പുതിയ സൂപ്പർ ഹീറോകളുമായി ‘ദ അമ്പർല അക്കാദമി’

വെബ് സീരീസ് റിവ്യൂ
നെറ്റ്ഫ്ളിക്സിന്റെ ഒറിജിനൽ സീരീസ് ആണ് ദ അമ്പർല അക്കാദമി. ഇത് അമേരിക്കൻ സൂപ്പർ ഹീറോ വെബ് ടെലിവിഷൻ സീരീസാണ്്. ഇതേ പേരിലുള്ള കോമിക് ബുക്കിനെ ആസ്പദമാക്കിയാണ് സീരീസ് നിർമിച്ചിരിക്കുന്നത്. ജേറാർഡ് വേ, ഗബ്രിയേൽ ബാസ് എന്നിവർ രചിച്ച കോമിക്കിന് ദൃശ്യഭാഷ ഒരുക്കിയത് ക്രിയേറ്ററായ സ്റ്റീവ് ബ്ലാക്ക്മാൻ ആണ്. ബ്ലാക്ക് കോമഡി, ഡ്രാമ, സയൻസ് ഫിക്ഷൻ, സൂപ്പർ ഹീറോ ഫാന്റസി എന്നിങ്ങനെ നിരവധി ഴോണറുകളിൽ പെടുത്താവുന്ന സീരീസാണ് ഇത്.
കഥയുടെ തുടക്കം ഇങ്ങനെയാണ്, ഒരു പ്രത്യേക ദിവസം 43 സ്ത്രീകൾ ചില പ്രത്യേക കഴിവുകളുള്ള കുട്ടികൾക്ക് ജന്മം നൽകുന്നു. അതും സ്ത്രീകൾക്ക് പ്രസവ വേദന വരുമ്പോൾ ആണ് അവർ ഗർഭിണികൾ ആണെന്ന കാര്യം തന്നെ അറിയുന്നത്. പണക്കാരനും വ്യത്യസ്ത ചിന്താഗതിക്കാരനുമായ റെജിനാൾഡ് ഹാർവീസ് അതിൽ ഏഴ് പേരെ ദത്ത് എടുക്കുകയാണ്. ആ കുട്ടികൾ പിന്നീട് ഒരു സൂപ്പർ ഹീറോ ടീമാകുന്നു. ഇവരുടെ ടീമിന്റെ പേരാണ് ‘ദ അമ്പർല അക്കാദമി’.
ഈ കുട്ടികൾക്ക് അച്ഛൻ റെജിനാൾഡ് നൽകിയിരിക്കുന്ന പേരുകൾ തന്നെ വ്യത്യസ്തയുള്ളതാണ്. നമ്പർ വൺ, നമ്പർ ടു തുടങ്ങി നമ്പർ സെവൻ വരെ. പിന്നീട് ഇവരുടെ റോബോട്ട് അമ്മ ഇവർക്ക് മറ്റൊരു പേര് നൽകുന്നുണ്ട് കേട്ടോ, ലൂദർ, ഡിയാഗോ, ആലിസൺ, ക്ലോസ്, ബെൻ, വാന്യ എന്നിങ്ങനെയാണ് ഇവരുടെ രണ്ടാം പേരുകൾ. എന്നാൽ നമ്പർ ഫൈവിന് ഒറ്റ പേരേ ഉള്ളൂ.
ഇവർക്കെല്ലാം ഓരോ കഴിവുകളുമുണ്ട്. ഉദാഹരണത്തിന് ലൂഥർ സൂപ്പർ സ്ട്രോഗാണ്, ആലിസൺ പറയുന്നതെല്ലാം യാഥാർത്ഥ്യമാകും, ക്ലോസിന് മരിച്ച് പോയവരെ കാണാനും സംസാരിക്കാനും കഴിയും, നമ്പർ ഫൈവ് ടൈം ട്രാവലറാണ്. എന്നാൽ നമ്പർ സെവനായ വാന്യക്ക് നന്നായി വയലിൻ വായിക്കാൻ കഴിയും എന്ന കഴിവ് മാത്രമേയുള്ളൂ. ബെൻ ചെറുപ്പത്തിലേ മരിച്ചു പോകുന്നു.

