Advertisement

ലൈഫ് മിഷന്‍; സിബിഐ അന്വേഷണം സ്വാഗതാര്‍ഹമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

September 25, 2020
Google News 1 minute Read
mullappally ramachandran

ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താനുള്ള സിബിഐയുടെ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രിക്ക് രാജിവയ്ക്കാനുള്ള സുവര്‍ണാവസരമാണിതെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

ലൈഫ് മിഷന്‍ പദ്ധതിയില്‍ തുടക്കം മുതല്‍ മുഖ്യമന്ത്രി ഒളിച്ചുകളി നടത്തുകയായിരുന്നു. നിരാലംബരും നിരാശ്രയരുമായ പാവങ്ങള്‍ക്ക് വീടു വച്ചുനല്‍കുന്ന പദ്ധതിയില്‍ നിന്നാണ് ഇത്രയും വലിയ അഴിമതി നടത്തിയത്. നാലുകോടിയുടെ കമ്മീഷന്‍ ഇടപാട് നടന്നിട്ടുണ്ടെന്ന് ധനമന്ത്രിയും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും പരസ്യമായി സമ്മതിച്ചതാണ്. ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേടുകള്‍ക്കെതിരായ കോണ്‍ഗ്രസിന്റെ ആരോപണങ്ങളെ നിസാരവത്കരിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് അന്വേഷണത്തിന് സിബിഐ തയാറായ നടപടിയെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഞെട്ടിപ്പിക്കുന്ന ക്രമക്കേടാണ് ഈ ഇടപാടില്‍ നടന്നത്. റെഡ്ക്രസന്റുമായി ഉണ്ടാക്കിയ ധാരണാപത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്ത് വിടാന്‍ മുഖ്യമന്ത്രി തയാറായില്ല. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് അസഹിഷ്ണുതയോടെയാണ് അദ്ദേഹം പ്രതികരിച്ചത്. ഒരു ഘട്ടത്തില്‍ മാധ്യമപ്രവര്‍ത്തകരോട് വരെ കലഹിച്ചു. മുഖ്യമന്ത്രിയുടെ ആജ്ഞാനുവര്‍ത്തികളായ പൊലീസ് ഉദ്യോഗസ്ഥരെ വച്ച് വിജിലന്‍സ് അന്വേഷണം എന്ന പ്രഹസനം നടത്തി തെളിവുകള്‍ നശിപ്പിക്കാമെന്നാണ് കരുതിയത്. അതിന് കിട്ടിയ തിച്ചടിയാണ് സിബിഐ അന്വേഷണം.

എഫ്സിആര്‍എ ലംഘനം ആദ്യം താന്‍ ചൂണ്ടികാട്ടിയിരുന്നു. എന്നാല്‍ അത് മുഖവിലക്കെടുക്കാന്‍ ആരും തയ്യാറായില്ല. സമാനമായ ഇടപെടലുകളാണ് സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ടും മന്ത്രി ജലീലിന്റെ വിഷയത്തിലും നടന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ സ്വര്‍ണക്കടത്ത് കേസിലും സിബിഐ അന്വേഷണം നടത്തണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

Story Highlights Life Mission, Mullappally Ramachandran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here