നീരവ് മോദിക്ക് രാജ്യം വിടാൻ അവസരമൊരുക്കിയത് കോൺഗ്രസോ ? പ്രചരിക്കുന്നത് വ്യാജം [ 24 Fact Check]

- അൻസു എൽസ സന്തോഷ്
കോടാനുകോടികൾ തട്ടിച്ച പിടിക്കിട്ടാപ്പുള്ളിയായ രത്‌നവ്യാപാരി നീരവ് മോദിക്ക് രാജ്യം വിടാൻ അവസരമൊരുക്കിയത് കോൺഗ്രസെന്ന് വ്യാജ പ്രചാരണം. നീരവ് മോദി തന്നെ ഇത് ലണ്ടനിലെ കോടതിയിൽ സമ്മതിച്ചുവെന്നാണ് പ്രചാരണം.
456 കോടി കമ്മീഷൻ കൈപ്പറ്റി കോൺഗ്രസ് നേതാക്കളാണ് തന്നെ ഭീഷണിപ്പെടുത്തി നാടുകടത്തിയെന്ന് നീരവ് മോദി ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റർ കോടതിയിൽ സമ്മതിച്ചെന്ന് വ്യാജ പ്രചാരണത്തിൽ പറയുന്നു. 2019ൽ ഇതേ കഥ പുറത്തിറങ്ങിയപ്പോൾ, ഒപ്പം രാഹുൽ ഗാന്ധിയുടെ പേരും ഉണ്ടായിരുന്നു.
കപിൽ സിബൽ നീരവിനെ സഹായിക്കാനായി ലണ്ടനിലേക്ക് പോയി എന്നും നിലവിലെ വ്യാജ പ്രചാരണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നീരവിനെ ഇന്ത്യക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാർച്ചിൽ നടന്ന വിസ്താരത്തിൽ, തന്നെ ഇന്ത്യക്ക് കൈമാറുന്നതിനെ എതിർക്കുന്നു എന്ന് മാത്രമാണ് മോദി ആകെ കോടതിക്ക് മുൻപാകെ നൽകിയിരിക്കുന്ന മൊഴി. കോൺഗ്രസ് ബന്ധവും, ഭീഷണിയും 456 കോടി കമ്മീഷനും എല്ലാം വ്യാജഫാക്ടറികളുടെ ഭാവനാസൃഷ്ടിമാത്രം.
2018ലെ പുതുവർഷ ദിനത്തിൽ അതായത് ഒന്നാം നരേന്ദ്രമോദി സർക്കാരിന് ഒരുകൊല്ലത്തിലധികം കാലാവധി ശേഷിക്കേയാണ്, പഞ്ചാബ് നാഷ്ണൽ ബാങ്കിൽനിന്ന് പതിനൊന്നായിരം കോടി രൂപ തട്ടിച്ച നീരവ് മോദി രാജ്യം വിട്ടത്.
Story Highlights – Nirav Modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here