ആർഎസ്എസ് പറയുന്നത് കേൾക്കുന്ന മുന്നണിക്ക് കൺവീനറെന്തിനെന്ന് മുഹമ്മദ് റിയാസ്; യുഡിഎഫിനെക്കുറിച്ച് വ്യാകുലപ്പെടേണ്ടെന്ന് ശബരീനാഥൻ

യുഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് ബെന്നി ബഹനാൻ രാജിവച്ചതിനെ പരിഹസിച്ച് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അധ്യക്ഷൻ പി എ മുഹമ്മദ് റിയാസ്. ആർഎസ്എസ് കാര്യാലയത്തിൽ നിന്ന് പറയുന്നത് മാത്രം കേൾക്കുന്ന മുന്നണിക്ക് പ്രത്യേകം കൺവീനറിന്റെ ആവശ്യമുണ്ടോ എന്ന് മുഹമ്മദ് റിയാസ് ചോദിച്ചു. മുഹമ്മദ് റിയാസിന് അതേ നാണയത്തിൽ മറുപടി നൽകി കെ.എസ് ശബരീനാഥൻ എംഎൽഎയും രംഗത്തെത്തി. യുഡിഎഫിനെക്കുറിച്ച് വ്യാകുലപ്പെടേണ്ട ആവശ്യമില്ലെന്നും തങ്ങളുടെ കാര്യങ്ങൾ വൃത്തിയായി നോക്കുവാൻ അറിയാമെന്നും ശബരിനാഥൻ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു ഇരുവരുടേയും പ്രതികരണം.

‘എൽഡി എഫ് സർക്കാർ അട്ടിമറി മുന്നണി’ കൺവീനർ ആകാൻ എന്തുകൊണ്ടും യോഗ്യൻ ആർഎസ്എസ് തലവനല്ലേ എന്നും മുഹമ്മദ് റിയാസ് ചോദിച്ചു. കേരളത്തിലെ മന്ത്രിമാരെ രാജിവയ്പ്പിച്ചിട്ടേ വിശ്രമിക്കൂ എന്ന് പറഞ്ഞ വ്യക്തി അവസാനം കോൺഗ്രസ് പാർട്ടികത്തെ ആഭ്യന്തരപ്രശ്‌നങ്ങൾ കാരണം യുഡിഎഫ് കൺവീനർ സ്ഥാനം സ്വയം രാജിവച്ചുവെന്നും അദ്ദേഹം കുറിച്ചു.

റിയാസ് ഫേസ്ബുക്ക് പോസ്റ്റിട്ട് മണിക്കൂറുകൾക്കുള്ളിൽ മറുപടിയുമായി ശബരീനാഥനും എത്തി.
നിങ്ങളുടെ മന്ത്രിസഭയിലെ അഞ്ച് പ്രമുഖരുടെ ഓഫീസും പരിവാരങ്ങളും/കുടുംബവും കസ്റ്റംസ്, എൻഐഎ, എൻഫോഴ്‌സ്മെന്റ്, സിബിഐ, സ്റ്റേറ്റ് പൊലീസ്, വിജിലൻസ് എന്നിവരുടെ അന്വേഷണ വലയത്തിലാണെന്നത് അറിയാമല്ലോയെന്ന് ശബരീനാഥൻ ചോദിച്ചു. പാർട്ടി സെക്രട്ടറിയുടെ മകന്റെ സ്വത്തുക്കളെക്കുറിച്ചുള്ള അന്വേഷണം വേറൊരു വഴിക്ക് പോകുന്നു. ഈ വിഷയങ്ങൾ പ്രതിരോധിക്കാനുള്ള പുതിയ ഇനം ക്യാപ്‌സൂളുകൾ കണ്ടുപിടിക്കാനുള്ള ശ്രമങ്ങളിൽ റിയാസ് ശ്രദ്ധ ചെലുത്തണം. എന്നിട്ട് വൈകുന്നേരത്തെ ചാനൽ ചർച്ചകളിൽ അതിന്റെ പരീക്ഷണങ്ങൾ നടത്തുക. ആരോപണങ്ങളുടെ ഈ മഹാമാരി കാലത്ത് പാർട്ടിക്ക് അത് വളരെ ആവശ്യമാണെന്നും ശബരീനാഥൻ മറുപടി നൽകി.

Story Highlights P A Muhammad Riyas, K S sabarinathan, Facebook post, UDF, RSS, udf convener

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top