മാണിക്ക് പിന്നാലെ സി.എഫും; ഇനി കോട്ടയം രാഷ്ട്രീയം അടിമുടി മാറും

..

ടോം കുര്യാക്കോസ്

24 ന്യൂസ് എറണാകുളം ബ്യൂറോ ചീഫ്

മുൻ മന്ത്രിയും എംഎൽഎയമായ സി.എഫ് തോമസിന്റെ വിയോഗം കേരളാ കോൺഗ്രസിലും കോട്ടയം ജില്ലയിലും വലിയ രാഷ്ട്രീയ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് ഉറപ്പാണ്. കെ.എം മാണിക്ക് പിന്നാലെ അദ്ദേഹത്തിന്റെ വിശ്വസ്തനായിരുന്ന സി.എഫ് തോമസിന്റെ വിയോഗം വലിയ വിടവാണ് സൃഷ്ടിക്കുന്നത്. കേരളാ കോൺഗ്രസുകളുടെ രൂപീകരണം മുതൽ കോട്ടയം ജില്ലയുടെയും മധ്യകേരളത്തിലെയും നിർണായക ശക്തിയായിരുന്ന പാർട്ടിക്ക് ഈ രാഷ്ട്രീയ അതികായന്മാർ ഇല്ലാത്ത കാലത്ത് എന്ത് പ്രസക്തി എന്ന ചോദ്യം ബാക്കിയാണ്. ഇനി രാഷ്ട്രീയ വിലപേശലിന് പോലും പഴയ കരുത്തില്ല. ക്രൈസ്തവ – നായർ മുന്നോക്ക രാഷ്ട്രീയത്തിന്റെ സാധ്യതയും അടയുന്നു. ഇനി കേരളാ കോൺഗ്രസിന്റെ ഭാവിയും കോട്ടയം രാഷ്ട്രീയത്തിന്റെ മാറ്റങ്ങളും ഏറെ ശ്രദ്ധേയമാകും.

കാരണം ഈ പാർട്ടി വളർന്നതും പിളർന്നതുമെല്ലാം കോട്ടയത്തുവച്ചാണ്. 1964ലെ കോൺഗ്രസിന്റെ പിളർപ്പും കേരളാ കോൺഗ്രസ് രൂപീകരണവും ഏറ്റവുമധികം പ്രതിഫലിച്ചത് കോട്ടയം ജില്ലയിലും കിഴക്കൻ മലയോര മേഖലകളിലുമായിരുന്നു. പാർട്ടി രൂപീകരണ ഘട്ടത്തിൽ കെ.എം ജോർജിന്റെയും ബാലകൃഷ്ണ പിള്ളയുടെയുമെല്ലാം ഏറ്റവും ശ്രദ്ധേയമായ കണ്ടെത്തലായിരുന്നു കെ.എം മാണിയും സി.എഫ് തോമസും പോലുള്ള യുവാക്കൾ. മാണി പാലായിൽ സ്ഥാനാർത്ഥിയായി ജയിച്ചുകയറി. സി.എഫ് പാർട്ടിയുടെ ചങ്ങനാശേരി മണ്ഡലം അധ്യക്ഷനുമായി. സി.എഫ് തോമസ് സെന്റ് ബെർക്കുമൻസ് സ്‌കൂളിൽ അധ്യാപകനായിരുന്ന കാലഘട്ടമാണത്. പിന്നീട് കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ സെക്രട്ടറി, സംസ്ഥാന ജനറൽ സെക്രട്ടറി പദവികളും വഹിച്ചു.

1979 ലെ കേരളാ കോൺഗ്രസിന്റെ പിളർപ്പിൽ കെ.എം മാണിക്കൊപ്പം നിന്ന സി.എഫ് അദ്ദേഹത്തിന്റെ ഏറ്റവും വിശ്വസ്തൻ എന്നാണ് അറിയപ്പെട്ടത്. 1980 ൽ മാണി ഗ്രൂപ്പ് ഇടതുപക്ഷത്തായിരുന്ന കാലത്ത് അന്ന് പാർട്ടിയുടെ ശക്തി പരീക്ഷണം കൂടിയായിരുന്നു ആ തെരഞ്ഞെടുപ്പ്. സ്ഥാനാർത്ഥിയാക്കാൻ പാർട്ടിക്ക് മറ്റൊരു നേതാവിനെ തേടേണ്ടി വന്നില്ല. 80 ൽ ആദ്യമായി എംഎൽഎയായ സിഎഫ് തോമസിനെ തുടർച്ചയായി ഒമ്പത് തവണയാണ് ചങ്ങനാശേരിക്കാർ നിയമസഭയിലേക്ക് അയച്ചത്. കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിലെ സൗമ്യമുഖം വിവാദങ്ങളിൽ കക്ഷി ചേരാത്ത ജനപ്രതിനിധി എന്നിങ്ങനെയാണ്കേരള രാഷ്ട്രീയത്തിൽസിഎഫ് തോമസിന്റെ സ്ഥാനം.

ഇടയ്‌ക്കൊരു കാലഘട്ടത്തിൽ പാർട്ടി ചെയർമാൻ സ്ഥാനം വഹിച്ചെങ്കിലും കേരളാ കോൺഗ്രസ് ലയനസമയത്ത് മാണിക്ക് വേണ്ടി പദവി ഒഴിഞ്ഞു. പദവികൾ ലഭിച്ചപ്പോഴും നഷ്ടപ്പെട്ടപ്പോഴും പരാതികളോ അവകാശവാദങ്ങളോ മുഴക്കിയില്ല. പിന്നീട് അവസാന കാലത്ത് ഡെപ്യൂട്ടി ചെയർമാൻ സ്ഥാനം വഹിച്ചു. മാണിയുടെ വിശ്വസ്തനായിരുന്നെങ്കിലും കേരളാ കോൺഗ്രസിന്റെ ഒടുവിലത്തെ പിളർപ്പിൽ പി.ജെ ജോസഫിനൊപ്പമാണ് നിന്നത്. എന്തായാലും കേരളാ കോൺഗ്രസിന്റെ തല മുതിർന്ന നേതാക്കളായ കെ.എം മാണിയും സി.എഫ് തോമസും കെ.നാരായണക്കുറുപ്പുമെല്ലാം 21-ാം നൂറ്റാണ്ടിന്റെ നഷ്ടങ്ങളാണ്. ഇത് കേരളാ കോൺഗ്രസിലും കോട്ടയം രാഷ്ട്രീയത്തിലും വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നും ഉറപ്പ്.

Story Highlights CF Thomas

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top