Advertisement

കാര്‍ഷിക ബില്‍ നടപ്പാക്കുന്നത് ചര്‍ച്ചയില്ലാതെ: ഉമ്മന്‍ ചാണ്ടി

September 21, 2020
1 minute Read
oommen chandy

നോട്ടുനിരോധനവും ജിഎസ്ടിയും യാതൊരു തയാറെടുപ്പുമില്ലാതെ നടപ്പാക്കി രാജ്യത്തെ വലിയ പ്രതിസന്ധിയിലാക്കിയ അതേരീതിയിലാണ് ബിജെപി സര്‍ക്കാര്‍ കാര്‍ഷിക ബില്ലുമായി മുന്നോട്ടുപോകുന്നതെന്ന് ഉമ്മന്‍ ചാണ്ടി. കാര്‍ഷിക ബില്‍ രാജ്യത്തെ വലിയ പുരോഗതിയിലേക്കു നയിക്കുമെന്നാണ് പ്രധാനമന്ത്രി അവകാശപ്പെടുന്നത്. അങ്ങനെയെങ്കില്‍ അതേക്കുറിച്ച് ഒരു തുറന്ന ചര്‍ച്ചയെ എന്തിനാണ് ഭയക്കുന്നത്? ബില്ലുകള്‍ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സര്‍ക്കാര്‍ നിര്‍ദയം നിരാകരിച്ചു. ചര്‍ച്ചയില്ലാതെ ധൃതി പിടിച്ച് നടപ്പാക്കുന്നതുകൊണ്ടാണ് ഇത് കര്‍ഷകര്‍ക്ക് എതിരാണെന്നും കുത്തകകളെ സഹായിക്കാനാണ് എന്നും മറ്റുമുള്ള വിമര്‍ശനം ഉയരുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തുല്യ അവകാശമുള്ള കണ്‍കറന്റ് ലിസ്റ്റിലാണ് കൃഷി ഉള്‍പ്പെടുന്നതെങ്കിലും സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്തിയിട്ടില്ല. നോട്ടുനിരോധനം അര്‍ധരാത്രിയില്‍ നടപ്പാക്കിയപ്പോള്‍ കേന്ദ്രമന്ത്രിസഭയിലെ അംഗങ്ങള്‍ പോലും അറിഞ്ഞില്ല. എണ്ണയിട്ട യന്ത്രം പോലെ ഓടിക്കോണ്ടിരുന്ന സമ്പദ്ഘടനയെ ട്രാക്കില്‍ നിന്നു വലിച്ചെറിയുകയാണ് അന്നു ചെയ്തത്. അതിന്റെ കെടുതിയില്‍ നിന്ന് രാജ്യം കരകയറിയില്ല. തയാറെടുപ്പില്ലാതെ ജിഎസ്ടി നടപ്പാക്കിയതിന്റെ പ്രത്യാഘാതവും രാജ്യം അനുഭവിക്കുന്നു. ജിഎസ്ടിയും വാറ്റും സംയുക്തമായി കുറച്ചുകാലത്തേക്കു നടപ്പാക്കി പിന്നീട് ജിഎസ്ടിയിലേക്കു പൂര്‍ണമായി മാറാമെന്ന മുന്‍ കേന്ദ്രധനമന്ത്രി പി. ചിദംബരത്തിന്റെ വാക്കുകള്‍ കേട്ടിരുന്നെങ്കില്‍ വലിയ സാമ്പത്തിക ദുരന്തം ഒഴിവാക്കാമായിരുന്നു. ഒരു രാജ്യം ഒരു വിപണി എന്ന് ഇന്ന് ഉയര്‍ത്തിയ മുദ്രാവാക്യം പോലെ, ജിഎസ്ടി നടപ്പാക്കിയപ്പോള്‍ ഒരു രാജ്യം ഒരു നികുതി എന്ന് അന്നു മുദ്രാവാക്യം ഉയര്‍ത്തിയിരുന്നു.

നോട്ടുനിരോധനവും ജിഎസ്ടിയും കൊവിഡും രാജ്യത്ത് വലിയ പ്രത്യാഘാതം ഉണ്ടാക്കിയ പശ്ചാത്തലത്തിലാണ് കാര്‍ഷിക ബില്‍ കടന്നുവരുന്നത്. ഇത്രയും വലിയ ജനവിഭാഗത്തെ അഭിസംബോധന ചെയ്യുന്ന ഏതൊരു നിയമവും അതീവ ജാഗ്രതയോടെ നടപ്പാക്കണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

Story Highlights agriculture bill 2020

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top