അമ്പർല അക്കാദമി ഇത് വരെ രണ്ട് സീസണുകളിലായി 20 എപ്പിസോഡുകളാണ് ഇറങ്ങിയിരിക്കുന്നത്. ആദ്യ സീസണിൽ ഇവരുടെ വളർത്തച്ഛൻ റെജിനാൾഡ് ഹാർവീസ് മരിക്കുന്നു. അച്ഛന്റെ മരണത്തിലെ ദുരൂഹതകൾ മറ നീക്കാൻ ശ്രമിക്കുന്ന മക്കളെയാണ് ഒന്നാം സീസണിൽ കാണാൻ കഴിയുക.
രണ്ടാമത്തെ സീസണിൽ ട്രെയിലറിൽ കണ്ടപോലെ തന്നെ അറുപതുകളിലേക്ക് ദ അമ്പർല അക്കാദമിയിലെ ആളുകൾ ടൈം ട്രാവൽ ചെയ്യുകയാണ്. അതിനിടയിൽ ഓരോരുത്തരും ഓരോ കാലഘട്ടത്തിൽ കുടുങ്ങിപ്പോകുന്നു. ഇവർ ഒരുമിക്കുന്നതും ലോകാവസാനത്തെ ഇവർ തടയുന്നതുമൊക്കെയാണ് സെക്കന്റ് സീസണിൽ അവതരിപ്പിച്ചിരിക്കുന്നത്.
സീരീസിലെ മികച്ച കഥാപാത്രങ്ങൾ നമ്പർ ഫൈവും ക്ലോസുമാണ്. നമ്പർ ഫൈവിനെ അവതരിപ്പിച്ച എയ്ഡൻ ഗാലഗർ മികച്ച പെർഫോമൻസ് ആണ് കാഴ്ച വച്ചിരിക്കുന്നത്. 58 വയസുള്ള മനസും 15 വയസുള്ള ശരീരവുമായാണ് നമ്പർ ഫൈവ് ടൈം ട്രാവൽ ചെയ്ത് ആദ്യ സീസണിൽ പ്രത്യക്ഷനാകുന്നത്. കഥ തന്നെ മുന്നോട്ട് കൊണ്ടുപോകുന്നതും ഈ കഥാപാത്രമാണ്. സ്റ്റാർ ഓഫ് ദ ഷോ എന്ന് തന്നെ വിളിക്കാവുന്ന കഥാപാത്രമാണ് നമ്പർ ഫൈവ്.
Read Also : കേരള പൊലീസിന്റെ വെബ് സീരീസ്; ‘കോപ്പ്’ ഉടൻ പുറത്തിറങ്ങും
ക്ലോസിന് മരിച്ചവരെ കാണാനും സംസാരിക്കാനുമുള്ള കഴിവാണുള്ളത്. ഈ കഥാപാത്രത്തെ ഭദ്രമാക്കിയിരിക്കുന്നത് റോബർട്ട് ഷീഹാൻ എന്ന നടനാണ്. കാഴ്ചക്കാരെ ഏറ്റവും കൂടുതൽ ചിരിപ്പിക്കുന്നതും ക്ലോസ് തന്നെയായിരിക്കും. ക്ലോസും മരിച്ചുപോയ സഹോദരൻ ബെന്നും തമ്മിലുള്ള ബന്ധവും സീരീസിൽ വളരെ മികച്ചതായി പോർട്രേറ്റ് ചെയ്തിരിക്കുന്നു.
പോസിറ്റീവ്‌സ്: ഈ കുട്ടികൾ എങ്ങനെ സൂപ്പർ ഹീറോകളായെന്ന് വ്യക്തമാക്കുന്ന കഥയിലൂടെയാണ് സീരീസ് ആരംഭിക്കുന്നത്. അത് തന്നെ സീരീസിന്റെ ഗുണങ്ങളിലൊന്നാണ്. പല സിനിമകളിലും സീരീസുകളിലും ഉള്ള സൂപ്പർ ഹീറോസിനെ ശ്രദ്ധിച്ചാൽ അറിയാം.. തുടക്കത്തിൽ അവർക്ക് എങ്ങനെ ആ സൂപ്പർ പവർ കിട്ടിയെന്നതിനെ കുറിച്ച് പറയില്ല. എന്നാൽ ഈ സീരീസിൽ തുടക്കത്തിൽ തന്നെയത് വ്യക്തമാക്കുന്നുണ്ട്.

അഭിനേതാക്കളും ഒന്നിനൊന്ന് മെച്ചമാണ്. കൂടാതെ ക്യാരക്ടേഴ്സിന്റെ സൂപ്പർ പവറുകളെ ഗ്ലോറിഫൈ ചെയ്യാത്ത കഥാപശ്ചാത്തലവും സീരീസിന് മാറ്റ് കൂട്ടുന്നു. സിനിമകളിൽ കാണുന്ന പോലെയല്ലാതെ വ്യത്യസ്തമായാണ് ഇവരുടെ സൂപ്പർ പവറുകളെ അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ ഒരു കോമിക് നോവൽ സീരീസ് ആകുമ്പോൾ എത്ര ബെസ്റ്റ് ഔട്ട് പുട്ട് കിട്ടാമോ അത് ഈ സീരീസ് പ്രേക്ഷകർക്ക് തരുന്നുണ്ട്.
സീസൺ ടു കാണുന്നതിന് മുൻപ് അമേരിക്കയുടെ ഹിസ്റ്ററി അറിയുന്നത് നല്ലതായിരിക്കും. ജോൺ എഫ് കെന്നഡി അസാസിനേഷൻ, റഷ്യ അമേരിക്ക ബന്ധം തുടങ്ങിയവയിൽ കുറച്ച് അറിവുമായി സീരീസ് കണ്ടാൽ കുറച്ച് കൂടി കണക്ഷൻ കിട്ടും.
നെഗറ്റീവ്‌സ്: വിശദീകരണമില്ലാത്ത ഇല്ലാത്ത ഒരുപാട് മിസ്റ്ററികളും ഈ സീരീസിലുണ്ട്. കുറച്ച് നെഗറ്റീവ്സ് ഒക്കെ പറയാമെങ്കിലും കാണേണ്ട സീരീസ് തന്നെയാണ് ദ അമ്പർല അക്കാദമി.
സയൻസ് ഫിക്ഷൻ, സൂപ്പർ ഹീറോ ഫ്രാഞ്ചൈസീസ് ഒക്കെ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ഒറ്റയിരിപ്പിൽ തന്നെ കണ്ടുതീർക്കാവുന്ന സീരീസാണിത്.
Story Highlights – web series review, the umbrella academy, must watch
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here