ശ്രീശാന്തിന്റെ ക്യാച്ചും പ്രഥമ കുട്ടി ക്രിക്കറ്റിൽ ഇന്ത്യയുടെ കിരീടധാരണവും; ആ നേട്ടത്തിന് ഇന്ന് പതിമൂന്നു വയസ്സ്

india t-20 13 years

2007. ക്രിക്കറ്റ് ലോകം വിപ്ലവകരമായ ഒരു മാറ്റത്തിനൊരുങ്ങുകയാണ്. ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ ടി-20 ലോകകപ്പ്. കളി നടക്കുന്നത് ദക്ഷിണാഫ്രിക്കയിൽ. ഈ പുതിയ തരം കളിയെ സംശയത്തോടെ നോക്കിക്കണ്ട ബിസിസിഐ കുറച്ച് പിള്ളേരെയാണ് ടീമിലെടുത്തത്. നീളൻ മുടിക്കാരനായ എക്സ്പ്ലോസിവ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മഹേന്ദ്രസിങ് ധോണിയെ പിള്ളേരെ നയിക്കാൻ നിയോഗിക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്കയൊക്കെ ഒന്ന് ചുറ്റിക്കണ്ട്, പിള്ളാരൊക്കെ അടിച്ചുപൊളിച്ചിട്ട് വരട്ടെ എന്നതായിരുന്നിരിക്കണം ബിസിസിഐയുടെ ചിന്ത.

Read Also : ബൗളർമാർ തിളങ്ങി; മുംബൈക്ക് ആദ്യ ജയം

സ്കോട്‌ലൻഡിനെതിരെ മഴ കളിച്ചതു മൂലം പോയിൻ്റ് പങ്കുവെച്ചാണ് ഇന്ത്യ ക്യാമ്പയിൻ ആരംഭിച്ചത്. 2 ക്രൂഷ്വൽ പോയിൻ്റുകൾ ഇന്ത്യക്ക് അവിടെ നഷ്ടമായി. ഗ്രൂപ്പ് ഡിയിൽ ചിരവൈരികളായ പാകിസ്താനാണ് അടുത്ത എതിരാളികൾ. തോറ്റാൽ ടൂർണമെൻ്റിൽ നിന്ന് പുറത്താവുമെന്നത് മാത്രമല്ല, തിരികെ നാട്ടിലെത്തുമ്പോൾ ആരാധകരുടെ കോപത്തിനും പാത്രമാവേണ്ടി വരും. ഒരു ഇന്ത്യ-പാക് മാച്ചിൻ്റെ നാടകീയതയൊക്കെ കണ്ട മത്സരമായിരുന്നു അത്. ഇന്ത്യയുടെ 141നു മറുപടിയായി പാകിസ്താനും അത്ര തന്നെ റൺസ് നേടി. സമനിലയിലായ മത്സരത്തിൻ്റെ റിസൽട്ട് ബോൾഔട്ടിലേക്ക് നീണ്ടു. ഇന്ത്യക്കായി പന്തെറിഞ്ഞത് സ്പിന്നർമാരായിരുന്നു. മൂന്നു പേരിൽ രണ്ടും പാർട്ട് ടൈം ബൗളർമാർ. ധോണിക്ക് ഒരു ആശയക്കുഴപ്പവും ഉണ്ടായിരുന്നില്ല. പാകിസ്താൻ പക്ഷേ, തീരെ തയ്യാറെടുത്തിരുന്നില്ല. യാസിർ അറഫാത്ത്, ഷാഹിദ് അഫ്രീദി, ഉമർ ഗുൽ എന്നീ മൂന്ന് പ്രൈം ബൗളർമാർ പാകിസ്താനായി പന്തെറിഞ്ഞു. ഇന്ത്യക്ക് 3-0ൻ്റെ ജയം. ഇന്ത്യയുടെ മൂന്ന് ബൗളർമാരും സ്റ്റമ്പ് പിഴതപ്പോൾ പാകിസ്താൻ്റെ ആർക്കും അതിനു സാധിച്ചില്ല. എംഎസ് ധോണി എന്ന ക്യാപ്റ്റൻ്റെ ഗെയിം അവേർനസ് ലോകം ആദ്യമായി കണ്ട സമയം. ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ അടുത്ത റൗണ്ടിൽ.

