അതുകൊണ്ട് തന്നെ ആരാധകർ അക്ഷമരായി കാത്തിരിക്കുകയാണ്.

ക്യാമ്പിലെ കൊവിഡ് ബാധ, സുരേഷ് റെയ്ന, ഹർഭജൻ സിംഗ് എന്നീ രണ്ട് ഫൈനൽ ഇലവൻ താരങ്ങളുടെ പിന്മാറ്റം, ഇനിയും കൊവിഡ് മുക്തനാവാത്തെ ഋതുരാജ് ഗെയ്‌ക്വാദ് എന്നിങ്ങനെ കളത്തിനു പുറത്ത് ചെന്നൈ സൂപ്പർ കിംഗിനു നല്ല കാലമല്ല. എന്നാൽ, ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്മാരിൽ ഒരാൾ ഒപ്പമുള്ളതു കൊണ്ട് തന്നെ അതൊക്കെ മാറ്റിവച്ച് ക്രിക്കറ്റ് പിച്ചിൽ മികച്ച പ്രകടനം നടത്താൻ അവർക്ക് കഴിയും. രണ്ട് താരങ്ങളുടെ അഭാവം ചെന്നൈയെ കാര്യമായി ബാധിക്കില്ല. ഹർഭജനു പകരം പിയുഷ് ചൗള ഫൈനൽ ഇലവനിലെത്തും. സിപിഎൽ ഫൈനലിനിടെ പരുക്കേറ്റ് പന്തെറിയാതിരുന്ന ബ്രാവോയ്ക്ക് പകരം സാം കറൻ കളിച്ചേക്കും. വാട്സൺ, ഡുപ്ലെസിസ്, ബ്രാവോ/കറൻ, താഹിർ എന്നിവരാവും വിദേശ താരങ്ങൾ.

Read Also : ഇത്തവണ ഐപിഎൽ അവതാരകയായി മായന്തി ലാംഗർ ഇല്ല; നെരോലി മെഡോസ് പകരക്കാരിയാവും

മറുവശത്ത് മലിംഗ പിന്മാറിയത് മുംബൈക്ക് തിരിച്ചടിയാണെന്ന് പറയാതെ വയ്യ. പകരമെത്തിയ ബോൾട്ട് ടീമിൽ ഇടം നേടും. മിച്ചൽ മക്ലാനഗൻ, നതാൻ കോൾട്ടർ നൈൽ എന്നീ താരങ്ങളിൽ ഒരാൾക്കൊപ്പം ബുംറ കൂടി ചേരുന്നതോടെ പേസ് ഡിപ്പാർട്ട്മെൻ്റ് ശക്തമാവും. ബോൾട്ട് പക്ഷേ, സ്വയം തെളിയിക്കേണ്ടതുണ്ട്. ഡികോക്ക് തന്നെ രോഹിതിനൊപ്പം ഓപ്പൺ ചെയ്യും. ക്രിസ് ലിൻ പുറത്തിരിക്കും. ഡികോക്ക്, ബോൾട്ട്, പൊള്ളാർഡ്, മിച്ചൽ മക്ലാനഗൻ/ നതാൻ കോൾട്ടർ നൈൽ എന്നിവരാവും വിദേശ താരങ്ങൾ.

Story Highlights IPL Opening match CSK vs MI

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top