സൂപ്പർ എട്ടിൽ ന്യൂസീലൻഡിനെതിരെ തോൽവിയോടെയായിരുന്നു തുടക്കം. ന്യൂസീലൻഡ് 190 റൺസ് എന്ന കൂറ്റൻ സ്കോർ ഉയർത്തിയെങ്കിലും ഇന്ത്യൻ 10 റൺസുകൾ അടുത്തു വരെ എത്തി. ഇംഗ്ലണ്ടിനെതിരെ ഡർബനിലെ കിംഗ്സ്മെയ്ഡിലായിരുന്നു മത്സരം. ഗംഭീറും സേവാഗും ഫിഫ്റ്റിയടിച്ച് നല്ല തുടക്കം നൽകി. 16.4 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 155 എന്ന നിലയിലാണ് യുവരാജ് ക്രീസിലെത്തുന്നത്. മൂന്നോവർ ബാക്കി. 180-190 എന്ന് സ്കോർ പ്രവചനം. ആ പ്രവചനങ്ങളൊക്കെ സ്റ്റുവർട്ട് ബ്രോഡ് എറിഞ്ഞ 19ആം ഓവറിൽ പൊളിഞ്ഞു. ആൻഡ്രൂ ഫ്ലിൻ്റോഫുമായി യുവിയുടെ ഒരു വാക്കേറ്റം. പിന്നാലെ സ്റ്റുവർട്ട് ബ്രോഡ് എന്ന 21കാരൻ യുവ ബൗളർ പന്തുമായി പാഞ്ഞടുക്കുകയാണ്. ഡീപ് മിഡ്‌വിക്കറ്റ്, ഡീപ് സ്ക്വയർ ലെഗ്, ലോംഗ് ഓൺ, പോയിൻ്റ, ഡീപ് മിഡ്‌വിക്കറ്റ്, ലോംഗ് ഓൺ. ആറു പന്തുകളും ഗാലറിയിലേക്ക് പറന്നു. യുവരാജ് 12 പന്തുകളിൽ ഫിഫ്റ്റി. റെക്കോർഡ്. ഇന്ത്യ കുറിച്ച 218 എന്ന കൂറ്റൻ സ്കോറിന് ഇംഗ്ലണ്ട് ശക്തമായി മറുപടി നൽകിയെങ്കിലും 18 റൺസിന് ഇന്ത്യ കളി ജയിച്ചു. ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന അടുത്ത മത്സരത്തിൽ രോഹിത് ശർമ്മയുടെ ശേഷി ക്രിക്കറ്റ് ലോകം അറിഞ്ഞു. പരുക്കേറ്റ് യുവി പുറത്തിരുന്നപ്പോൾ 10.3 ഓവറിൽ 61-4 എന്ന നിലയിൽ പരുങ്ങിയ ഇന്ത്യയെ രോഹിതും (50) ധോണിയും (45) ചേർന്ന് 153ലെത്തിച്ചു. 4-0-13-4 എന്ന ബൗളിംഗ് ഫിഗറുമായി ആർപി സിങ് ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊതുക്കിയപ്പോൾ ദക്ഷിണാഫ്രിക്ക 37 റൺസിനു പരാജയപ്പെട്ടു. നെറ്റ് റൺറേറ്റിൻ്റെ ബലത്തിൽ ആതിഥേയരെ പിന്തള്ളി ഇന്ത്യ സെമിയിലേക്ക്.

Read Also : കിടിലൻ ഫിഫ്റ്റിയുമായി രോഹിത്; കൊൽക്കത്തയ്ക്ക് 196 റൺസ് വിജയലക്ഷ്യം

സെമിയിൽ മുന്നിലെത്തിയത് സാക്ഷാൽ ഓസ്ട്രേലിയ. നക്ഷത്രങ്ങൾ പാഡണിയുന്ന ഓസ്ട്രേലിയ. യുവി തിരികെയെത്തി. ഇംഗ്ലണ്ടിനെതിരെ നിർത്തിയ ഇടത്തുനിന്ന് തുടങ്ങിയ യുവി 30 പന്തുകളിൽ എടുത്തത് 70 റൺസ്. ധോണിയും മോശമാക്കിയില്ല. 18 പന്തുകളിൽ 36. ഇന്ത്യ മുന്നോട്ടുവച്ചത് 189 റൺസിൻ്റെ വിജയലക്ഷ്യം. മറുപടി ബാറ്റിംഗിൽ ഓസ്ട്രേലിയ കെട്ടുപൊട്ടിച്ചോടി. ആദം ഗിൽക്രിസ്റ്റിൻ്റെ (22) സ്റ്റമ്പ് പിഴുത ശ്രീശാന്ത് ഇന്ത്യക്ക് ബ്രേക്ക്‌ത്രൂ നൽകി. ഗില്ലി പോയത് ഓസീസിനെ ബാധിച്ചില്ല. ഹെയ്ഡനും സൈമണ്ട്സും പട നയിച്ചു. 15ആം ഓവറിൽ രണ്ടാം സ്പെല്ലുമായി ശ്രീ. ഗിൽക്രിസ്റ്റിൻ്റെ വിക്കറ്റ് ആവർത്തിക്കപ്പെടുന്നു. ഹെയ്ഡൻ ബൗൾഡ് (62). ആ വിക്കറ്റായിരുന്നു വഴിത്തിരിവ്. ബാക്കി വിക്കറ്റുകൾ വേഗം കടപുഴകി. സെമിയിൽ ശ്രീശാന്തിൻ്റെ ബൗളിംഗ് ഫിഗർ ഇങ്ങനെ വായിക്കാം. 4-1-12-2. ഗേമ്മ് ചേഞ്ചിംഗ് സ്പെൽ. 15 റൺസിനു വിജയിച്ച ഇന്ത്യ ഫൈനലിലേക്ക്.

ഫൈനലിൽ പാകിസ്താൻ. ഗൗതം ഗംഭീർ (75), രോഹിത് ശർമ്മ (30) എന്നിവർ നയിച്ചപ്പോൾ ഇന്ത്യ കുറിച്ചത് 157-5 എന്ന ശരാശരി സ്കോർ. പാകിസ്താൻ്റെ തുടക്കം മോശമായിരുന്നു. ഹഫീസും (1), കമ്രാൻ അക്മലും (0) ആർപി സിംഗിനു മുന്നിൽ വീണപ്പോൾ ഇമ്രാൻ നസീർ നടത്തിയ കൗണ്ടർ അറ്റാക്ക് നിർണായകമായി. 14 പന്തുകളിൽ 33 റൺസെടുത്ത നസീർ റണ്ണൗട്ടായതോടെ വീണ്ടും വിക്കറ്റുകൾ വീണു. ഒരു വശത്ത് പിടിച്ചു നിന്ന മിസ്ബാഹ്-ഉൽ-ഹഖ് കളി അവസാന ഓവറിലേക്ക് നീട്ടി. അവസാന ഓവറിൽ ജയിക്കാൻ 13 റൺസ്. ധോണി ജോഗീന്ദറിനെ പന്തേല്പിക്കുന്നു. ആദ്യ പന്ത് തന്നെ വൈഡ്. സമ്മർദ്ദം. അടുത്ത പന്തിൽ മിസ്ബാഹിനു സ്കോർ ചെയ്യാനായില്ല. അടുത്ത പന്ത് സ്ട്രൈറ്റ് സിക്സ്. 4 പന്തുകളിൽ വിജയിക്കാൻ 6 റൺസ്. സ്കൂപ്പ് ചെയ്യാൻ മിസ്ബാഹിൻ്റെ ശ്രമം. പന്ത് വായുവിൽ. ഷോർട്ട് ഫൈൻ ലെഗിൽ ശ്രീശാന്ത് വിടർത്തിയ കൈകളുമായി നിൽക്കുന്നു. പിഴവുകളൊന്നും സംഭവിച്ചില്ല. പന്ത് ശ്രീയുടെ കൈക്കുമ്പിളിൽ.

ഇന്ന് ആ നേട്ടത്തിന് 13 വയസ്സ്!

Story Highlights indian t-20 triumph completes 13 years

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top